Home News Breaking News തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട; 2028ൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട; 2028ൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രായം, ആരോഗ്യസ്ഥിതി, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് തീരുമാനത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്സിലൂടെ നടത്തിയ കുറിപ്പിലൂടെയാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്. മാണ്ഡ്യ ജില്ലയിലെ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ സജീവ രാഷ്ട്രീയം പൂർണമായും വിടില്ലെന്നും പാർട്ടിക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 79 വയസുള്ള തനിക്ക് 2028ൽ 81-82 വയസ്സാകുമെന്നും അന്നത്തെ സാഹചര്യത്തിൽ മുമ്പത്തെ അതേ ഊർജത്തോടെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നുമാണ് സിദ്ധരാമയ്യയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് കൈമാറി മാസങ്ങൾക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വീണ്ടും മത്സരിക്കണമെന്ന് വരുണ മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അന്തിമമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ജനങ്ങൾ സാമ്പത്തികമായി പിന്തുണച്ച് വിജയിപ്പിച്ചിരുന്ന സാഹചര്യം ഇന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1978ൽ താലൂക്ക് ബോർഡ് അംഗമായാണ് പൊതുജീവിതം ആരംഭിച്ചതെന്നും 2028ഓടെ അമ്പത് വർഷത്തെ പൊതുപ്രവർത്തനം പൂർത്തിയാകുമെന്നും സിദ്ധരാമയ്യ ഓർമിപ്പിച്ചു. വിജയങ്ങളും പരാജയങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും താൻ വിശ്വസിച്ച തത്വങ്ങളിൽ നിന്ന് ഒരിക്കലും വഴിമാറിയിട്ടില്ലെന്നും മനസ്സാക്ഷിയെ വഞ്ചിച്ചിട്ടില്ലെന്ന സംതൃപ്തിയോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി തനിക്കൊപ്പം നിന്ന കർണാടകയിലെ ജനങ്ങളോട് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here