27.9 C
Kollam
Tuesday 10th November, 2026 | 09:29:41 PM
Home News Kerala തിരുവനന്തപുരം വിമാനത്താവളത്തിൽ വൻപാർക്കിങ് കൊള്ള; യാത്രക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻപാർക്കിങ് കൊള്ള; യാത്രക്കാർ പ്രതിസന്ധിയിൽ

Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻപാർക്കിങ് കൊള്ളയെന്ന് പരാതി. യാത്രക്കാരെ ഇറക്കാനും, വിളിക്കാനും വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫീസ്‌ നിരക്ക് വർധിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം..

ഇരുചക്ര വാഹനങ്ങൾക്ക് നേരത്തെ എട്ടുമിനിട്ടുവരെ സൗജന്യ പാർക്കിങ് നൽകിയിരുന്നു. എന്നാൽ പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂർ വരെ 50 രൂപയും ഒരുമണിക്കൂറിന് 100 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവുമാണ് നൽകേണ്ടത്. ഓട്ടോറിക്ഷയ്ക്കും മൂന്നുചക്ര വണ്ടികൾക്കും എട്ട് മിനിട്ടുവരെ 50 രൂപയാണ് വാങ്ങുക. അതേസമയം അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയും നൽകണം.

സ്വകാര്യ നാലുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ എട്ട് മിനിട്ട് ആശ്വസിക്കാം. എട്ട് മിനിറ്റ് പാർക്കിംഗ് ഫീസ് സൗജന്യമാണ്. എന്നാൽ അരമണിക്കൂറിന് 150 രൂപയും,  ഒരു മണിക്കൂറിന് 200 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപയും നൽകണം. യാത്രക്കാരെ കൊണ്ടുവിടാൻ വരുന്ന നാലുചക്ര വാഹനങ്ങൾക്ക് എട്ട് മിനിട്ടിന് 50-ഉം അരമണിക്കൂറിന് 200 രൂപയുമാണ്. ഇത്തരത്തിൽ ഓരോ മണിക്കൂറിനും 100 രൂപ അധികമായി നൽകണം. ടാക്സി കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഉയർന്ന നിരക്കാണ്. എട്ട് മിനിറ്റിന് തന്നെ 180 രൂപ. അരമണിക്കൂറിന് 200 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവും. ഫീസ് വർദ്ധനക്കെതിരെ കടുത്ത പ്രതിഷേധമാണ് യാത്രക്കാർക്കിടയിൽ നിന്നും ഉയരുന്നത്.

അദാനിയുടെ ചുമതലയിലുള്ള എല്ലാ വിമാനത്താവളങ്ങളിലും പാര്‍ക്കിങ് ഫീസും എന്‍ട്രി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്നാണ് അധികൃത നൽകുന്ന വിശദീകരണം. എന്നാൽ ഇന്ധനവില വർധനവ് കൂടി വന്നതോടെ താങ്ങാനാവാത്ത പാർക്കിംങ് ഫീസ് കേട്ട് മുക്കത്ത് വിരൽ വെച്ചിരിക്കുകയാണ് യാത്രക്കാർ..

LEAVE A REPLY

Please enter your comment!
Please enter your name here