Home Blog Page 119

പള്ളിശേരിക്കലില്‍ അധ്യാപകരെ ആദരിച്ചു

ശാസ്താംകോട്ട.ഒരു സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കുള്ള പങ്ക് അതുല്യമാണ്. അറിവ് പകർന്നു നൽകുന്നതിനൊപ്പം, സ്നേഹവും കരുണയും മൂല്യബോധവും ഉത്തരവാദിത്വവും പകർന്നു നൽകി നല്ല മനുഷ്യരെയും നല്ല പൗരന്മാരെയും വാർത്തെടുക്കുന്നവരാണ് അധ്യാപകർ.
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകേകുകയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് നയിക്കുകയും ചെയ്യുന്ന എല്ലാ അധ്യാപകർക്കും ഈ അധ്യാപക ദിനത്തിൽ ഹൃദയം നിറഞ്ഞ ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട പള്ളിശ്ശേരിക്കൽകിഴക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി
വാർഡിലെ എല്ലാ അധ്യാപകരേയും പൊന്നാട അണിയിച്ചു.

DCC ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് രാകേഷ് കൃഷ്ണമംഗലം അധ്യക്ഷതവഹിച്ചു.
ആർ അരവിന്ദാക്ഷൻ പിള്ള,എം.വൈ നിസാർ, നാസർ ഷാ, MS വിനോദ്, സലിം, ഗീവർഗ്ഗിസ്, മായ കെ, രവീദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

അയമോദകം തിളപ്പിച്ച വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിച്ചോളൂ, കാരണം

അയമോദകം തിളപ്പിച്ച വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന വയർ വീർക്കൽ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനം പറയുന്നു. അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്, കാരണം ഇത് ആളുകളുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു.

Also Read: 67 രൂപയുടെ ടിക്കറ്റിൻ്റെ പേരിൽ കണ്ടക്‌ടറോട് നിയമപോരാട്ടം നടത്തിയത് നീണ്ട 32 വർഷം; ഒടുവിൽ ഡൽഹി ട്രാൻസ്പോർട് കോർപറേഷന് തിരിച്ചടി; 1 ലക്ഷം പിഴയടക്കണം

വയറു വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് അയമോദകം. കാരണം ഇത് വയറു വീർക്കുന്നത് കുറയ്ക്കുകയും ദഹന അസ്വസ്ഥതകൾ ലഘൂകരിക്കുകയും ചെയ്യുന്നു. ഒരു നുള്ള് ഉപ്പ് ചേർത്ത് അയമോദകം വെള്ളം കുടിക്കുന്നത് വയറു വീർക്കുന്നത് കുറയ്ക്കുക ചെയ്യുന്നു.

അയമോദകത്തിന് വായുക്ഷോഭം കുറയ്ക്കാനും ആമാശയത്തെ സംരക്ഷിക്കാനുമുള്ള കഴിവുണ്ടെന്നും പേശീവലിവ് കുറയ്ക്കാൻ ഇതിന് സാധിക്കും. ദഹനവ്യവസ്ഥയിലെ പേശികളെ അയവുള്ളതാക്കുന്നതിലൂടെ തൈമോൾ എന്ന സംയുക്തത്തിന് ദഹനത്തെ സഹായിക്കാൻ സാധിക്കും. ഇതിന് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും, കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിക്കുന്നതിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും.

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടാനും ഇതിന് കഴിവുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ചർമത്തെ ആരോഗ്യമുള്ളതാക്കിത്തീർക്കുന്നതിനും അയമോദക വെള്ളം പതിവാക്കാം. സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ കുറയ്ക്കാനും അയമോദക വെള്ളം മികച്ചതാണ്.

ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ്. സേന ആക്രമണം നടത്തിയതായി ഇറാൻ

ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ്. സേന ആക്രമണം നടത്തിയതായി ഇറാൻ. കപ്പലുകൾ നങ്കൂരമിടുന്ന മേഖലയിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നാല് യു.എസ്. മിസൈലുകൾ ടാങ്കറിൽ പതിച്ചതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടാങ്കറിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.

ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കുകയാണെന്ന് അവകാശപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് എ.ഐ. വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. ഖാർഗിനു നേരെ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജൂഡി തോമസ് സ്മരണയില്‍ ഗുരുസ്മൃതി

ശാസ്താംകോട്ട. ബ്രൂക് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ മനസ്സിൽ സ്നേഹത്തിന്റെയും അറിവിന്റെയും വെളിച്ചം പകർന്നുനൽകിയ, ഓർമ്മകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന അധ്യാപിക അന്തരിച്ച ജൂഡി തോമസ് ടീച്ചറുടെ സ്മരണ പുതുക്കുന്നതിനും സേവനങ്ങളെ ആദരിക്കുന്നതിനുമായി ഈ വർഷത്തെ അധ്യാപകദിനത്തോടനുബന്ധിച്ച് അഞ്ചാമത് ജൂഡി തോമസ് ‘ഗുരുസ്മൃതി 2026’ സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.ഒപ്പം
മുൻ രാഷ്ട്രപതിയും മഹാനായ അധ്യാപകനും രാഷ്ട്രതന്ത്രജ്ഞനും ദാർശനികനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന് പുഷ്പാർച്ചനയും നടന്നു.അധ്യാപകവൃത്തിയുടെ മഹത്വം ഉയർത്തിപ്പിടിച്ച ചടങ്ങിൽ, വിരമിച്ച അധ്യാപിക ജ്യോതി സിക്ക്’ഗുരുസ്മൃതി 2026′ പുരസ്കാരം നൽകി ആദരിച്ചു.
സ്കൂൾ സ്ഥാപകഡയറക്ടർ ഫാ. ഡോ. ജി. ഏബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫേഷ്യാ വിൻസന്റ് സ്വാഗതം ആശംസിച്ചു. എഴുത്തുകാരനും മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായ എബി പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ആർ. ഗിരികുമാർ ആശംസകൾ അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ അധ്യാപകദിനാശംസകൾ നേർന്നു.
ജൂഡി തോമസിന്റെ ജീവിതവും വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളും ആവിഷ്കരിച്ച ഡോക്യുമെന്ററി പ്രദർശനം, ‘പഞ്ചതത്വ’ നൃത്താവിഷ്കാരം,
‘ദീപത്തിൽനിന്ന് ആയിരം ദീപങ്ങളിലേക്ക്’ എന്ന ആശയത്തെ മുൻനിർത്തിയുള്ള പ്രതിഫലനപ്രസംഗം ആറാം ക്ലാസ് വിദ്യാർഥിനി ഫ്ലോറൻസ് എബ്രഹാം അവതരിപ്പിച്ചു. അധ്യാപിക ഷൈനിമോൾ ‘ഓർമയുടെ താളുകൾ അവതരിപ്പിച്ചു.ഗുരുസ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ടെസ്സി തങ്കച്ചൻ നന്ദി രേഖപ്പെടുത്തി. ജൂഡി തോമസിന്റെ സ്മരണകൾ പുതുക്കിയ ‘ഗുരുസ്മൃതി 2026’ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വേറിട്ട അനുഭവമായി മാറി.

67 രൂപയുടെ ടിക്കറ്റിൻ്റെ പേരിൽ കണ്ടക്‌ടറോട് നിയമപോരാട്ടം നടത്തിയത് നീണ്ട 32 വർഷം; ഒടുവിൽ ഡൽഹി ട്രാൻസ്പോർട് കോർപറേഷന് തിരിച്ചടി; 1 ലക്ഷം പിഴയടക്കണം

ന്യൂഡൽഹി: വെറും 67 രൂപയുടെ ടിക്കറ്റ് വിതരണ തർക്കത്തിൽ 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലും കണ്ടക്‌ടർക്കെതിരെ 32 വർഷത്തെ നിയമപോരാട്ടം നടത്തിയ ഡൽഹി ട്രാൻസ്പോർട് കോർപറേഷന് കനത്ത തിരിച്ചടി. ഇത്തരം നിസാര വിഷയത്തിൽ പൊതുപണം വൻതോതിൽ ദുരുപയോഗം ചെയ്ത് നിയമനടപടികൾ നീട്ടിക്കൊണ്ടുപോയതിന് ട്രാൻസ്പോർട് കോർപറേഷന് ഡൽഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിസ്സാര തർക്കത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

