25.9 C
Kollam
Wednesday 26th August, 2026 | 10:20:54 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഓഗസ്റ്റ് 26, ബുധന്‍ | 1202 ചിങ്ങം 10,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഓഗസ്റ്റ് 26, ബുധന്‍ | 1202 ചിങ്ങം 10, തിരുവോണം


ഇന്ന് തിരുവോണം. കൊല്ലം പ്രാദേശിക വാര്‍ത്തകളുടെയും ‘ന്യൂസ് @ നെറ്റിന്റെയും’ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍! .

മിസൈല്‍ സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറും

ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ വ്യവസായികള്‍ക്ക് മിസൈല്‍ നിര്‍മിച്ച് പ്രതിരോധ മന്ത്രാലയത്തിനു കൈമാറാം. എല്ലാ പരമ്പരാഗത മിസൈലുകളും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കാന്‍ സാങ്കേതിക വിദ്യ കൈമാറാന്‍ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യന്‍ മിസൈലുകള്‍ പല ലോകരാജ്യങ്ങളും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് ഈ നീക്കം.

മോസ്‌കോയില്‍ യുഎസ് വിമാനം ഇറങ്ങി

യുഎസ് സൈന്യത്തിന്റെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഇറങ്ങി. യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് മോസ്‌കോയിലെ വനുക്കോവോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 നല്‍കുന്ന വിവരം. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. യുഎസ് വിമാനത്തിന്റെ ലാന്‍ഡിങ്ങിനെക്കുറിച്ച് അറിയില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണമെന്നും ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും ഓണാശംസകള്‍ നേര്‍ന്നു.

ഓണം മഴയില്‍ മുങ്ങുമോ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്. ഉത്രാടമായിരുന്ന ഇന്നലെ മഴമൂലം ഓണവിപണി സജീവമായില്ല. ജില്ലാ ആസ്ഥാനങ്ങളിലെ ഓണാഘോഷ കലാവിരുന്നിനു മഴ വില്ലനായി. ഇതേസമയം, ഓണവിളംബരവുമായി തൃശൂരില്‍ കുമ്മാട്ടികളിറങ്ങി. ശനിയാഴ്ചയാണു പുലിക്കളി.

ജയില്‍ ചാടിയ പ്രതി പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തി

ആലുവ സബ് ജയിലില്‍നിന്ന് ചാടിപ്പോയ ആസാം സ്വദേശിയായ റിമാന്‍ഡ് പ്രതി ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വീണ്ടും മുങ്ങി. മോഷണക്കേസില്‍ പിടിയില്‍ായ മധുര്‍ജ്യ സോനോവാളാണ് ജയില്‍ ചാടിയ ശേഷം പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജയില്‍ ചാടിയ ആളാണെന്ന് പോലീസുകാര്‍ക്കു മനസിലായില്ല. കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ പ്രതി വീണ്ടും മുങ്ങുകയായിരുന്നു.

കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചില്‍

മണ്ണുപാളി വഴുതിമാറുന്നതാണ് കണ്ണൂര്‍ എളയാവൂരിലെ ദേശീയപാത നിര്‍മാണ മേഖലയിലെ മണ്ണിടിച്ചിലിനു കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. മൂന്ന് വര്‍ഷം മുന്‍പ് വന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്നലെ രാവിലെ സംരക്ഷണ ഭിത്തി തകര്‍ന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്.

പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ ഏഴ് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം: സുപ്രീം കോടതി നോട്ടീസ്

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി.ടി.എ.കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.

