ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ നിരന്തരം ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയും ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന അപകടകാരികളായ കാട്ടാനകളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ വനംവകുപ്പ് തീരുമാനമെടുത്തു. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന ‘ചക്കക്കൊമ്പന്‍’ ഉള്‍പ്പെടെയുള്ള മൂന്ന് കാട്ടാനകളെ മറ്റൊരു സുരക്ഷിത വനമേഖലയിലേക്ക് മാറ്റാനാണ് വനംവകുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. രണ്ട് മാസത്തിനകം ആനകളെ പിടികൂടി മാറ്റാനുള്ള സാങ്കേതികവും ഭരണപരവുമായ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വനമേഖലയിലെ പരമ്പരാഗത ആനത്താരകള്‍ അടച്ചുകെട്ടി സ്വകാര്യ തോട്ടം ഉടമകള്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫെന്‍സിങ്ങുകള്‍ വനംവകുപ്പ് പൊളിച്ചുമാറ്റും. സ്വാഭാവിക സഞ്ചാരപാതകള്‍ തടസ്സപ്പെടുന്നതാണ് കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാന്‍ പ്രധാന കാരണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കാട്ടാനകളില്‍നിന്ന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിനായി പ്രദേശവാസികളുടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ചുറ്റും വനംവകുപ്പിന്റെ നേതൃത്വത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കും.
ജനവാസമേഖലയിലിറങ്ങി നിരന്തരം ഭീതി പരത്തുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം.എം. മണി പറഞ്ഞു. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആനകളെ വെറുതെ പിടിച്ചുമാറ്റുന്നത് ഒന്നിനും ശാശ്വതമായ പരിഹാരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനകളെ വെടിവെച്ചുതന്നെ കൊല്ലുകയാണ് വേണ്ടതെന്നും മണി പറഞ്ഞു.
































