Advertisement
തെലങ്കാന : രംഗറെഡ്ഡി ജില്ലയിലുള്ള ചെവെല്ലയിൽ സൈനിക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6.30-ഓടെയാണ് സംഭവം നടന്നത്.
ചെവെല്ല മണ്ഡലത്തിലെ അല്ലവാഡ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.
ഹൈദരാബാദിലെ ഗോൽക്കൊണ്ട സൈനിക ക്യാമ്പിൽ നിന്ന് ഷാബാദിലേക്ക് പരിശീലന ആവശ്യത്തിനായി 14 സൈനികരാണ് ട്രക്കിൽ സഞ്ചരിച്ചിരുന്നത്.
പരിശീലനത്തിന്റെ ഭാഗമായി ഒരു സൈനികൻ വാഹനം ഓടിക്കുന്നതിനിടെ മീഡിയനിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പലതവണ തലകീഴായി മറിഞ്ഞ വാഹനം റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്.
പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഗോൽക്കൊണ്ടയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നറിയുന്നു.


































