ന്യൂഡല്‍ഹി. സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചതും മാറിടത്തില്‍ സ്പര്‍ശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്ന ഹൈക്കോടതിയുടെ വിവാദ വിധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ഹൈക്കോടതി വിധിന്യായത്തിലെ ചില നിരീക്ഷണങ്ങള്‍ തീര്‍ത്തും അപകീര്‍ത്തികരവും അനുചിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിന്യായത്തില്‍ അങ്ങേയറ്റം ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടെന്ന് ബിഹാര്‍ അഡ്വക്കേറ്റ് ജനറല്‍ എസ്.ഡി. സഞ്ജയിയോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ വാദം കൂടി കേട്ടതിനു ശേഷമേ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് സാധിക്കൂ. അതിനാല്‍ ലോക്കല്‍ പോലീസ് മുഖേന പ്രതിക്ക് നോട്ടീസ് ലഭിച്ചുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രതിയുടെ ഭാഗം വിശദമായി കേട്ട ശേഷം കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
സ്ത്രീയുടെ സല്‍വാര്‍ അഴിക്കാന്‍ ശ്രമിച്ചതും മാറിടത്തില്‍ അമര്‍ത്തി ലൈംഗികമായി അതിക്രമം നടത്തിയതും ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു പട്ന ഹൈക്കോടതിയുടെ വിലയിരുത്തല്‍. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായോ അല്ലെങ്കില്‍ അതിനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയുള്ള പരസ്യമായ നടപടികളോ തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത് ബലാത്സംഗശ്രമമല്ലെന്നും, പരമാവധി സ്ത്രീത്വത്തെ അപമാനിക്കല്‍ എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ മാത്രമേ വരൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 511 വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ലഭിച്ചിരുന്ന ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.






























