Home Blog Page 137

അർദ്ധരാത്രി ട്രെയിനിൽ നിന്നും ടി.ടി.ഇ ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവന്തപുരം . റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം.

തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്ക് തുക നൽകാനാണ് ഉത്തരവ്.

2023 ജൂലൈ 30 ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. എസ് 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസിലാക്കി. പരാതിയുമായി ടി.ടി.ഇ യെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി ടി.ടി.ഇ അറിയിച്ചു. താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.

തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ യാത്രക്കാരിയെ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമായി 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാൻസൽ ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും ടി.ടി.ഇ നൽകിയില്ല. അർദ്ധരാത്രിയായതിനാൽ ട്രെയിനിൽ നിന്നും ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. ആർ പി എഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറി.

തെറ്റായി രജിസ്റ്റർ ചെയ്ത കേസാണെന്ന് മനസിലാക്കി റെയിൽവെ തന്നെ പിന്നീട് കേസ് പിൻവലിച്ചു.

യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി റിസർവേഷൻ ഫോമിൽ എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിൽ ഒരക്കം
ബുക്കിംഗ് സൈറ്റിൽ മാറിയെന്ന് കണ്ടെത്തി. ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈൻ കാൻസൽ ചെയ്തു.

എന്നാൽ താൻ റിസർവേഷൻ ഫോമിൽ എഴുതിയത് തന്റെ നമ്പറാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിംഗ് ക്ലാർക്കിനാണെന്നും പരാതിക്കാരി വാദിച്ചു.

റെയിൽവെ ആക്റ്റിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

തനിക്കെതിരെ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇതിനെതിരെ പരാതിക്കാരി സർക്കാരിന് അപേക്ഷ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു, അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പരാതി വിഷയത്തിൽ റെയിൽവെ ആക്റ്റിലെ 137, 139 സെക്ഷനുകളുടെ ലംഘനമുണ്ടായതായി കമ്മീഷൻ കണ്ടെത്തി. മാതാപിതാക്കളില്ലാത്ത ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവെ കാണിച്ചത് നീതിപൂർവ്വകമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അന്തസോടെ ജീവിക്കുക എന്ന ഭരണഘടനാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടു.

നഷ്ടപരിഹാര തുക ആറാഴ്ചക്കകം നൽകിയില്ലെങ്കിൽ 8% പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.

റെയിൽവെ ആക്റ്റിന്റെ 137, 139 സെകഷനുകൾ കൃത്യമായി പാലിക്കണമെന്ന സർക്കുലർ റെയിൽവെ അധികൃതർ ഉടൻ പുറത്തിറക്കി ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റയിൽവേ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തരും വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. സെപ്തംബർ 16 നാണ് കന്നിമാസ പുരകളുടെ ഭാഗമായി നടതുറക്കുന്നത്.
ശബരിമല സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാവുന്നതാണ്.

മുന്നറിയിപ്പുകൾക്ക് പുല്ലുവില, പെരിയാറിലേക്ക് വീണ്ടും മാലിന്യം തള്ളി കമ്പനികൾ

കൊച്ചി.മുന്നറിയിപ്പുകൾ എല്ലാം കാറ്റിൽ പുറത്തി പെരിയാറിലേക്ക് വീണ്ടും മാലിന്യം തള്ളി കമ്പനികൾ. ഇന്നലെ പെരിയാറിൽ പ്രത്യക്ഷപ്പെട്ടത് മഞ്ഞുമല പോലെ മാലിന്യം. നിരവധി കുടിവെള്ള പദ്ധതികളിലേക്ക് ഉപയോഗിക്കുന്ന ജലസ്രോതസിലേക്കാണ് കമ്പനികൾ നിർബാധം വ്യവസായ മാലിന്യം ഒഴുക്കുന്നത്

പെരിയാർ മലിനീകരണം തടയാൻ കഴിഞ്ഞദിവസമാണ് പിസിബി ചെയർപേഴ്സൺ കർശന നിർദേശം പുറപ്പെടുവിച്ചത്. നിർദേശം വന്നതിന് തൊട്ടുപിന്നാലെയാണ് പെരിയാറിലേക്ക് വീണ്ടും വ്യവസായ മാലിന്യം ഒഴുക്കിയത്.

നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന ജല സ്രോതസ്സിലേക്ക് കമ്പനികൾ നിർബാധം മാലിന്യം ഒഴുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ പ്രദേശത്തെ പലരും നിത്യരോഗികളായി മാറി

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. മാലിന്യം കയ്യിലെടുക്കുമ്പോൾ തരികളായി പൊടിയുന്നുണ്ടെന്നും പല കമ്പനികളും സംശയത്തിന്റെ നിഴലിൽ ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന ഫലം വന്നാൽ കർശന നടപടിയിലേക്ക് കടക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നീക്കം

ഭരണിക്കാവിൽ നിന്നും കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി

ശാസ്‌താംകോട്ട:ഭരണിക്കാവിൽ നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ശാസ്‌താംകോട്ട പഞ്ചായത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ ഇരുവരെയും രാവിലെ ട്യൂഷൻ സെൻ്ററുകളിലെ ക്ലാസ് കഴിഞ്ഞ ശേഷം കാണാതാകുകയായിരുന്നു.

