27.1 C
Kollam
Thursday 13th August, 2026 | 01:00:23 PM
Home News Local കാറ്റിലും മഴയിലും മരം വീണ് കുന്നത്തൂർ വനിതാ വ്യവസായ കേന്ദ്രത്തിന്റെ മതിലും വൈദ്യുതി പോസ്റ്റുകളും തകർന്നു

കാറ്റിലും മഴയിലും മരം വീണ് കുന്നത്തൂർ വനിതാ വ്യവസായ കേന്ദ്രത്തിന്റെ മതിലും വൈദ്യുതി പോസ്റ്റുകളും തകർന്നു

കുന്നത്തൂർ:ശക്തമായ കാറ്റിലും മഴയിലും ഐവർകാല പുത്തനമ്പലത്തെ കൊല്ലം ജില്ലാ പഞ്ചായത്ത് കുന്നത്തൂർ വനിതാ വ്യവസായ കേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്ന മരം കടപുഴകി വീണ് മതിലും മൂന്ന് വൈദ്യുതി പോസ്റ്റുകളും തകർന്നു.വർഷങ്ങളായി അപകടഭീഷണി ഉയർത്തിയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് തന്നെ ഒമ്പതാം വാർഡ് മെമ്പർ റ്റി.എ സുരേഷ് കുമാറും പതിനൊന്നാം വാർഡ് മെമ്പർ അഞ്ചു.എം.സജിയും പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.മരം സൈഡിലേക്ക് വീണത് കൊണ്ട് വൻ ദുരന്തം ഒഴിവായി.കോടിക്കണക്കിന് രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ ഒരു വ്യവസായ പ്രവർത്തനവും ആരംഭിച്ചിട്ടില്ല.നിലവിൽ കെട്ടിടവും പരിസരവും കാടുപിടിച്ച നിലയിലാണെന്നും കാട്ടുപന്നികളുടെ താവളമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.