തൃശൂർ: മാധ്യമപ്രവർത്തനത്തിൽ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മാധ്യമ വിമർശനം. മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും എന്നാൽ ഇന്നത്തെ മാധ്യമരംഗത്ത് അതില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം
സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്ന കാലമാണിത്. മുൻപ് പൊതുശൗചാലയങ്ങളിൽ തെറി എഴുതിയിരുന്നതുപോലെയാണ് ചിലർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകളാണെന്നും തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
അൺഎത്തിക്കലായ മാധ്യമപ്രവർത്തനം പാടില്ല
മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു കാരണവശാലും സോഷ്യൽ മീഡിയയുടെ തരംതാണ നിലവാരത്തിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സർക്കാരിനെയും മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാക്കളെയും ശക്തമായി വിമർശിക്കാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇന്നലെ പെയ്ത മഴയിൽ മുളച്ച ചിലർ അൺഎത്തിക്കലായ മാധ്യമപ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും, അത്തരക്കാർ അവരുടെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യമുള്ള പ്രധാന മാധ്യമങ്ങൾ റേറ്റിങ്ങിന് പിന്നാലെ പോകാതെ ഉത്തരവാദിത്തമുള്ള നിലപാടുകൾ തുടരണം. തരംതാണ ശൈലിയാണ് യഥാർത്ഥ മാധ്യമപ്രവർത്തനമെന്ന് പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്. തന്റെ വാക്കുകൾ വലിയ ചർച്ചയാകുമെന്നറിയാമെന്നും ഇത്തരം ആരോഗ്യകരമായ ചർച്ചകൾ ഉയർന്നുവരേണ്ടത് അത്യാവശ്യമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.


































