26.2 C
Kollam
Sunday 23rd August, 2026 | 08:50:13 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | ഓഗസ്റ്റ് 23 | ഞായര്‍ | 1202 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | ഓഗസ്റ്റ് 23 | ഞായര്‍ | 1202 | ചിങ്ങം 7 | മൂലം

ഇടതു മുന്നണിയില്‍ കലഹം

ഇടതു മുന്നണിയില്‍ കലഹം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്‍കില്ലെന്നു പിണറായി വിജയന്‍. സ്പീക്കര്‍ക്കു നല്‍കുന്ന കത്തില്‍ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്

ആര്‍ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എ ഐ സി സി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത് അതുകൊണ്ടാണ്. കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടോയെന്ന് സംശയിക്കണം. ആര്‍എസ്എസ് നിയോഗിച്ച ഗവര്‍ണറാണ് എല്ലാം നിയന്ത്രിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. വന്‍ പരേഡോടെയാണു സമ്മേളനം സമാപിച്ചത്.

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി

ഒഡീഷ തീരത്ത് 24 ജീവനക്കാരുള്ള ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയില്‍നിന്ന് ഇരുമ്പയിരുമായി ചൈനയിലേക്ക് തിരിച്ച പനാമ പതാക വഹിച്ച എംവി ഓഷ്യന്‍ വിന്നര്‍ എന്ന കപ്പലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റുകള്‍ 4,30,254 റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയെന്ന് മന്ത്രി അനൂപ് ജേക്കബ്. 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി റേഷന്‍ കടകളില്‍ എത്തിച്ചത്. 1,59,582 കിറ്റുകള്‍ റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ട്. കിറ്റുകള്‍ ഓഗസ്റ്റ് 31 വരെ റേഷന്‍ കടകളില്‍ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 സൗജന്യ കിറ്റുകള്‍ നല്‍കി.

കര്‍ഷകച്ചന്തകള്‍ ആരംഭിച്ചു

വിലക്കയറ്റവും ക്ഷാമവും സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ സംസ്ഥാനത്ത് രണ്ടായിരം കര്‍ഷകച്ചന്തകള്‍ ആരംഭിച്ചെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. മൊത്തവ്യാപാര വിലയേക്കാള്‍ പത്തു ശതമാനം കൂടുതല്‍ തുക നല്‍കി കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് മുപ്പത് ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കു വില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വി.കെ. നിഷാദിനെ ഡിവൈഎഫ്ഐ കമ്മിറ്റിയില്‍ ഉള്‍പെടുത്തിയതില്‍ വിശദീകരണം

പയ്യന്നൂരില്‍ പോലീസുകാരനെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതിനു 20 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വി.കെ. നിഷാദ് ജനാധിപത്യപരമായ സമരം നയിച്ച ആളായതിനാലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തിയതെന്നു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോം. യുവത്വത്തിന്റെ അഭിലാഷങ്ങള്‍ക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകും. യുവജനവിരുദ്ധ നയങ്ങളുണ്ടായാല്‍ കേരള സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പോരാട്ടം നയിക്കുമെന്ന് ചിന്ത ജെറോമും സംസ്ഥാന സെക്രട്ടറി എം. വിജിന്‍ എംഎല്‍എയും പറഞ്ഞു.

ആദിവാസി പട്ടികവര്‍ഗ വിഭാഗത്തിന് ഓണക്കാല സഹായം

ഓണക്കാലത്ത് ആദിവാസി പട്ടികവര്‍ഗ വിഭാഗത്തിലെ 60 വയസ് തികഞ്ഞവര്‍ക്ക് ആയിരം രൂപ ഇത്തവണയും നല്‍കും. പണത്തിനു പകരം ഓണക്കോടി നല്‍കുമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി.

കള്ളക്കടല്‍ ഭീഷണി

തിങ്കളാഴ്ച അര്‍ധരാത്രിവരേയും കള്ളക്കടല്‍ ഭീഷണി. തീരങ്ങളില്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരും. കടലാക്രമണത്തിനും സാധ്യത.

നെഹ്റു ട്രോഫി വള്ളംകളി

നെഹ്റു ട്രോഫി വള്ളംകളിയില്‍ ജലരാജാവായി അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പില്‍ മുത്തമിട്ടത്. രണ്ടാമനായത് നടുഭാഗമാണ്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.

