കോഴിക്കോട്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ സ്വയം വിമർശനമില്ലാതെ സി.പി.എം കോഴിക്കോട് ജില്ലാ വിപുലീകൃത കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്.
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് സംസ്ഥാനം മുഴുവൻ ഉണ്ടായ ഘടകങ്ങളല്ലാതെ കോഴിക്കോട് ജില്ലയിൽ മാത്രമായി പ്രത്യേക കാരണങ്ങളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിൽ പാർട്ടി പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം പൊതുചർച്ചയിൽ ഉയർന്നു.
ഇ ഡിക്കും എസ് ഐ ടി അന്വേഷണത്തിനുമെതിരെ ആദ്യ ദിവസം പ്രമേയവും പാസാക്കിയിരുന്നു. കാന്തപുരം വിവാദം ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങളിൽ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തി വിമർശനം ഉന്നയിക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടെന്ന് പേരാമ്പ്രയിൽ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വിഷയങ്ങൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൻമേൽ ഇന്നും പൊതു ചർച്ച തുടരും. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ചകളും നേതൃത്വത്തിന്റെ ഭാഗത്ത് നടക്കുന്നുണ്ട്.




































