Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ഓഗസ്റ്റ് 30 | ഞായര്‍ 1202 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ഓഗസ്റ്റ് 30 | ഞായര്‍ 1202 | ചിങ്ങം 14 | ഉത്രട്ടാതി

നേപ്പാളില്‍ കുടുങ്ങിയ മലയാളികൾ

നേപ്പാളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു മലയാളികള്‍ അടക്കം ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നേപ്പാളിലുള്ള 45 മലയാളികള്‍ സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചിയില്‍നിന്നുള്ള 14 അംഗ സംഘം അടക്കം 16 മലയാളികള്‍ സുരക്ഷിതരായി മടങ്ങി. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നത്. 287 ഇന്ത്യക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ

പത്തനംതിട്ടയില്‍ തോട്ടങ്ങള്‍ ഏറ്റെടുത്ത് സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണമെന്നും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ മാറ്റാനും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ലാഭകരമല്ലാത്തതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ തോട്ടങ്ങള്‍ ഏറ്റെടുക്കണം. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ലാഭകരമല്ലാത്ത തോട്ടങ്ങളും പരിഗണിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പയ്യന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം: പിണറായി വിജയന്റെ പ്രതികരണം

പയ്യന്നൂരില്‍ അടക്കം സിപിഎം തോറ്റതു ജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പം മൂലമാണെന്നും നേതാക്കള്‍ക്കു തെറ്റുപറ്റിയിട്ടില്ലെന്നും പിണറായി വിജയന്‍. ശത്രുവിന്റെ കൈയിലെ കോടാലിയായി വി കുഞ്ഞികൃഷ്ണന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് തെറ്റിയിട്ടില്ലെന്നും പയ്യന്നൂരിലെ സിപിഎം പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ വി കുഞ്ഞികൃഷ്ണന്‍

തന്നെ വോട്ടു ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനയാണ് പിണറായി വിജയന്‍ നടത്തിയതെന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും നേതാക്കള്‍ പരിഹസിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കേരള സന്ദര്‍ശനം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് സംസ്ഥാനത്തെത്തും. ഇന്നു രാവിലെ ആലപ്പുഴയില്‍ കേരള കൗമുദിയുടെ പരിപാടിയിലും പത്തനംതിട്ട ആറന്മുള വള്ളംകളിയിലും വൈകുന്നേരം തിരുവനന്തപുരത്ത് ഓണാഘോഷ സമാപന സമ്മേളനത്തിലും പങ്കെടുക്കും. നാളെ ലക്ഷദ്വീപിലെ അഗത്തി സന്ദര്‍ശിക്കും. കൊച്ചി കാക്കനാട്ടെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് രജത ജൂബിലി ആഘോഷവും കാക്കനാട് ആര്‍എസ്ഇടി ഓഡിറ്റോറിയത്തില്‍ കോണ്‍ഫ്ളുവന്‍സ് ഇന്‍ഡസ്ട്രി അക്കാഡമിയ ഉച്ചകോടിയും ഉദ്ഘാടനം ചെയ്യും.

മഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ട

‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി മഞ്ചേരിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. 10 കോടി രൂപ വില വരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായി. പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷത്തിലാണ് ഇവര്‍ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10600 പേരെ അറസ്റ്റു ചെയ്തു.

കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടര്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസത്തോടെ അവസാനിക്കും. പുതിയ സ്ഥിരം എംഡിയെ സര്‍ക്കാര്‍ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താല്‍ക്കാലിക ചുമതല നല്‍കും.

തൃശൂരില്‍ പുലിക്കളി ആഘേഷം

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ പുലിക്കളി സംഘങ്ങള്‍ ആടിത്തകര്‍ത്തു. മഴ ഭീഷണിയിലും നഗരവീഥികള്‍ ജനസാഗരം കീഴടക്കി. കുട്ടി പുലികളും പെണ്‍പുലികളും അടക്കം ഒമ്പതു സംഘങ്ങളിലായി 450 ഓളം പുലികളാണ് പൂരനഗരിയെ ആവേശത്തിലാറാടിച്ചത്. നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകി. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷ് പുലിക്കളി ഫ്ളാഗ് ഓഫ് ചെയ്തു.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. എക്‌സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ ബാറുകളിലും അശോക് കുമാറിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു.

കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും നാളേയും ഗതാഗത നിയന്ത്രണം. രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മുതല്‍ വൈകിട്ട് 05:30 വരെയാണ് നിയന്ത്രണങ്ങള്‍. ദേശീയപാത 544-ല്‍ കളമശ്ശേരി എസ്സിഎംഎസ് മുതല്‍ കളമശ്ശേരി ടി.വി.എസ് ജംഗ്ഷന്‍ വരെയും, മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്.എം.ടി ജംഗ്ഷന്‍ മുതല്‍ തോഷിബ ജംഗ്ഷന്‍ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംഗ്ഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും നിയന്ത്രണമുണ്ട്.

പൊലീസ് സാമാന്യ മര്യാദകള്‍ പാലിക്കണം: മെറിന്‍ ജോസഫ്

സമൂഹത്തില്‍ ഇടപെടുമ്പോള്‍ പൊലീസ് സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതാണെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി മെറിന്‍ ജോസഫ്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതിനാലാണ് വടകര മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതെന്നും എസ്പി പറഞ്ഞു.

പയ്യന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം: കെ.കെ. രാഗേഷിന്റെ പ്രതികരണം

പയ്യന്നൂരില്‍ ബിജെപി വോട്ടുകള്‍ വാങ്ങിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്‍ വിജയിച്ചതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ സ്വയംവിമര്‍ശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചതെന്നും രാഗേഷ് പയ്യന്നൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കാപ്പ തടവുകാരനായ കോട്ടയം സ്വദേശി മനുവിനു കുത്തേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയതെന്നാണ് വിവരം.

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ച ഡിഎഫ്ഒയെ ഒടുവില്‍ വിട്ടയച്ചു. ഉന്നതി സ്വദേശിയും ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. കെഎം അഭിജിത്ത് എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ചര്‍ച്ചയിലാണ് നാട്ടുകാര്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്.

കോഴിക്കോട് മാഞ്ചിറ സ്‌ക്വയറില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ രാത്രി പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ടൗണ്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിന് പിന്നില്‍ ലഹരിസംഘമാണെന്ന് പൊലീസ്.

ബെംഗളൂരുവില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരുവില്‍നിന്ന് മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ടുമുള്ള സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി പ്രസാദിന്റെ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ട്രെയിനില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യവിഷബാധ. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന തൃശൂരില്‍നിന്നുള്ള 80 അംഗ സംഘത്തിലുള്ളവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

കുന്നംകുളത്ത് പോലീസിനെ ആക്രമിച്ച നാലു പേര്‍ അറസ്റ്റില്‍

കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന്‍ (29) സജിത്ത് (30), നെഹ്‌റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

പ്രമുഖ യൂട്യൂബറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം.

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് 92 ഐഫോണുകള്‍ മോഷ്ടിച്ചു. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് സംഭവം.

കരുവാറ്റ വയോധികന്റെ കൊലപാതകം: കൗമാര സംഘത്തെ ചോദ്യം ചെയ്തു

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്ത് പൊലീസ്. ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയാണ് പൊലീസ് വിവരശേഖരണം നടത്തിയത്.

ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കു വര്‍ധിപ്പിച്ചു

ഫെഡറല്‍ ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കു വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ 7.2 ശതമാനം വരെയും, എച്ച്.ഡി.എഫ്.സി ബാങ്കില്‍ പ്രത്യേക നിക്ഷേപ കാലാവധിക്ക് 7.1 ശതമാനം വരെയുമാണ് പലിശ ലഭിക്കുക.

മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ഉണ്ടാകണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

മാനവികതയും സത്യവുമാണ് എല്ലാ മതങ്ങളുടേയും അടിസ്ഥാനമെന്നും മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ഉണ്ടാകണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ന്യൂയോര്‍ക്കില്‍ ‘വണ്‍ വേള്‍ഡ്: വണ്‍ ഹ്യൂമാനിറ്റി’ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതത്തിനും ഓരോ അനുഷ്ഠാനങ്ങളുണ്ട്. ദൈവീകമായ പാത പിന്തുടരാനും അച്ചടക്കത്തിനും അനുഷ്ഠാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മാനവികതയിലേക്കും സത്യത്തിലേക്കും നയിക്കുകയാണ് മതത്തിന്റെ ലക്ഷ്യം. മുസ്ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കില്‍, അവന്‍ ഹിന്ദുമതത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററില്‍ പുതിയ മേധാവി

