Home News Breaking News ഓണം-ടൂറിസം വാരാഘോഷംഇന്ന് സമാപനം; തലസ്ഥാനത്ത് വർണ്ണാഭമായ ഘോഷയാത ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും

ഓണം-ടൂറിസം വാരാഘോഷംഇന്ന് സമാപനം; തലസ്ഥാനത്ത് വർണ്ണാഭമായ ഘോഷയാത ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം-ടൂറിസം വാരാഘോഷത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് 5ന് കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നടക്കുന്ന വർണ്ണാഭമായ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.

ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, വി.കെ. മുരളീധരൻ, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും. നടൻ ആസിഫ് അലി മുഖ്യാതിഥിയാകും.

ലോക് ഭവന് മുന്നിൽ ഉപരാഷ്ട്രപതി ഉൾപെടെയുള്ള വിശിഷ്ട വ്യക്തി കൾ ഘോഷയാത്ര വീക്ഷിക്കും.

ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടും.

കേരളത്തിന്റെ വളർച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിച്ചുള്ള 69 ഫ്ലോട്ടുകളും ഇൻസ്റ്റലേഷനുകളുമാണ് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരക്കുന്നത്. നാടൻ കലകളും തനതുരൂപങ്ങളും ഉൾപ്പെടെ 99 കലാരൂപങ്ങൾ രംഗമാകും. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുമുണ്ടാകും. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

തലസ്ഥാന നഗരിക്ക് പുറമെ മറ്റു ജില്ലകളിലും ഓണം-ടൂറിസം വാരാഘോഷം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ 35 വേദികളിലായി 3,000ൽ അധികം കലാകാരന്മാർ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെ 100ൽ അധികം വേദികളിലായി നടന്ന 170ൽ ഏറെ പരിപാടികളിൽ 8,000ൽ ഏറെ കലാകാരന്മാരാണ് പങ്കുചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here