30.6 C
Kollam
Thursday 1st October, 2026 | 03:06:22 PM
Home News Breaking News മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം,വാഹനത്തിന് സാരമായ കേടുപാടുകള്‍

മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം,വാഹനത്തിന് സാരമായ കേടുപാടുകള്‍

കണ്ണൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കാസര്‍കോട് നീലേശ്വരത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചിടങ്ങളില്‍ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.

തളിപ്പറമ്പില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളോടെ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കല്ലുകൊണ്ടും കൈകള്‍കൊണ്ടും വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് ശേഷവും കേടുപാടുകള്‍ സംഭവിച്ച അതേ വാഹനത്തില്‍ത്തന്നെ മന്ത്രി യാത്ര തുടര്‍ന്നു. പിന്നാലെ പയ്യന്നൂരില്‍ എത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐക്കാരും തമ്മില്‍ നടുറോഡില്‍ രൂക്ഷമായ കയ്യാങ്കളിയുണ്ടായി. സന്ദീപ് വാര്യര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.

മന്ത്രിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് അരങ്ങേറിയതെന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുള്‍ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരടങ്ങുന്ന ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒളിപ്പോരാളികളെപ്പോലെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ‘കൊല്ലെടാ ജനീഷിനെ’ എന്ന് അക്രമികള്‍ പരസ്യമായി ആക്രോശിച്ചെന്നും മന്ത്രിയുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തിലാണ് ഡിവൈഎഫ്‌ഐ പെരുമാറിയതെന്നും അബ്ദുള്‍ റഷീദ് വ്യക്തമാക്കി.

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്

പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here