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററില്‍ ദിനേഷ് കുമാര്‍ സിംഗ് പുതിയ മേധാവിയാകും. നിലവില്‍ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ് ദിനേഷ് കുമാര്‍ സിംഗ്. യുആര്‍എസ്സിയുടെ ഇപ്പോഴത്തെ മേധാവി എം.ശങ്കരന്‍ ഈ മാസം 31 ന് വിരമിക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ കേസ്

കോടതി ഉത്തരവുകള്‍ ലംഘിച്ച് കൊല്‍ക്കത്തയില്‍ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ കേസ്. കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഹൈക്കോടതി വിധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്.

സജ്ജന്‍ കുമാറിന്റെ വസതി സന്ദര്‍ശിച്ച ബി.ജെ.പി എം.പിമാരുടെ നടപടി വിവാദത്തില്‍

1984-ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കുറ്റവാളിയായ സജ്ജന്‍ കുമാറിന്റെ വസതി സന്ദര്‍ശിച്ച മൂന്ന് ബി.ജെ.പി എം.പിമാരുടെ നടപടി വലിയ വിവാദമായി. സംഭവം രാഷ്ട്രീയ തിരിച്ചടിയായതോടെ ബി.ജെ.പി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിഷയം ബി.ജെ.പിക്കെതിരെ ആയുധമാക്കി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

വിപിവിവി നിക്ഷേപ തട്ടിപ്പില്‍ ഡല്‍ഹി പൊലീസ് പരിശോധന

വിപിവിവി നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഡല്‍ഹി പൊലീസ്. ഇന്നലെ കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. വിപിവിവി കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം.

ജിയോ ഐപിഒയ്ക്ക് സെബിയുടെ അനുമതി

റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോയുടെ 35,000 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെബിയുടെ അനുമതി. എല്‍ഐസിയുടെയും ഹ്യുണ്ടായിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ജിയോ മാറിയേക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഐപിഒ നടത്തുമെന്നാണ് സൂചന.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍: സര്‍വേ റിപ്പോര്‍ട്ടുകള്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സിറ്റിംഗ് എം.എല്‍.എമാരോട് അതൃപ്തിയെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനോടോ മുഖ്യമന്ത്രിയോടോ അതൃപ്തിയില്ലെന്ന് ‘വോട്ട് വൈബ്’, ‘ഇന്ത്യ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേകള്‍ വ്യക്തമാക്കുന്നു.

സിഎന്‍ജി വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ്

സിഎന്‍ജി വില വര്‍ധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ടിബറ്റ് അതിര്‍ത്തിയിലെ പ്രളയക്കെടുതിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കനത്ത മഴയും മൂടല്‍മഞ്ഞും കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിര്‍ത്തിയിലുമായി ഏകദേശം മൂവായിരത്തോളം ആളുകളെയാണ് കണ്ടെത്താനുള്ളത്. കാണാതായവരില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുള്‍പ്പെടെ 540 ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നേപ്പാള്‍ പ്രസിഡന്റ്

മിന്നല്‍പ്രളയത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡല്‍. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തി. പ്രളയത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായുള്ള നിബന്ധനകള്‍ കടുപ്പിച്ചു

അമേരിക്കയില്‍ പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും തുടര്‍ന്ന് ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിനുംമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു ബാധകമാക്കിയ നിബന്ധനകള്‍ കടുപ്പിച്ച് ട്രംപ് ഭരണകൂടം. വിദ്യാര്‍ഥികള്‍ക്കായുള്ള കരിക്കുലര്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് ഫെഡറല്‍ ഏജന്‍സി യു.എസ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വിജയം

തൃശൂര്‍ ടൈറ്റന്‍സിനെ ഒരു റണ്ണിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന തൃശൂര്‍ ജയത്തിന് തൊട്ടരികിലാണ് കാലിടറി വീണത്. തുടരെയുള്ള അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയുടെ വിജയം. മൂന്ന് വിക്കറ്റുകളുമായി കൊച്ചിക്ക് വിജയമൊരുക്കിയ കാര്‍ത്തിക് ബി നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ക്രിസ് ഗെയ്‌ലിന്റെ പ്രകടനം തിരുവനന്തപുരത്ത് ആവേശം പരത്തി

