27.5 C
Kollam
Wednesday 25th November, 2026 | 09:58:17 PM
Home News Breaking News റാസൽഖൈമ ബസ് അപകടം: മരിച്ച മലയാളികൾ നാലായി

റാസൽഖൈമ ബസ് അപകടം: മരിച്ച മലയാളികൾ നാലായി

Advertisement

റാസൽഖൈമ: റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ച്‌ മരിച്ചവരിൽ നാല് മലയാളികൾ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് (29) ഏറ്റവുമൊടുവിൽ തിരിച്ചറിഞ്ഞത്. നേരത്തെ കാസർകോട്‌ കള്ളാർ പൂത്താമലയിലെ അഷറഫ്‌ (53), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ ഹേമന്തത്തിലെ പുതിയ കാവിൽ ഹേമന്ത് (29), പാനൂർ പന്ന്യന്നൂർ മനേക്കര കൃഷിഭവന് സമീപം ആയാടത്തിൽ സമൃദ് നിവാസിൽ സങ്കീർത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു.

തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. ഇതിൽ ആറ്‌ പേർ ഇന്ത്യക്കാരാണ്. 41 യാത്രക്കാരുമായി പോയ മലയാളിയുടെ ഉടമസ്ഥതയിൽപ്പെട്ട ട്രാവൽസ് സ്ഥാപനത്തിന്റെ ബസ് റോഡരികിൽ നിർത്തിയിട്ട ട്രക്കിലിടിക്കുകയായിരുന്നു. വിസ മാറ്റത്തിനായി ഒമാനിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഇതിൽ 26 പേർക്ക് പരിക്കുണ്ടെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണങ്ങളെക്കുറിച്ചുള്ള വിശദ അന്വേഷണം നടക്കുകയാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൂന്നുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഗൾഫിലുള്ള മകൻ ആശുപത്രിയിലെത്തി അഷറഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ദുബായിലെ ഉമ്മൽഖുവൈനിൽ വർഷങ്ങളായി കച്ചവടം നടത്തുകയായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തി. അടുത്തിടെ വിസിറ്റിങ്‌ വിസയിൽ ഗൾഫിൽ തിരിച്ചെത്തിയതായിരുന്നു. നേരത്തെ അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലായിരുന്നു താമസം. ഭാര്യ: ജമീല. മക്കൾ: ഷറഫുദീൻ (ഗൾഫ്), അഷരീഫ, പരേതരായ അജ്മൽ, അസ്കർ. സഹോദരങ്ങൾ: അബ്ദുൽ റസാക്ക് പാറക്കല്ല്, മിസിറിയ, പരേതനായ അബ്ദുറഹ്മാൻ, ദൈനബി, ഖാദർ.

​​ദുബായിയിൽ എൻജിനീയറാണ് ഉരുവച്ചാലിലെ ഹേമന്ത്. പത്തുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. അച്ഛൻ: കെ വി മോഹനൻ (വിമുക്ത ഭടൻ). അമ്മ: പി കെ സുമംഗല (റിട്ട. അധ്യാപിക). സഹോദരി: ഹിമ. ദുബായിയിലെ ഐടി കമ്പനിയിൽ എൻജിനിയറാണ്‌ സങ്കീർത്ത. അച്ഛൻ: കെ സുരേഷ് ബാബു. അമ്മ: വിമല. സഹോദരൻ: സമൃദ് സുരേഷ് (യുഎഇ).

LEAVE A REPLY

Please enter your comment!
Please enter your name here