സ്‌കൂളിൽ
എത്താതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്.തുടർന്ന് രക്ഷിതാക്കൾ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.മാൻമിസിങിന് കേസ്സെടുത്ത പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ നിന്നും വൈകിട്ടോടെ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.

റെയിൽവേസോൺ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധസമരം

ശാസ്താംകോട്ട:കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട,കുന്നത്തൂർ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.കുന്നത്തൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് കാരാക്കാട്ട് അനിൽ സ്വാഗതം പറഞ്ഞു.

ശൂരനാട്ട് തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ശാസ്‌താംകോട്ട:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു.ശൂരനാട് വടക്ക് നടുവിലെമുറി രേവതി വീട്ടിൽ രാജേന്ദ്രപ്രസാദ് (63) ആണ് മരിച്ചത്.കണ്ണമം ഏഴാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ഉഷ.മകൾ:അഞ്ജലി( അംഗനവാടി ടീച്ചർ).

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ മെറിറ്റ് അവാർഡ് വിതരണം നടത്തി

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ എസ്.എസ്.എൽ.സി,പ്ലസ് ടു, മറ്റ് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അറുപതോളം വിദ്യാർഥികളെ അനുമോദിച്ച് മെറിറ്റ് അവാർഡ് വിതരണം നടത്തി.വാർഡ് മെമ്പർ ലത്തീഫ് പെരുംകുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ വികസന സമിതി അംഗം എം.അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഉല്ലാസ് കോവൂർ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം നിർവഹിച്ചു.

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊല്ലം ഹാഗിയോസ് അവതരിപ്പിച്ച പാവനാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമംഗല ടീച്ചർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.വേണുഗോപാലക്കുറുപ്പ്, സി.കെ. പൊടിയൻ,ആർ.നളിനാക്ഷൻ,വില്ലടൻ പ്രസന്നൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജ്, നാസർ മൂലത്തറ,ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി അലക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ ഷാജി, ബിജു പട്ടാര, ബിന്ദു അനിൽകുമാർ, വാർഡ് വികസന സമിതി അംഗങ്ങളായ നൗഷാദ് കാഞ്ഞിരവിള, ബൈജു മംഗലത്ത്, ഷൂജ, നിഷാദ് പാലവിള, ഷാൻ, സുനിത ലത്തീഫ്, സുധീർ റാവുത്തർ, ഷീല ടീച്ചർ, ഷീബ നിസാം, സൗമ്യ എന്നിവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചാത്തന്നൂരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെട്ട പാരിപ്പള്ളി മടത്തറ റോഡില്‍ ജവഹര്‍ ജംഗ്ഷനു സമീപം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍  ആരംഭിക്കുന്നതിനാല്‍ ജംഗ്ഷനില്‍ കൂടിയുള്ള ഗതാഗതം സെപ്റ്റംബര്‍ ഏഴ് തിങ്കളാഴ്ച്ച മുതല്‍ 15 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മുക്കട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാരിപ്പള്ളി ജംഗ്ഷന്‍ വഴി ദേശീയപാതയില്‍ പ്രവേശിക്കുകയും തിരികെ പോവുകയും വേണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകും

ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി. ദുൽഖറിന്റെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം ലക്കി ഭാസ്കർ ആയി വരുമെന്നും തന്നെ കാണുന്നവർ ഒക്കെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി പറഞ്ഞു. ഐ ആം ഗെയിം റിലീസിന് മുൻപ് ദുൽഖർ നൽകിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ആശയം മനസ്സിലുണ്ടെന്നും അനുയോജ്യമായ സമയത്ത് സിനിമയുമായി മുന്നോട്ടുപോകുമെന്നും സംവിധായകൻ വ്യക്തമാക്കി.
2024ൽ പുറത്തിറങ്ങിയ ‘ലക്കി ഭാസ്കർ’ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ബാങ്കിങ് മേഖലയിലെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതവും സാമ്പത്തിക തട്ടിപ്പുകളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ദുൽഖർ സൽമാന്റെ പ്രകടനത്തിനും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
രണ്ടാം ഭാഗത്തിൽ ദുൽഖർ സൽമാൻ തന്നെ നായകനായി എത്തുമോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംവിധായകന്റെ സ്ഥിരീകരണത്തോടെ ‘ലക്കി ഭാസ്കർ 2’നായി കാത്തിരിക്കുകയാണ് ആരാധകർ.

ഭക്ഷണത്തിന് കറി ലഭിച്ചില്ല…ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശേരി കുന്നുമ്മല്‍ ഫസീല (38)യാണ് കൊല്ലപ്പെട്ടത്. ഫസീലയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് റഷീദിനെ വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റഷീദ് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഭക്ഷണത്തിന് കറി ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.