കോഴിക്കോട് .മാവൂരിൽ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് അക്രമം നടത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പിടികൂടാൻ പാലക്കാട് പ്രത്യേക അന്വേഷണ സംഘം മാവൂരിലെത്തി. ഇവിടെ കെട്ടിടം വളഞ്ഞ ശേഷം വാതിലിൽ മുട്ടിയപ്പോൾ പുറത്തുള്ളവർ പൊലീസാണെന്ന് ഉറപ്പിച്ച പ്രതികൾ ജനൽവഴി സ്ഫോടക വസ്തു എറിഞ്ഞു. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് പ്രതികൾ തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തി.
സംഭവവിവരം അറിഞ്ഞതോടെ മാവൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമായി കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കേസിലെ രണ്ടാം പ്രതി വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് കെ. ജാംസൺ എന്നിവരെ പിടികൂടി. മറ്റു പ്രതികള് ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി പരിസരപ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലുമായി അന്വേഷണം ഊർജിതമാക്കി. 2025 ഡിസംബർ 6-നാണ് പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.


































