26.1 C
Kollam
Saturday 17th October, 2026 | 09:21:38 PM
Home News Breaking News ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കോട്ടയം: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ തീര്‍ത്ഥാടന കാലയളവ് കഴിഞ്ഞാല്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് തിരുപ്പതി മോഡലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദര്‍ശനത്തിനും സുരക്ഷയ്ക്കും പൊലീസ് സേന, ഫയര്‍ ഫോഴ്‌സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തില്‍ വിന്യസിക്കും.

പമ്പയില്‍ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്‌നമാകാതിരിക്കാന്‍ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാന്‍ നിലയ്ക്കലില്‍ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉള്‍ക്കൊള്ളുന്ന ജര്‍മ്മന്‍ മാതൃകയിലുള്ള ഷെഡ് നിര്‍മിക്കും. 22 മെഡിക്കല്‍ എമര്‍ജെന്‍സി യൂണിറ്റുകള്‍ സജ്ജമാക്കും. മാലിന്യ നിര്‍മാര്‍ജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്കായി 461 ബസുകളാണ് കെ എസ് ആര്‍ ടി സി സജ്ജമാക്കുന്നത്.

വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേര്‍ത്ത് ടെമ്പിള്‍ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തില്‍ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. തീര്‍ത്ഥാടകര്‍ക്ക് മികച്ച ചികില്‍സ ലഭിക്കാന്‍ ആശുപതികളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഈ സീസണില്‍ ഭക്തര്‍ക്ക് സുഗമ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here