മാസപ്പടിക്കേസിലെ റെയ്ഡ്: വിവാദം

പിണറായി വിജയന്റെ മകള്‍ വീണയുടെ മാസപ്പടിക്കേസില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റിനെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി റീല്‍സ് ചിത്രീകരിച്ചതു വിവാടമായി. എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഐ പി ബിനുവിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം തുടങ്ങി.

വെള്ളാപ്പള്ളിയെ തള്ളി സിപിഎം

വെള്ളാപ്പള്ളിയെ തള്ളി സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സ്പീക്കറുമായ എ.എന്‍. ഷംസീറിനു ലീഗിന്റെ ശബ്ദമാണെന്നു വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയതയ്ക്കു വളംവയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സക്രട്ടേറിയറ്റ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും സിപിഎം.

ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ

ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ ആറ് ദിവസങ്ങളില്‍ നടത്തുമെന്ന് ഹയര്‍ സെക്കന്ററി പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

മുളക്‌സ്പ്രേ വാങ്ങാന്‍ പൊലീസ്

അക്രമികളെ വരുതിയിലാക്കാനും വനിതാ പൊലീസിന്റെ സ്വയരക്ഷയ്ക്കുമായി മുളക്‌സ്പ്രേ വാങ്ങാന്‍ പൊലീസ്. 750 ചില്ലി സ്പ്രേ വാങ്ങാനുള്ള ഡി.ജി.പിയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.

കയര്‍ മേഖലയ്ക്ക് ധനസഹായം

കയര്‍ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 53.48 കോടി രൂപ അനുവദിച്ചതായി കയര്‍ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9,407 ആയി ഉയര്‍ന്നു. ആകെ 10,154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് റേറ്റിങ് സംവിധാനം

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും റേറ്റിങ് നല്‍കാനും സംവിധാനമൊരുക്കുമെന്ന് മന്ത്രി കെ.എം. ഷാജി.

കെഎസ്ആര്‍ടിസി ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത

ഓണക്കാലം പ്രമാണിച്ച് കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്കും ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് നിര്‍ദ്ദേശം.

പോലീസ് ബാൻഡ് യൂണിറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

പിഎസ് സി മുഖേന കേരള പോലീസ് ബാന്‍ഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂര്‍ക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടില്‍ നടന്നു. കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂര്‍ത്തമാണെന്ന് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

റെയില്‍വേ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് മംഗളൂരു ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തില്‍ കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രിയോട് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതികള്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ടി സിദ്ദീഖ്. ഉപജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അധിക ധനസഹായം വിതരണം ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കായി ഡിസംബറോടെ ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണാഘോഷത്തിന്റെ ഭാഗമായി ഡാം തുറന്നതിനൊപ്പം, ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സഹായത്തോടെയുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുത്തങ്ങ കേസ്: പ്രതികള്‍ ജയില്‍ മോചിതരായി

മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടര്‍ന്ന് എം ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാലു പേര്‍ ജയില്‍ മോചിതരായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി.

അഭിഭാഷകന് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

കോടതി നടപടികള്‍ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രചരിപ്പിച്ച അഭിഭാഷകന് ഹൈക്കോടതിയുടെ നോട്ടീസ്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്കാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസയച്ചത്.

പരസ്യം പ്രദർശിപ്പിച്ച വാഹനം പിടികൂടി

മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നിരത്തിലിറങ്ങിയ ഓണപ്പരസ്യ യാത്രാ വാഹനത്തെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴയടപ്പിച്ചു. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു ഫീസ് അടച്ച് അനുമതി നേടാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദര്‍ശിപ്പിച്ച് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി.

യുവതിയെ കൊലപ്പെടുത്തിയ കേസ്

തിരൂരില്‍ യുവതിയെ കൊന്ന് നങ്കൂരത്തില്‍ കെട്ടി കടലില്‍ താഴ്ത്തിയ ഭര്‍ത്താവ് പടിഞ്ഞാറേക്കര സ്വദേശി ഹുസൈന്‍ രാത്രി മീന്‍ വാരാനെന്നു വിശ്വസിപ്പിച്ചാണ് ഭാര്യ ഫൗസിയയെ കൂട്ടിക്കൊണ്ടുപോയതെന്നു മൊഴി നല്‍കി. കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി നങ്കൂരത്തില്‍ താഴ്ത്തുകയായിരുന്നു.

