30.5 C
Kollam
Monday 14th September, 2026 | 12:29:04 PM
Home News Breaking News ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പന, ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പന, ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

കൊച്ചിയില്‍ ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പന നടത്തിയ ആലപ്പുഴ സ്വദേശികള്‍ എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ പിടിയില്‍. കാര്‍ത്തികപിള്ളി സ്വദേശി മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ മുറിയിലും വീട്ടിലുമായി ഒളിപ്പിച്ച നൂറ് ഗ്രാമിനടുത്ത് എംഡിഎംഎയും പിടികൂടി.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ മുഹമ്മദ് ഷാഫിയും സരിതയും. ദമ്പതികളെന്ന വ്യാജേന ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു ലഹരിവില്‍പന. ആലപ്പുഴ സ്വദേശികളായ ഇരുവരും ഓര്‍ഡര്‍ മുന്‍കൂട്ടി സ്വീകരിച്ച് ബെംഗളൂരുവില്‍ പോയി എംഡിഎംഎ വാങ്ങും. തിരിച്ച് കൊച്ചിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചായിരുന്നു വിതരണം. തൃശ്ശൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ ലഹരി എത്തിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ

കഴിഞ്ഞ ദിവസം ഇരുവരും ബെംഗളൂരുവില്‍ പോയിവന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊച്ചിയിലുണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് സൗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ക്യൂൻസ് ഹോട്ടല്‍ ഇനില്‍ പരിശോധന നടത്തി. മുഹമ്മദ് ഷാഫിയാണ് മുറിയിലുണ്ടായിരുന്നത്. പരിശോധനയില്‍ 65 ഗ്രാം എംഡിഎംഎ മുറിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ സരിത മുറിയിലുണ്ടായിരുന്നില്ല. ഓര്‍ഡര്‍ പ്രകാരം ആലപ്പുഴയിലെ ഇടപാടുകാര്‍ക്ക് എംഡിഎംഎ വിതരണത്തിനായി പോയതായിരുന്നു സരിത. ഇതോടെ എക്‌സൈസ് സംഘം സരിതയ്ക്കായി വലവിരിച്ച് കാത്തിരുന്നു. രാത്രി പത്തരയോടെ മടങ്ങിവന്ന സരിതയെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സരിത മൊഴി നല്‍കി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇരുപത്തിയെട്ട് ഗ്രാമിലേറെ എംഡിഎംഎയും കണ്ടെത്തി. ഒരു ഗ്രാം എംഡിഎംഎ നാലായിരം രൂപയ്ക്കാണ് ഇരുവരും വില്‍പന നടത്തിയിരുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ഫോണും പതിനേഴായിരത്തിലേറെ രൂപയും പിടികൂടി. ഇരുവരില്‍ നിന്നും എംഡിഎംഎ വാങ്ങിയവരും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്