26.2 C
Kollam
Thursday 30th July, 2026 | 10:42:27 PM
Home News Breaking News വടകരയിൽ സിനിമാക്കഥയെ വെല്ലുന്ന വാഹന മോഷണം, ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും ഉൾപ്പെടെ മൂന്ന്...

വടകരയിൽ സിനിമാക്കഥയെ വെല്ലുന്ന വാഹന മോഷണം, ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കവർന്നു

കോഴിക്കോട്. വടകരയിൽ സിനിമാക്കഥയെ വെല്ലുന്ന വാഹന മോഷണം. ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കവർന്ന സംഘം, തെളിവുകൾ മായ്ക്കാൻ സിസിടിവിയും തകർത്താണ് കടന്നുകളഞ്ഞത്. വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തിലാണ് പൊലീസ്.


വടകര മേമുണ്ടയിലെ മേപ്പത്തൂർ ഉസ്മാന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു മോഷണം. വീട്ടുകാർ വൈകിട്ട് ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ മോഷ്ടാക്കൾ
പൂട്ട് തകർത്ത് അകത്ത് കടന്നു. വീടിനകത്തെ ലോക്കർ കുത്തിത്തുറന്ന് വാഹനങ്ങളുടെ താക്കോൽ കൈക്കലാക്കി. ഗാരേജിലുണ്ടായിരുന്ന ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്സസ് സ്കൂട്ടറും കടത്തിക്കൊണ്ടുപോയി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കോഡ കാറും കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ സ്റ്റാർട്ടാകാഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ചു. മോഷണം പൂർത്തിയാക്കിയ ശേഷം തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്‌കും തകർത്തു

സംഭവസമയത്ത് വീട്ടുപറമ്പിലേക്ക് ഒരു ഇന്നോവ കാർ എത്തിയതായി ജോലിക്കാരൻ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ പരിചയക്കാരായിരിക്കുമെന്ന ധാരണയിൽ സംശയം തോന്നിയില്ല. എന്നാൽ ഇതേ വാഹനത്തിലാണ് മോഷണസംഘം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളുടെ സഞ്ചാരപാത കണ്ടെത്താനാണ് പൊലീസ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here