റെക്കോര്‍ഡ് ഓണം വില്‍പ്പനയുമായി സപ്ലൈക്കോ

റെക്കോര്‍ഡ് ഓണം വില്‍പ്പനയുമായി സപ്ലൈക്കോ. ഇന്നലെ വൈകിട്ട് നാലുവരെ 422.17 കോടി രൂപയുടെ ഓണക്കാല വില്‍പ്പന നടന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞ വര്‍ഷം ഓണത്തിന് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടിയായിരുന്നു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യം അവഗണിച്ച് നിലവിലുള്ള ഡിവിഷന്‍ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മര്‍ ഫൈസിയെ സമസ്ത മുശാവറയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യം

ഉമ്മര്‍ ഫൈസിയെ സമസ്ത മുശാവറയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നിനേതാക്കള്‍ രംഗത്ത്. വഖഫ് ബോര്‍ഡ് പുന സംഘടന വിഷയത്തില്‍ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുകയാണെന്നാണ് ആരോപണം.

വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി – ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. സ്പൈസ് ജെറ്റിന്റെ കൊച്ചി – ഫുജൈറ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും റദ്ദാക്കല്‍ ഉണ്ടായത്.

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി

ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് മോഷണം പോയി. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ‘സെനോ’ ബസാണ് മോഷ്ടിച്ചത്. കടത്തിക്കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നതോടെ മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

അങ്കമാലിയില്‍ വന്‍ അഗ്നിബാധ

അങ്കമാലിയില്‍ വന്‍ അഗ്നിബാധ. ബാബുസ്റ്റോഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തട്ടാരമ്പലം-മാന്നാര്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ബിഹാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും സംഘര്‍ഷവും

പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകളിലും നിയമനങ്ങളിലും ക്രമക്കേട് ആരോപിച്ച് വിദ്യാര്‍ഥികളും ബി.പി.എസ്.സി പരീക്ഷാര്‍ഥികളും ബിഹാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പോലീസുമായ സമരക്കാര്‍ ഏറ്റുമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി.

കോക്രോച്ച് ജനത പാര്‍ട്ടിക്കു പുതിയ നേതൃത്വം

കോക്രോച്ച് ജനത പാര്‍ട്ടിക്കു പുതിയ ദേശീയ നേതൃത്വവും സോണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും പ്രഖ്യാപിച്ചു. ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ സഹ-കണ്‍വീനര്‍മാരായും ആഫ്രീന്‍ നവാസ് ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിക്കും. രേഖാ ശര്‍മ്മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരാണു ജോയിന്റ് സെക്രട്ടറിമാര്‍. സുധീര്‍ സംഗ്വാന്‍, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പുതിയ ദേശീയ വക്താക്കള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ അയോഗ്യത: സുപ്രീം കോടതി നോട്ടീസ്

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതരായ 20 ലോക്സഭാ എംപിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജിയില്‍ എംപിമാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മുന്നിലുള്ള അയോഗ്യതാ ഹര്‍ജികള്‍ വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനര്‍ജി കോടതിയെ സമീപിച്ചത്.

ജാതി സെന്‍സസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ജാതി സെന്‍സസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. അവ്യക്തമായ ചോദ്യം പിന്നാക്ക വിഭാഗങ്ങള്‍ക്കു ഗുണമാകില്ല. നിലവിലെ ചോദ്യാവലിയില്‍ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി.

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ്: അലഹബാദ് ഹൈക്കോടതി വിധി

സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിജാബ് ധരിക്കല്‍ ഇസ്ലാമിക മതാചാരത്തില്‍ അനിവാര്യമാണെന്നു സ്ഥാപിക്കാനായില്ലെന്നു കോടതി.

തരുണ്‍ തേജ് പാലിനോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ബലാത്സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ് പാലിനോട് രണ്ടാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. തരുണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.

സൂറത്തിലെ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേരിട്ടതില്‍ വിവാദം

ഗുജറാത്തിലെ സൂറത്തില്‍ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതില്‍ വിവാദം. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നല്‍കിയതിലാണ് വ്യാപാരികളുടെ എതിര്‍പ്പ്.

ബംഗളൂരുവിലെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഫീസ്: മന്ത്രിയുടെ എതിര്‍പ്പ്

ബംഗളൂരു നഗരത്തില്‍ വീടുകള്‍ക്കു പുറത്ത് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 25,000 രൂപ വാര്‍ഷിക ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി മന്ത്രി. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയത്തിനെതിരേ രംഗത്തെത്തിയത്. അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു കത്തു നല്‍കി.

നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്ന് സുപ്രീം കോടതി

ജാര്‍ഖണ്ഡിലെ ഇരട്ടക്കൊലപാതക കേസില്‍ 45 വര്‍ഷത്തോളം നീണ്ട നിയമനടപടികളെ ‘നീതിന്യായ വ്യവസ്ഥയുടെ പരാജയം’ എന്നു വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശേഷം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സൈമണ്‍ സോറന്റെ (70) ശിക്ഷ സസ്പെന്‍ഡ് ചെയ്ത കോടതി, ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

നിതിന്‍ ഗഡ്കരിയുടെ രാഷ്ട്രീയ വിരമിക്കല്‍ അഭ്യൂഹം തള്ളി

രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ് തള്ളി. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. യുവതലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

കാന്‍പുരില്‍ റോഡരികില്‍ ചോക്ലേറ്റുകള്‍ തള്ളി

റോഡരികില്‍ ഒരു കുന്ന് ചോക്ലെറ്റുകള്‍. വാരിക്കൊണ്ടുപോകാന്‍ ഓടിക്കൂടി നാട്ടുകാരും വഴിപോക്കരും. കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളാണ് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ റോഡരികിലെ മാലിന്യകൂമ്പാരത്തില്‍ തള്ളിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

ആന്ധ്രപ്രദേശ് കുടുംബജീവനൊടുക്കല്‍ കേസില്‍ അറസ്റ്റ്

ആന്ധ്രപ്രദേശിലെ ഗവ. എന്‍ജിനീയറും കുടുംബവും പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. കേസില്‍ പ്രതിയായ ഷെയ്ഖ് സാദിഖ് ഖാനെയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

മായാവതിയുടെ പ്രഖ്യാപനം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടര്‍ച്ചയായ തോല്‍വികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ ബീജിംഗില്‍ നടന്ന 25-ാം വട്ട പ്രത്യേക പ്രതിനിധി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ഇന്ത്യ – ചൈന ചര്‍ച്ചകള്‍ തുടരുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു.

പാകിസ്ഥാനിലും ജെന്‍സീ പ്രക്ഷോഭം

പാകിസ്ഥാനിലും ജെന്‍സീ പ്രക്ഷോഭം. ഇസ്ലാമാബാദിലെ സര്‍ഹാദ് സര്‍വകലാശാലയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ എത്തിയ അധ്യാപികയുടെ ഭര്‍ത്താവായ സൈനിക ഉദ്യോഗസ്ഥനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കി. പോലീസ് ആകാശത്തേക്കു വെടിവെച്ചാണ് ഇയാളെ മോചിപ്പിച്ചത്.

ക്രിക്കറ്റ് വാര്‍ത്തകള്‍ (കെസിഎല്‍ & ടെസ്റ്റ്)

ആലപ്പി റിപ്പിള്‍സിനെതിരെ ഉജ്ജ്വല വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്‌സ്. മുഹമ്മദ് അസറുദ്ദീന്റെ മിന്നല്‍ സെഞ്ചുറിയുടെ മികവില്‍ ആലപ്പി ഉയര്‍ത്തിയ 187 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്ലം മറികടന്നു. 93 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സല്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 186/3 , ഏരീസ് കൊല്ലം സെയിലേഴ്‌സ് – 17.4 ഓവറില്‍ 187/4

തൃശൂരിനു വീണ്ടുമൊരു വിജയം. ട്രിവാന്‍ഡ്രം റോയല്‍സ് ഉയര്‍ത്തിയ 182 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് മറികടന്നു. അവസാന ഓവറുകളില്‍ വെറും 15 പന്തുകളില്‍ നിന്ന് 41 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് വിജയമൊരുക്കിയത്. ഇനാന്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ലോക ക്രിക്കറ്റിലെ സിക്‌സര്‍ രാജാവായ ക്രിസ് ഗെയ്ല്‍ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബാറ്റ് വീശും. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കെസിഎല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരത്തിന് മുന്നോടിയായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും അദ്ദേഹം ക്രീസിലെത്തുക.

