28.1 C
Kollam
Friday 25th September, 2026 | 11:56:51 AM
Home News Local മഹത്തായ പാരമ്പര്യമുള്ള ഒരാഘോഷത്തെ വികലമാക്കിയും നിരുത്തരവാദപരമായും ഉപയോഗിക്കുന്നു,ഓച്ചിറയിലും സമീപ പ്രദേശത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് 40...

മഹത്തായ പാരമ്പര്യമുള്ള ഒരാഘോഷത്തെ വികലമാക്കിയും നിരുത്തരവാദപരമായും ഉപയോഗിക്കുന്നു,ഓച്ചിറയിലും സമീപ പ്രദേശത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് 40 മുതല്‍50 മണിക്കൂർ വരെ

ഓച്ചിറ . മഹത്തായ പാരമ്പര്യമുള്ള ഒരാഘോഷത്തെ വികലമാക്കിയും നിരുത്തരവാദപരമായും ഉപയോഗിക്കുന്നതുവഴി ഒരു നാടിനു തന്നെ തീരാദുരിതം. 28-ാം ഓണം കാളകെട്ടുത്സവത്തെ തുടർന്ന് ഓച്ചിറയിലും സമീപ പ്രദേശത്തും നാൽപത് മുതല്‍ 50 മണിക്കൂറായി വൈദ്യുത ബന്ധം നിലച്ചിട്ട്. പ്രതിഷേധം വ്യാപകം. കൂറ്റൻ കെട്ടുകാളകളെ എഴുന്നള്ളിക്കുന്നതിനായി ഓച്ചിറ, പായി ക്കുഴി, വലിയകുളങ്ങര, ഓച്ചിറ ടൗൺ, ചങ്ങൻകുളങ്ങര, പ്രയാർ, പുതുപ്പള്ളി, ദേവികുളങ്ങര, മേമന പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചിട്ട് നാൽപത് മണിക്കൂർ പിന്നിടുന്നത് .

ഓച്ചിറയിലെ കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനും പ്രാദേശിക അധികാരികള്‍ക്കും എന്തിന് ദേവസ്വത്തിനുപോലും ഒരു ഉത്തരവാദവുമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. കെട്ടുകാളകളെ തോന്നിയപടി കെട്ടിവയ്ക്കുന്നതിന്‍റെ ഉത്തരവാദിത്വമില്ലായ്മ മൂലം പല ഉരുപ്പടികളെയും ക്ഷേത്രത്തിലെത്തിക്കാനായില്ല. മുന്നോട്ടു നീക്കാന്‍ പോലുമാവാതെ പലതിന്‍റെയും യാത്ര തുടങ്ങിയിടത്ത് അവസാനിച്ചതില്‍ വിശ്വാസികള്‍ക്ക് കടുത്ത ദുഖവും പ്രതിഷേധവുമുണ്ടായി. എന്നാല്‍ രണ്ടാം നിരയിലെ പല വമ്പന്‍ കെട്ടുകാളകളും ഇന്നലെ എഴുന്നള്ളിക്കാന്‍ തീരുമാനിച്ചതോടെ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാനാവാത്തത് വീണ്ടും വന്‍പ്രതിസന്ധിയായി. ഇതൊന്നും നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആരുമില്ലാത്ത നിലയാണിപ്പോള്‍. ചില രാഷ്ട്രീയ സംഘടനകളും പരോക്ഷമായി ഇത്തരം നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവരുടെ പിന്നില്‍ നിന്ന് ശക്തി പകരുന്നതോടെ ഒരു രാഷ്ട്രീയ സാമുദായിക പിന്‍ബലവുമില്ലാത്ത ജനം പ്രതിഷേധം കടിച്ചിറക്കി മിണ്ടാതിരിക്കേണ്ട നിലയാണിവിടെ. സമൂഹമാധ്യമങ്ങളില്‍ ജനം ശക്തമായി പ്രതിഷേധം അറിയിക്കുന്നുണ്ട്. അല്‍പം യുക്തിബോധത്തോടെ നടത്തിയാല്‍ ഏറ്റവും മനോഹരമായ ഒരാഘോഷമാക്കാവുന്ന ഉല്‍സവത്തെ നശിപ്പിച്ച് നാടിനെ അപമാനിക്കുകയാണെന്ന് ഇവര്‍ വിലയിരുത്തുന്നു.

പണ്ട് ഉച്ചക്കുശേഷം ഏതാനും മണിക്കൂറുകള്‍ നിയന്ത്രിക്കുമായിരുന്ന ദേശീയ പാതയിലെ ഗതാഗതം ഇപ്പോള്‍ പൂര്‍ണമായും തടഞ്ഞിടുന്നത് ഒരു ദിവസം മുഴുവനാണ്. പുതിയ പാത വന്നതോടെ പ്രധാനപാതയിലെ ഗതാഗതം വേണമെങ്കില്‍ നിലനിര്‍ത്താമെന്നിരിക്കെ കായംകുളംമുതല്‍ ചവറവരെ ഗതാഗതം പാടേ നിര്‍ത്തിവച്ചു കൈകഴുകുന്ന സ്ഥിതിയാണ് അധികൃതരുടേത്. ഫലം ഓച്ചിറയിലെ ഉല്‍സവം തെക്കന്‍കേരളത്തെ സ്തംഭിപ്പിക്കുന്ന നിലയായിമാറി. ഇതു സംബന്ധിച്ചു നടക്കുന്ന ഉപദേശക സമിതിയോഗങ്ങളില്‍ ചിലരുയര്‍ത്തുന്ന സങ്കുചിത ചിന്താഗതികള്‍ക്ക് കൈയ്യടിച്ച് മടങ്ങുകയാണ് ഭരണാധികാരികള്‍.

ആചാരംപോലും തെറ്റിച്ച് ചില കെട്ടുകാഴ്‌ചകൾ ഇന്നലെ കൂടി എഴുന്നള്ളത്ത് ആരംഭിച്ചതോടെയാണ് എല്ലാ കണക്കുകൂട്ടലും തെറ്റി ജനം ഇരുട്ടിലായത്. വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവരാണ് ദുരിതത്തിലായത്. പലയിടത്തും കുടിവെള്ളവിതരണമില്ല.

വ്യാപാരികളും നാട്ടുകാരും വലിയ പ്രതിഷേധം ഉയർത്തി. കെട്ടുകാളകൾ കടന്നുപോകുന്ന സ്‌ഥലങ്ങളിൽ വേഗം വൈദ്യുതി പുനഃസ്‌ഥാപി ക്കാൻ കെഎസ്ഇബി അധികൃതർ തുടരുകയാണ്. പല സ്‌ഥലങ്ങളിലും കെഎസ്ഇബി ഉദ്യോഗസ്‌ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here