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം.

ഹോട്ടല്‍ മാനേജരെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിക്കാത്തതിനു മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്ത് അനീഷ് എന്നയാളുടെ ‘അല്‍മിയ’ റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്. ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ആണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയുമാണ് ബിയറും കൊണ്ടുവന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

വന്ദേമാതരം പ്രചാരണ പരിപാടികള്‍

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും ദേശീയഗീതത്തെ രണ്ടു ചരണമാക്കി വെട്ടിക്കുറയ്ക്കുമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെതിരേയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. യുവജനങ്ങളെ ചേര്‍ത്തു നിര്‍ത്താനുള്ള കര്‍മപദ്ധതികളും നടപ്പാക്കും. ഇതിനായി പ്രത്യേക സമിതിക്കു രൂപം നല്‍കി.

സ്ത്രീകളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമർശം

മകള്‍, ഭാര്യ, അമ്മ തുടങ്ങിയ പദവികളിലേക്ക് സ്ത്രീകള്‍ ഒതുങ്ങരുതെന്നും എല്ലാ സ്ത്രീകള്‍ക്കും സ്വന്തമായ വ്യക്തിത്വമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ പുണെയില്‍ ‘ഛാത്രോം കീ ഗുഞ്ജ്’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ മനുസ്മൃതിയെ വിമര്‍ശിച്ച അദ്ദേഹം എഴുപതുകോടി സ്ത്രീകള്‍ ഇന്ത്യയുടെ സമ്പത്താണെന്നും പറഞ്ഞു.

ഹാഫിസ് സയീദിന് സമന്‍സ്

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന് എന്‍ഐഎ കോടതി സമന്‍സ് അയച്ചു. ആക്രമണത്തില്‍ 25 വിനോദ സഞ്ചാരികളാണു കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ നാവികസേനയ്ക്ക് ‘മംഗ്രോള്‍’ കൈമാറി

ഇന്ത്യ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന എട്ട് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ മൂന്നാമത്തേതായ ‘മംഗ്രോള്‍’ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. കൊച്ചിയിലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പല്‍ നാവികസേനയ്ക്കു കൈമാറിയത്.

തമിഴ്‌നാട് രാഷ്ട്രീയ വിവാദം

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്നും ‘പഞ്ച് ഡയലോഗുകള്‍’ പറയുകയാണ് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും സ്റ്റാലിന്‍.

ഡല്‍ഹിയില്‍ എച്ച് 1 എന്‍ 1 ജാഗ്രതാ നിര്‍ദേശം

ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എന്‍ 1 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 1777 എച്ച് 1 എന്‍ 1 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിജെപി എംഎല്‍എയുടെ പരാമര്‍ശം

തന്നെ വശീകരിച്ച് കെണിയിലാക്കാന്‍ എതിരാളികള്‍ യുവതികളെ അയക്കുന്നുവെന്ന് മധ്യപ്രദേശ് ബിജെപി എംഎല്‍എ പ്രീതം ലോധി. ഹണിട്രാപ്പില്‍ പെടുത്താനും പീഡനക്കേസില്‍ കുടുക്കാനും രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീട്ടിവച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനം നിശ്ചയിച്ചെങ്കിലും നീട്ടിവച്ചെന്നാണ് സൂചന. സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി.

ഏഷ്യയിലെ യുഎസ് സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നു

പശ്ചിമേഷ്യയിലെ സൈനിക ആവശ്യങ്ങള്‍ക്കായി വാഷിംഗ്ടണ്‍, ഏഷ്യാ-പസഫിക് മേഖലയിലെ പ്രധാന സൈനിക സന്നാഹങ്ങള്‍ പിന്‍വലിക്കുന്നു. ഇതുമൂലം ഏഷ്യയിലെ യുഎസ് സഖ്യകക്ഷികളില്‍ കടുത്ത ആശങ്ക. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഏഷ്യന്‍ മേഖലയില്‍ യുഎസ് സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത്.

