കോഴിക്കോട്. കൂത്താളിയിൽ MDMA കേസ് പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. ഉദ്യോഗസ്ഥർക്ക്
പരിക്കേറ്റു. പ്രതി അനസ്സും ബന്ധുക്കളും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്
ചെമ്പോടൻപൊയിലിലെ വീട്ടിൽവെച്ചാണ് സിനിമ രംഗത്തിന് സമാനമായ സംഭവം ഉണ്ടായത്. എംഡിഎംഎ കേസിൽ പ്രതിയായ കൂത്താളി സ്വദേശി അനസിനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് എത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് അനസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഇരുമ്പുവടി ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ അടിച്ച് പരിക്കേൽപ്പിച്ചു. പ്രതി മാത്രമല്ല, ബന്ധുക്കളും ചേർന്നാണ് ആക്രമണം അഴിച്ചുവിട്ടത്.
കമ്പിവടി ഉപയോഗിച്ച് മറ്റൊരു ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും തടയുന്നതിനിടെ ഉദ്യോഗസ്ഥൻ്റെ കൈയ്ക്കും പരിക്കേറ്റു.
മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി ഹാളിലെത്തിച്ചപ്പോൾ, പ്രതിയും ബന്ധുക്കളും ചേർന്ന് വീണ്ടും പോലീസ് സംഘത്തെ ആക്രമിച്ചു.
ഇതിനിടെ, അനസിന്റെ ബന്ധുവായ ആസിഫിന്റെ കൈവശമുണ്ടായിരുന്ന രണ്ടുവയസുള്ള കുട്ടിയെ ഉയർത്തിപ്പിടിച്ച്, “അനസിനെ വിട്ടയച്ചില്ലെങ്കിൽ കുട്ടിയെ നിലത്തിട്ട് കൊല്ലുമെന്ന്” ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പരിക്കേറ്റ ഉദ്യോഗസ്ഥർ ചികിത്സ തേടി.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി




