Also Read: കൊല്ലത്ത് കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

1994 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്ന് 67 രൂപ ഈടാക്കിയെങ്കിലും ടിക്കറ്റ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടർക്കെതിരായ ആരോപണം. ഇതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടക്ടർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെങ്കിലും ഡിടിസി അധികൃതർ ഇത് അംഗീകരിച്ചില്ല. തുടർന്ന് 1996 ആഗസ്റ്റിൽ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ സമർപ്പിച്ച അപ്പീലിൽ 1998-ൽ ഡിടിസി ചെയർമാൻ ഇയാളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എന്നാൽ, ശമ്പള സ്കെയിൽ വെട്ടിക്കുറച്ച് ജോലിയിൽ നിന്ന് മാറിനിന്ന കാലയളവിലെ കുടിശ്ശിക നിഷേധിച്ചു. തുടർന്ന് കണ്ടക്ടർ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിച്ചു. 2004-ൽ ട്രൈബ്യൂണൽ ശിക്ഷാനടപടി നിയമവിരുദ്ധമാണെന്ന് വിധിക്കുകയും കണ്ടക്ടർക്ക് മുൻകാല പ്രാബല്യത്തോടെയുള്ള മുഴുവൻ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ 2005-ൽ ഡിടിസി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ജസ്റ്റിസ് അമിത് മഹാജൻ കേസ് തള്ളി. ട്രൈബ്യൂണലിന്റെ വിധി ശരിവച്ചു. 17 മാസത്തെ വേതനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ 32 വർഷത്തോളം കേസ് നടത്തിയത് നിയമസംവിധാനത്തോടുള്ള അനാദരവും പൊതുപണം പാഴാക്കിയതാണെന്നും കോടതി വിമർശിച്ചു. കോടതി ചുമത്തിയ 1 ലക്ഷം രൂപ പിഴയിൽ 25,000 രൂപ വീതം കണ്ടക്ടർക്കും ഡൽഹി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്കും നൽകണം. ബാക്കി 50,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അടയ്‌ക്കേണ്ടത്.

അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകരെ ആദരിച്ചു

കോവൂർ. ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ റിട്ട. അധ്യാപകനും എഴുത്തുകാരനുമായ പ്രഭാകരൻപിള്ള, മധുബാല, ആനന്ദൻ, തങ്കമ്മ എന്നീ അധ്യാപകരുടെ വസതിയിൽ എത്തി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം കെ പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ് അനിൽകുമാർ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് രാജു പി കോവൂർ, സിന്ധു, മായ സന്തോഷ് എന്നിവർ സംസാരിച്ചു.

അധ്യാപകദിനം മഴയിൽ തെളിഞ്ഞ അക്ഷര വെളിച്ചം

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അധ്യാപകദിനം മഴയിൽ തെളിഞ്ഞ അക്ഷര വെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ചു. രാജമോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. 30 വർഷം അധ്യാപകനായി സേവനം അനുഷ്ടിച്ച് പ്രഥമ അദ്ധ്യാപകനായി വിരമിച്ച ശേഷവും പൊതുപ്രവർത്തകനായി തുടരുന്ന അർത്തിയിൽ അൻസാരിയെ ആദരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റെ് കോശി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം,
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ,
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. ശ്രീകുമാർ, എം.അബ്ദുൽ സലിം, എം. ഹബീബ് മുഹമ്മദ് റാവുത്തർ, ശൂരനാട് ഷിഹാബ്, ഹർഷ ഫാത്തിമ, ആർ. മുംതാസ് എന്നിവർ പ്രസംഗിച്ചു

കൊല്ലത്ത് കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.