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ സിക്സര്‍ മഴ. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സരത്തിനു ശേഷമാണ് ‘യൂണിവേഴ്‌സ് ബോസ്’ മൈതാനത്തിലിറങ്ങിയത്. മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന്‍ എന്നിവര്‍ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. ഗെയ്‌ലിന്റെ ഓരോ സിക്‌സിനും ഗ്യാലറിയില്‍ വന്‍ ഹര്‍ഷാരവം ഉയര്‍ന്നു. മോഹന്‍ലാലിന്റെ ഭാവാഭിനയം അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി ‘എന്താ മോനെ ദിനേശാ…’ എന്ന് ഡയലോഗും വച്ചുകാച്ചിയതോടെ ഗാലറിയില്‍ ഹര്‍ഷാരവങ്ങളുയര്‍ന്നു.

കെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യ മുന്നില്‍

സൗദി അറേബ്യയെയും യു.എ.ഇ.യെയും മറികടന്ന് കെനിയയിലേക്കുള്ള ഏറ്റവും വലിയ പെട്രോളിയം വിതരണക്കാരായി മാറി ഇന്ത്യ. യു.എ.ഇ.യില്‍നിന്നുള്ള പെട്രോളിയം കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ജനുവരിയില്‍ പ്രതിദിനം 90,000 ബാരലായിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 15,000 ബാരലായി കുറഞ്ഞു. കെനിയയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തില്‍ കഴിഞ്ഞ ജൂലൈയില്‍ 151.41 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കെനിയ മാറി. ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ എണ്ണ ശുദ്ധീകരണ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 22 ശുദ്ധീകരണശാലകള്‍ക്ക് പ്രതിവര്‍ഷം 258.1 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണെങ്കിലും, 2025-26 കാലയളവില്‍ ഇന്ത്യ 61.5 ദശലക്ഷം ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

ഓപ്പണ്‍ എഐയും സ്‌പേസ് എക്‌സും തമ്മിലുള്ള തര്‍ക്കം

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എഐയുടെ ഉടമസ്ഥതയിലുള്ള കോഡിങ് ടൂള്‍ കമ്പനിയായ കഴ്സറിന് എഐ മോഡലുകള്‍ നല്‍കുന്നത് ഓപ്പണ്‍ എഐ അവസാനിപ്പിക്കുന്നു. സാം ഓള്‍ട്ട്മാനും മസ്‌കും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കെയാണ് ഈ നീക്കം. ജൂണിലാണ് കഴ്സറിന്റെ ഉടമയായ എനിസ്ഫിയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വാങ്ങുന്നതായി സ്പേസ് എക്സ് പ്രഖ്യാപിച്ചത്. 6000 കോടി ഡോളറിന്റേതാണ് ഈ കരാര്‍. ഈ മാസം ആദ്യം തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ fertilisersയും ചെയ്തു. അതേസമയം സ്പേസ് എക്സ് ഏറ്റെടുത്തതോടെ കഴ്സറുമായുള്ള കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കി. കരാര്‍ ലംഘനമാണെന്നാരോപിച്ചാണ് ഓപ്പണ്‍ എഐയുടെ സഹസ്ഥാപകന്‍ കൂടിയായ ഇലോണ്‍ മസ്‌ക് കമ്പനിയുടെ പേരില്‍ നിയമനടപടി ആരംഭിച്ചത്. കേസില്‍ മസ്‌കിനു പ്രതികൂലമായാണ് ഫെഡറല്‍ കോടതി വിധി വന്നത്.

