ആലപ്പുഴ: തനിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച് ജി സുധാകരന്‍ എംഎല്‍എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ആലപ്പുഴയില്‍ സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. നഗരസഭയില്‍ തനിക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ വിവരം അറിയിച്ചില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. മന്ത്രി രമേശ് ചെന്നിത്തലയോട് തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാലാണ് ഇക്കാര്യം പറയുന്നത്.
കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത് രാഷ്ട്രീയമല്ല. അരാഷ്ട്രീയമാണ്, അവസരവാദമാണ്, അഴിമതിയിലേക്ക് വഴിവെക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് എന്നു മാത്രമേ ഇതിനെ പറയാനാകൂ. തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജി സുധാകരന്‍ തുറന്നടിച്ചു.
എംഎല്‍എമാര്‍ക്ക് സ്വീകരണത്തിനുള്ള ചടങ്ങിലേക്ക് ക്ഷണിച്ചതു പ്രകാരമാണ് ചെന്നത്. എന്നാല്‍ അവിടെയെങ്ങും ആരുമില്ല. കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. യൂറിനലില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ടു പോകേണ്ട അവന്മാര്‍ അവിടെയുണ്ടെന്ന് ചിലര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ക്ക് അതു മനസ്സിലാകുന്നില്ല. തനിക്കെതിരെ പ്രതിഷേധിക്കാന്‍ പ്ലക്കാര്‍ഡും പിടിച്ച് കുറച്ചുപേരുണ്ടായിരുന്നു. എന്നാല്‍ താന്‍ അതു ഗൗനിക്കാതെ പോയി.
ക്ഷണിച്ചുവരുത്തിയവരെ സ്വീകരിക്കുമ്പോള്‍ പ്ലക്കാര്‍ഡ് പിടിച്ചവരെ അറസ്റ്റു ചെയ്തു മാറ്റിയില്ല?. പൊലീസിനും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നു. താനവിടെ ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ അവിടെ അടി നടക്കുമായിരുന്നില്ലേ?. അങ്ങനെയൊരു പ്രതിഷേധം ഉണ്ടാകുമായിരുന്നു എന്ന വിവരം അറിഞ്ഞിട്ടും പൊലീസുകാര്‍ എന്തുകൊണ്ട് അറിയിച്ചില്ല. അത് ആഭ്യന്തരമന്ത്രി അറിയാനാണ് പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു
ആലപ്പുഴ നഗരസഭയിലെ പ്രതിഷേധത്തില്‍ ജി സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ പൊതു ജീവിതത്തില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ് ജി സുധാകരന്‍. അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ആ ജനവിധി നമ്മള്‍ മാനിക്കണം. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ വളരെ കളങ്കരഹിതനായി പ്രവര്‍ത്തിച്ച നേതാവാണ് ജി സുധാകരന്‍. രണ്ടു തവണ മന്ത്രിയായിട്ടും, പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പു പോലുള്ളവ കൈകാര്യം ചെയ്തിട്ടും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ്. ജനങ്ങള്‍ക്ക് മാതൃകാപരമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന നേതാവാണ് ജി സുധാകരന്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ ജനവിധി മാനിക്കാന്‍ നമുക്കെല്ലാം കഴിയണം. അതിനോട് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല.
ജി സുധാകരന്‍ നിഷ്‌കളങ്കനായ വ്യക്തിയാണ്. മുന്നില്‍ ഒന്നു വെച്ചിട്ട് വേറൊന്നു പറയുന്ന ആളല്ല. അതുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ തുറന്നു പറഞ്ഞത്. തീര്‍ച്ചയായും എല്ലാവിധ പിന്തുണയും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജി സുധാകരനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും സിപിഎം പിന്തിരിയണം. അത്തരം ഒരു നടപടിയേയും പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

































