26.1 C
Kollam
Thursday 10th September, 2026 | 05:34:15 AM
Home News Breaking News ഗ്ലാസ്‌ഗോയിൽ റിഷികാന്തിന്റെ തകർപ്പൻ തിരിച്ചുവരവ്; കോമൺവെൽത്ത് റെക്കോഡോടെ ഇന്ത്യയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ റിഷികാന്തിന്റെ തകർപ്പൻ തിരിച്ചുവരവ്; കോമൺവെൽത്ത് റെക്കോഡോടെ ഇന്ത്യയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിലെ വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ താരം റിഷികാന്ത് സിങ് ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സമ്മാനിച്ചു. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ആകെ 264 കിലോഗ്രാം ഉയർത്തിയാണ് റിഷികാന്ത് വെള്ളി മെഡൽ നേടിയത്.

സ്നാച്ച് വിഭാഗത്തിൽ മൂന്നാം ശ്രമത്തിൽ 121 കിലോഗ്രാം ഭാരം ഉയർത്തിയാണ് റിഷികാന്ത് പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് കുറിച്ചത്. തുടർന്ന് ക്ലീൻ ആൻഡ് ജെർക്കിൽ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഉയർത്തി ആകെ 264 കിലോഗ്രാമെന്ന മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

2022ലെ ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ നഷ്ടമായിരുന്നു. നാല് വർഷത്തിന് ശേഷം റെക്കോഡും വെള്ളി മെഡലുമായി തിരിച്ചെത്തിയ റിഷികാന്തിന്റെ നേട്ടം ഇന്ത്യൻ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

മത്സരത്തിൽ മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിൻ കസ്ദാൻ ആകെ 273 കിലോഗ്രാം ഉയർത്തി സ്വർണ മെഡൽ സ്വന്തമാക്കിയപ്പോൾ, കെനിയയുടെ ജോഷ്വ അമുങ്ക എംബോയ 260 കിലോഗ്രാമുമായി വെങ്കല മെഡൽ നേടി.