27.6 C
Kollam
Monday 21st September, 2026 | 05:50:57 PM
Home News Breaking News എവിടെ മത്സരിച്ചാലും തോൽപ്പിക്കും,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം

എവിടെ മത്സരിച്ചാലും തോൽപ്പിക്കും,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം

തിരുവനന്തപുരം. കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി – ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.

അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.