Also Read: മൈസൂരുവിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് രാത്രി ബന്ദിപ്പൂർ ഉൾക്കാട്ടിൽ തകരാറിലായി കുടുങ്ങി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പൊലീസ്

കടയ്ക്കൽ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ ചിതറ പൊലീസ് ഉടൻ തന്നെ പിന്തുടർന്നു. കുളത്തൂപ്പുഴ പൊലീസിന്റെ സഹായത്തോടെ ഡാലിയിൽ വച്ച് ലോറി തടഞ്ഞു. ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചിതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

രാജ്യത്തെ ജഡ്ജിമാർ നിൽക്കുന്നത് ഗില്ലറ്റിൻ ഭീഷണിക്ക് മുന്നിൽ

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനം തുടങ്ങി

ശാസ്താംകോട്ട. സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് അഡ്വ.കെ അനിൽകുമാർ. സർക്കാറിന് വിധേയപ്പെട്ടില്ലെങ്കിൽ ഗില്ലറ്റിന് വിധേയമാക്കപ്പെടും എന്ന ഭയത്തിൻെറ മുനയിലാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നത്. രാജ്യത്തിന് പുതിയ ഹിന്ദുചരിത്രം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.


ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ അട്ടിമറിച്ച് രാജ്യത്തിന് ഒരു ഹിന്ദുചരിത്രമാണ് ഉണ്ടായിരുന്നത് എന്ന് വരുത്തിതീർക്കാനുള്ള പരിശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.തടസ്സമായി നിൽക്കുന്ന മതേതരത്വവും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനക്ക് ബദലുണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU)ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ”ഇന്ത്യൻ ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികൾ’ ” എന്ന വിഷയത്തിൽ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ അഡ്വ ജനറൽ അഡ്വ കെ.ഗോപാലൃഷ്ണകുറുപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ എൻ അനില്‍കുമാര്‍ അധ്യക്ഷനായി. എസ്.സുദേവൻ, കെ സോമപ്രസാദ്, എം ഗംഗാധരക്കുറുപ്പ്, പി.കെ ഷിബു,സുമലാൽ, എന്നിവർ സംസാരിച്ചു.

മൈസൂരുവിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് രാത്രി ബന്ദിപ്പൂർ ഉൾക്കാട്ടിൽ തകരാറിലായി കുടുങ്ങി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പൊലീസ്

സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കെ.എസ്.ആർ.ടി.സി ബസ് കേടായി കുടുങ്ങി. ബസിലുണ്ടായിരുന്ന 32 യാത്രക്കാരെ വയനാട് പൊലീസ് സമയോചിതമായി ഇടപെട്ട് സുരക്ഷിതരാക്കി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക അതിർത്തിയിലെ വനപാതയിൽ തകരാറിലായത്. അതിർത്തി കടന്നുള്ള രാത്രിയാത്രാ നിരോധനവും മറ്റു പ്രതിസന്ധികളും മറികടന്നാണ് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ മുക്കി, ഐടി മന്ത്രാലയത്തിനടക്കം കത്ത് നൽകി സിഎംഒ; ‘കാരണം വ്യക്തമാക്കണം, പോസ്റ്റുകൾ പുനസ്ഥാപിക്കണം’

സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് ആലപ്പുഴ സ്വദേശിയായ ഒരു പിതാവ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിനെ ഫോണിൽ ബന്ധപ്പെടുന്നത്. തൻ്റെ മകളടക്കമുള്ള യാത്രക്കാർ കാടിനു നടുവിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരിഭ്രാന്തി നിറഞ്ഞ സന്ദേശമാണ് പൊലീസിനെ ഉണർത്തിയത്. കവറേജ് ഇല്ലാത്തതിനാൽ ആദ്യം യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും, മുത്തങ്ങ ചെക്ക് പോസ്റ്റിലും പൊലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുത്തങ്ങയിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിനു സമീപമാണ് ബസ് കിടക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് ആശങ്കയിലായ യാത്രക്കാർക്ക് ധൈര്യം പകർന്നു.

തുടർന്ന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഏകോപനത്തിൽ ബത്തേരി ഡിപ്പോയിൽ നിന്ന് ഒരു സൂപ്പർ ഡീലക്സ് ബസ് അയച്ചു. ഇതോടൊപ്പം എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി. തകരാറിലായ എസി ബസിനകത്ത് ഈ സമയം അമിതമായ ചൂട് വമിച്ചിരുന്നു. ഇതിനാൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് അകത്തിരിക്കാനോ, കാട്ടു മൃഗങ്ങളുടെ ഭയം കാരണം പുറത്തിറങ്ങി നിൽക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുതിയ ബസിലേക്ക് മാറ്റി കോഴിക്കോട്ടേക്ക് അയച്ചു.