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 265 എന്ന നിലയിലാണ്. ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 38 റണ്‍സ് കൂടി വേണം.

ബിയര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന

കത്തുന്ന വേനല്‍ച്ചൂടും മറുനാടന്‍ തൊഴിലാളികളുടെ ഉപഭോഗ വര്‍ധനവും ഇത്തവണ ബിയര്‍ വില്‍പ്പന കൂട്ടി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് വില്‍പ്പനയില്‍ മുന്നിലെത്തിയത് ബിയറാണ്. വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 9.66 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ ബിയറിന്റേത് 29.2 ശതമാനമാണ്. ഒരുകാലത്ത് കേരളത്തിലെ ബിയര്‍ വിപണിയെന്നാല്‍ ‘കിങ്ഫിഷര്‍’ ആയിരുന്നു. 85 ശതമാനം വിപണിവിഹിതവുമായി കിങ്ഫിഷര്‍ അടക്കിവാണിരുന്ന കാലത്ത് മറ്റ് ഏഴ് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബ്രാന്‍ഡുകളുടെ എണ്ണം പത്തില്‍നിന്ന് മുപ്പതായി ഉയര്‍ന്നു. ഇത്തവണത്തെ ഓണം സീസണില്‍ 512 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ബെവ്‌കോ നേടിയത്.

ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ വികസിപ്പിച്ച് ചൈന

ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ ചൈനീസ് സൈന്യം വികസിപ്പിച്ചെടുത്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇറാനുമായി ആറ് മാസമായി തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് നിര്‍ണായകമായ വ്യോമ പ്രതിരോധ മിസൈലുകളുടെയും ദീര്‍ഘദൂര സ്ട്രൈക്ക് ആയുധങ്ങളുടെയും വിതരണത്തില്‍ യുഎസ് ബുദ്ധിമുട്ടുന്ന സമയത്താണ് ചൈന തങ്ങളുടെ ആയുധ ശേഖരത്തിലേക്ക് കരുത്തുറ്റ ആയുധങ്ങള്‍ ചേര്‍ക്കുന്നത്.

സിനിമാ വാര്‍ത്തകള്‍

ഇന്ത്യന്‍ സിനിമയില്‍ വലിയ മുതല്‍മുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നമിത മല്‍ഹോത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷ് ആണ് വേഷമിടുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തുവിട്ടു. ദീപാവലി റിലീസായി ചിത്രം തിയറ്ററിലെത്തും.

മേഘ്ന ഗുല്‍സാറിന്റെ ക്രൈം ത്രില്ലര്‍ ദായ്റയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 2026 സെപ്റ്റംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും.

ടിവിഎസ് ഐക്യൂബ് പുതിയ വേരിയന്റ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂബ് മില്യണ്‍ആര്‍ സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പേരില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന് 1.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പത്ത് ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.

പുതിയ പുസ്തകം: പ്രേതമുദ്ര

ക്രൈം ഫിക്ഷനെപ്പോലും തോല്‍പ്പിക്കുന്ന യഥാര്‍ഥ സംഭവങ്ങളുടെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങള്‍ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലില്‍ എരിഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍, ഭീതി പടര്‍ത്തിയ അതിക്രൂരമായ കൊലപാതകങ്ങള്‍ എന്നിവ തുറന്നുകാട്ടുന്ന എം കെ മത്തായിയുടെ ‘പ്രേതമുദ്ര’ എന്ന പുസ്തകം മനോരമ ബുക്സ് പുറത്തിറക്കി. വില 275 രൂപ.

ഓട്സിന്റെ ആരോഗ്യഗുണങ്ങള്‍

ഓട്സില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ദീര്‍ഘനേരം ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍, ദഹനാരോഗ്യം മെച്ചപ്പെടുത്തുന്ന ഫൈബര്‍, കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും വയര്‍ വീര്‍ക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here