കാനഡയുടെ താരിഫ് മുന്നറിയിപ്പ്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ താരിഫുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ഇന്ത്യ 53.33 വിജയശതമാനവുമായാണ് അഞ്ചാം സ്ഥാനം നേടിയത്. ഒമ്പതില്‍ ഏഴ് ടെസ്റ്റുകളും വിജയിച്ച ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റ പാകിസ്ഥാന്‍, 19.05 വിജയശതമാനത്തോടെ ഏറ്റവും അവസാന സ്ഥാനത്താണ്. 29.76 വിജയശതമാനമുള്ള ഇംഗ്ലണ്ട് ഏഴാം സ്ഥാനത്താണ്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ് – ട്രീസ ജോളി സഖ്യത്തിന് വെങ്കലം. ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു – ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു.

ഹോക്കി ലോകകപ്പ്

ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടില്‍ പൂള്‍ ഇയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങി.

കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയിലേഴ്‌സിന് വിജയം

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 11 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ദ്ധ സെഞ്ചുറിയുമായി സെയിലേഴ്‌സിന് വിജയമൊരുക്കിയ അരുണ്‍ പൗലോസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കേരള ക്രിക്കറ്റ് ലീഗ്: ആലപ്പി റിപ്പിള്‍സിന് വിജയം

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിള്‍സ്. തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് റണ്‍സിനാണ് റിപ്പിള്‍സ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. എന്നാല്‍ മഴയെ തുടര്‍ന്ന് തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറില്‍ 148 റണ്‍സായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാനായത്. ആലപ്പുഴയുടെ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയുടെ കരാര്‍ സ്വന്തമാക്കി ജ്വല്ലറി ഗ്രൂപ്പുകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍ കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും. ആദ്യ ഘട്ടമായി 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സ്വര്‍ണ മോതിരം നല്‍കുന്നത്. 755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ജോയ് ആലുക്കാസ് ആണ് ആദ്യം ഒന്നാം സ്ഥാനത്തെത്തിയത്. മോതിരത്തിന്റെ സ്വര്‍ണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സര്‍വീസ് ചാര്‍ജ് ക്വാട്ട് ചെയ്താണ് ജോയ് ആലുക്കാസ് കരാര്‍ സ്വന്തമാക്കിയത്. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു 10 കമ്പനികളില്‍ ജോയ് ആലുക്കാസ് രേഖപ്പെടുത്തിയ നിരക്ക് അംഗീകരിച്ച് അതേ നിരക്കില്‍ ഓര്‍ഡര്‍ ഏറ്റെടുക്കാന്‍ തയ്യാറായത് കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡര്‍ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനുമായി വിഭജിച്ചത്.

സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ‘സൈബര്‍ വാള്‍’

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സൈബര്‍ വാള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ലിങ്കോ നമ്പറോ കണ്ടാല്‍ ഇതൊരു സൈബര്‍ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ കേരള പൊലീസ് സഹായിക്കും. സൈബര്‍ വാളിന്റെ ചാറ്റ് ബോട്ട് നമ്പറായ 9497964163ലേക്ക് വിവരങ്ങള്‍ കൈമാറി വിശ്വാസ്യത ഉറപ്പുവരുത്താം.

‘ലോ ആന്റ് ഓര്‍ഡര്‍’ സിനിമയിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

‘തുടരും’ ഫെയിം പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. ഷിബു ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ജോ ഡാനിയല്‍ സംഗീതം പകര്‍ന്ന് റ്റോജന്‍ റ്റോബി ആലപിച്ച ‘ഞാനില്ല ഞാനില്ല നിന്‍’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍, നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി കെ പ്രകാശ്, ദേവന്‍, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥന്‍, ജോയ് മാത്യു, ഭീമന്‍ രഘു, നന്ദു, മുരുകന്‍, സന്ധ്യ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബിക നായര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ‘കാക്ക’ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ‘കാക്ക’യുടെ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായികയായെത്തുന്നത്, കൂടാതെ നിവേദ പേതുരാജ്, സുനില്‍, ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. തമന്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. 2027 ജനുവരി 13ന് സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗ്ലിംപ്സ് തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കിയയുടെ ആദ്യ ഹൈബ്രിഡ് എസ്യുവി ‘സൊറന്റോ’ വിപണിയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ കിയ അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ത്രീ-റോ എസ്യുവി ആയ സൊറന്റോയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ആദ്യ യൂണിറ്റ് അനന്തപുരിലെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. 2026 സെപ്റ്റംബര്‍ 4-ന് വിപണിയിലെത്തുന്ന ഈ വാഹനം, കിയയുടെ ആദ്യ ഹൈബ്രിഡ് എസ്യുവി ആയിരിക്കും, ഡീസല്‍ എഞ്ചിന്‍ വകഭേദത്തിലും ലഭ്യമാകും, കൂടാതെ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഉള്‍ക്കൊള്ളുന്നു. സാങ്കേതികവിദ്യയില്‍ ഒരു മുന്നേറ്റം നടത്തി, ലോകത്ത് ആദ്യമായി ലൈവ് ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിലുള്ള കിയ എഐ അസിസ്റ്റന്റും ഈ വാഹനത്തിലൂടെ കിയ അവതരിപ്പിക്കുന്നു. നിലവില്‍ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വലിയൊരു വിപ്ലവത്തിനാണ് സൊറന്റോയിലൂടെ കിയ തുടക്കമിടുന്നത്.

