Advertisement
പാലക്കാട്: തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ നാടൻ തോക്കിൽനിന്ന് വെടിയേറ്റു. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥി വീട്ടിൽനിന്ന് കൊണ്ടുവന്ന തോക്കിൽനിന്നാണ് സഹപാഠിക്ക് വെടിയേറ്റത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് കൊണ്ടുവന്ന നാടൻ തോക്ക് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
മൂന്നു തവണ വെടിയുതിർത്തതായാണ് വിവരം. ആദ്യ വെടി തറയിലും രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയിലാണ് കൈയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥിയുടെ കൈയിൽനിന്ന് വെടിയുണ്ട പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.



























