27.6 C
Kollam
Monday 21st September, 2026 | 07:13:56 PM
Home News Breaking News തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, മുഖ്യമന്ത്രി...

തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരും. ത്രിശങ്കു സ്വര്‍ഗത്തിലാണ്. കേരളത്തിലെ തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കണം. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല.എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ ഗവണ്‍മെന്റ് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറെ നാളുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വിഡി സതീശനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു. കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇരുവരും ആദ്യമായാണ് ഒരുമിച്ച് വേദിയിലെത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ പരിപാടി മാറ്റിവെച്ചിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയാണ് ആര്‍ ചന്ദ്രശേഖരന്‍ സംസാരിച്ചത്. ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും ഐഎന്‍ടിയുസിയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മണിയടിക്കുന്ന ആളല്ല’ എന്നും മുഖ്യമന്ത്രിക്ക് ഐഎന്‍ടിയുസിയുടെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കഴിഞ്ഞ ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അന്ന് ഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിച്ചില്ലെന്നും ഇന്നത്തെ യോഗം താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ നയമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തുന്ന സമീപനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ സ്വതന്ത്രമായി നിലനിര്‍ത്താനാണ് ശ്രമമെന്നും പൊതുമേഖലാ സ്ഥാപനമാണെന്ന പേരില്‍ സമ്പത്ത് ചോര്‍ത്തിക്കളയാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here