ലോകസാഹിത്യത്തിലെ ഇതിഹാസങ്ങളുടെ കഥാസമാഹാരം

ലോകസാഹിത്യത്തിലെ ഇതിഹാസങ്ങള്‍ കുരുന്നുകള്‍ക്കായി ഒരുക്കിയ മാന്ത്രികലോകം! ഓസ്‌കാര്‍ വൈല്‍ഡ്, ചാള്‍സ് ഡിക്കന്‍സ്, ഗ്രിം ബ്രദേഴ്സ്, ലൂയിസ മേ ആല്‍കോട്ട്, ബിയാട്രിക്സ് പോട്ടര്‍, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ഈസോപ്പ്, ലിയോ ടോള്‍സ്റ്റോയ്, മാക്സിം ഗോര്‍ക്കി, ആന്റണ്‍ ചെഖോവ്… ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച അനശ്വര കഥകളുടെ അപൂര്‍വ്വ സമാഹാരം. കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദവും നന്മയും വിവേകവും നിറയ്ക്കുന്ന ഈ കഥാലോകം നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കും. തലമുറകളെ ത്രസിപ്പിച്ച ഈ ലോകോത്തര രചനകള്‍ ഏതു പ്രായത്തിലുള്ള വായനക്കാര്‍ക്കും ഒരു വിരുന്നാണ്. ‘മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും’. വിവര്‍ത്തനം – സത്യന്‍ കല്ലുരുട്ടി. പ്രവ്ധ ബുക്സ്. വില 209 രൂപ.

സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം

സ്ഥിരമായി നിരാശയില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവര്‍ 11-15 ശതമാനം വരെ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ഡ്വാര്‍ഡ് സര്‍വകലാശ ഗവേഷകരുടെ പഠനം. അനാവശ്യ സമ്മര്‍ദങ്ങളില്‍ പെട്ടുപോകാതെ ശുഭാപ്തിവിശ്വാസത്തോടും സന്തോഷത്തോടെയും കഴിയുന്നവരുടെ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 90 വര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. സന്തോഷത്തിന്റെ ഏറ്റവും പ്രധാന ഘടകം പണമോ വിജയമോ അല്ല മറിച്ച് ഒരാളുടെ അടുത്ത ബന്ധങ്ങളുടെ ആഴമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ശക്തമായ വൈകാരിക പിന്തുണയുള്ള ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഇതുപ്രകാരം 50-ാം വയസ്സില്‍ തങ്ങളുടെ വ്യക്തിജീവിതത്തില്‍ ഏറ്റവും സംതൃപ്തരായിരുന്ന ആളുകള്‍ക്ക് 80-ാം വയസ്സില്‍ ആരോഗ്യവാനായിരിക്കാനുള്ള സാധ്യത കൂടുതലാണ്. ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ സമ്മര്‍ദത്തെ കുറച്ചുകൊണ്ടുവരാനാവും. സമ്മര്‍ദം കുറയുന്നത് ഉറക്കം മെച്ചപ്പെടാനും രക്തസമ്മര്‍ദത്തിന്റെ തോത് നിയന്ത്രണവിധേയമാക്കാനും ശരീരത്തില്‍ വീക്കമുണ്ടാവാതിരിക്കാനുമൊക്കെ കാരണമാകും. ഇത് പതിയെ ആരോഗ്യകരമായ ശരീരത്തിലേക്കും ആയുസ്സ് വര്‍ധിക്കാനും കാരണമാകും.

വാർത്തകൾ തയ്യാറാക്കിയത്:രജനീഷ് മൈനാഗപ്പള്ളി, സഞ്ജയ്പണിക്കർ, നിഷ തടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here