‘ധൂമകേതു’ സിനിമയിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്

‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിന്‍ ടേസ്റ്റില്‍ ഒതുങ്ങി…’ തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

‘ദ പാരഡൈസ്’ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസി’ ന്റെ രണ്ടാം ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളുമായി എത്തിയ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 24 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഏഥര്‍ എനര്‍ജിയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ‘കൊണാര്‍ക്ക്’ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ കൊണാര്‍ക്ക് വിപണിയില്‍ അവതരിപ്പിച്ചു. എസ് 100, എസ് 125, എസ് 161 എന്നി വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഒരു ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റീല്‍ യൂണിബോഡി ചാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, ഫ്‌ലാറ്റ് ഫൂട്ട്‌ബോര്‍ഡ്, അടിയില്‍ 31 ലിറ്റര്‍ സ്റ്റോറേജ് ഉള്ള സിംഗിള്‍ പീസ് ഫ്‌ലാറ്റ് സീറ്റ്, യു ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍. എസ് 100 വേരിയന്റിന് 2.1 കിലോവാട്ട്അവര്‍ ബാറ്ററിയും 100 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുന്നു. എസ് 125 വേരിയന്റിലും സമാനമായ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 125 കിലോമീറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. പ്രീമിയം മോഡലായ എസ് 161 വേരിയന്റില്‍ 3.5 കിലോവാട്ട്അവര്‍ ബാറ്ററിയും 4.7 കിലോവാട്ട്അവര്‍ ഇലക്ട്രിക് ബാറ്ററിയുമാണ് ഉള്ളത്. ഒറ്റച്ചാര്‍ജില്‍ 161 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. എസ് 100ന് 99,999 രൂപയും എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് എക്‌സ് ഷോറൂം വില.

വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങളും പ്രതിരോധവും

വൃക്കയിലെ കല്ലുകള്‍ ചിലപ്പോള്‍ പ്രാരംഭഘട്ടത്തില്‍ വലിയ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും, അവ മൂത്രനാളത്തിലൂടെ നീങ്ങിത്തുടങ്ങുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്തവിധം വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്. വശങ്ങളില്‍ അനുഭവപ്പെടുന്ന കഠിനമായ വേദന മുതല്‍ മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വരെ ഇതിന്റെ പ്രധാന സൂചനകളാണ്. മൂത്രത്തില്‍ ഉപ്പുകളുടെയും മിനറലുകളുടെയും അളവ് അമിതമായി കൂടുമ്പോള്‍ അവ അടിഞ്ഞുകൂടി രൂപാന്തരപ്പെടുന്ന കഠിനമായ പദാര്‍ത്ഥങ്ങളാണ് വൃക്കയിലെ കല്ലുകള്‍. ചെറിയ അളവിലുള്ള കല്ലുകള്‍ മൂത്രത്തിലൂടെ എളുപ്പത്തില്‍ പുറത്തുപോകുമെങ്കിലും, വലിയ കല്ലുകള്‍ പുറന്തള്ളപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഇത് മൂത്രതടസ്സത്തിനും കഠിനമായ വേദനയ്ക്കും കാരണമാകുന്നു. വൃക്കയില്‍ കല്ലുള്ളതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം വാരിയെല്ലുകള്‍ക്ക് താഴെ വശങ്ങളിലായി അനുഭവപ്പെടുന്ന കഠിനമായ വേദനയാണ്. ഈ വേദന തരംഗങ്ങള്‍ പോലെ വരികയും പിന്നീട് അടിവയറ്റിലേക്കും അടിവയറ്റിലെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയും ചെയ്യുന്നു. വേദനയ്‌ക്കൊപ്പം ചിലരില്‍ ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടാം. വൃക്കയിലെ കല്ലുകള്‍ മൂത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്. മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം മൂലം കടും നിറമോ ചുവപ്പ് നിറമോ ആയി മാറുന്നത്. മിനറലുകളുടെയോ ക്രിസ്റ്റലുകളുടെയോ സാന്നിധ്യം കാരണം മൂത്രം കലങ്ങിപ്പോകുന്നത്. കഠിനമായ വേദനയ്‌ക്കൊപ്പം പനിയും തണുത്തുവിറയലും അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം കല്ല് മൂലം മൂത്രതടസ്സം ഉണ്ടാകുന്ന ഭാഗത്ത് ഗുരുതരമായ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മൂത്രമൊഴിക്കാന്‍ തടസ്സം, അടിക്കടിയുള്ള ഛര്‍ദ്ദി, ഉയര്‍ന്ന പനി, വിറയല്‍, കഠിനമായ വേദന എന്നിവ അനുഭവപ്പെട്ടാല്‍ ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ തേടണം.

LEAVE A REPLY

Please enter your comment!
Please enter your name here