കൊച്ചി.കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി. പൊതുമരാമത്ത് വകുപ്പ്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് റോഡ് സേഫ്റ്റി പ്ലാറ്റ്‌ഫോം വേണമെന്നാണ് നിർദേശം. റോഡുകളുടെ തകരാറുകളും വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടസാധ്യതയുള്ള സ്ഥലങ്ങളും ഈ സംവിധാനത്തിലൂടെ കണ്ടെത്തി ഉടൻ നടപടിയെടുക്കണം.
അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവർത്തിച്ച് നിയമം ലംഘിക്കുന്നവരെ തിരിച്ചറിയണമെന്നും കോടതി നിർദേശിച്ചു. സമയക്രമം പാലിക്കാനുള്ള സമ്മർദം സ്വകാര്യ ബസുകളുടെ അമിതവേഗത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിച്ച് ബസുകളുടെ റൂട്ടും സമയക്രമവും പുനഃക്രമീകരിക്കണം. ഇതിനായി സ്വീകരിച്ച നടപടികളും തുടർപദ്ധതികളും വിശദീകരിച്ച് വിവിധ വകുപ്പുകൾ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ബസ് സമയക്രമം നവംബർ 30-നകം പരിഷ്കരിക്കണം: ഹൈക്കോടതി.സ്റ്റേജ് കാരിയേജ് ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കാൻ RTA-കൾക്ക് നിർദേശം.നവംബർ 30-നകം സമയക്രമം പരിഷ്കരിക്കണം
എറണാകുളം ജില്ലയിൽ നവംബർ 13ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും ഹൈക്കോടതി നിർദേശം






























