Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ – 2026 മെയ് 02

പത്രം മലയാള ദിനപത്രങ്ങളിലൂടെ – 2026 മെയ് 02

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 | മെയ് 02, ശനി
1201 | മേടം 19, വിശാഖം

വാർത്തകൾ തയ്യാറാക്കിയത്:
രജനീഷ് മൈനാഗപ്പള്ളി,

വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഭീമമായ വിലവർധന

വോട്ടുടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോ ഗ്രാം സിലിണ്ടറിന്റെ കൊച്ചിയിലെ വില 3085 രൂപയായി. ഇത്രയും വലിയൊരു വർധന ഇതാദ്യമായാണ് രേഖപ്പെടുത്തുന്നത്.

മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബംഗാൾ വോട്ടെണ്ണൽ: തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ

പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനാണ് ഈ നീക്കമെന്ന് ടിഎംസി ആരോപിക്കുന്നു. ഹർജി നാളെ പരിഗണിക്കും.

ആന ഇടഞ്ഞ് രണ്ട് മരണം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും അങ്കമാലി കിടങ്ങൂരിലും ആന ഇടഞ്ഞ് രണ്ടുപേർ കൊല്ലപ്പെട്ടു. കൂടൽമാണിക്യത്തിൽ രണ്ടാം പാപ്പാൻ ശ്രീക്കുട്ടനും അങ്കമാലിയിൽ ലോറി ഡ്രൈവർ വിഷ്ണുവുമാണ് മരിച്ചത്. സംഭവങ്ങളിൽ മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്.

ആംബുലൻസിൽ നിന്ന് ചാടിയ രോഗി മരിച്ചു

പേവിഷബാധ സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങിയോടി ഓടയിൽ ചാടിയ നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രൻ മരിച്ചു. ഡ്രൈവറെ ആക്രമിച്ച ശേഷമാണ് ഇയാൾ ഓടയിലേക്ക് ചാടിയത്.

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

ഉപഭോക്തൃ അവകാശങ്ങൾക്കായി പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

യുവതീ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് സ്വദേശി ഷിബിനും ഒരു യുവതിയുമാണ് മരിച്ചത്. കൈകൾ തമ്മിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ.

മലപ്പുറം ജില്ലാ വിഭജനം: പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രമേയം തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചു.

ശബരിമല വീഡിയോ: യൂട്യൂബർക്കെതിരെ കേസ്

ശബരിമലയിൽ നടയടച്ച ശേഷമുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച പത്തനംതിട്ട സ്വദേശി അനീഷിനെതിരെ പമ്പ പോലീസ് കേസെടുത്തു. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വേണ്ട: കെ സി വേണുഗോപാൽ

കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്നും എന്നാൽ ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്നുമാണ് പാർട്ടി തീരുമാനമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് പവർക്കട്ട് സാധ്യതയില്ല

വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്നും ഇനി സംസ്ഥാനത്ത് പവർക്കട്ട് ഉണ്ടാകില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

ജി സുധാകരൻ നിലപാട് വ്യക്തമാക്കുന്നു

താൻ പാർട്ടി മാറിയിട്ടില്ലെന്നും കൃത്യസമയത്ത് അംഗത്വം പുതുക്കാതെ ഒഴിഞ്ഞതാണെന്നും ജി സുധാകരൻ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്

പി വി അൻവർ എംഎൽഎയുമായുള്ള ഫോൺ വിളി വിവാദത്തിൽ പോലീസ് സൂപ്പർണ്ട് സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി.

ദേശീയപാതയിൽ അപകടം: രണ്ട് മരണം

വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ, ചേർത്തല സ്വദേശി അച്ചു എസ് ദാസ് എന്നിവരാണ് മരിച്ചത്.

എക്സിറ്റ് പോളുകളെ തള്ളി കെ എൻ ബാലഗോപാൽ

എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണെന്നും ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

മസ്തിഷ്‌കജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ (26) മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു.

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം: പരാതിയുമായി കുടുംബം

ബംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിത്യന്റെ മരണം ആത്മഹത്യയാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിച്ചു.

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം കെ അബ്ദുൽ മജീദ് അന്തരിച്ചു

വലിയമല പ്രോജക്ട് മുൻ ഡയറക്ടറായിരുന്ന എം കെ അബ്ദുൽ മജീദ് (86) ശാസ്തമംഗലത്തെ വസതിയിൽ അന്തരിച്ചു.

കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

തൃശ്ശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ ചാക്കിൽ നിന്ന് എല്ലിൻ കഷ്ണങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

പഞ്ചാബിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസവോട്ട് നേടി

ആം ആദ്മി പാർട്ടി സർക്കാർ പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 94 എംഎൽഎമാരുടെ പിന്തുണ സർക്കാരിന് ലഭിച്ചു.

ഗർഭച്ഛിദ്രം പെൺകുട്ടിയുടെ അവകാശം: സുപ്രീം കോടതി

ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം വേണമോയെന്ന് അവൾക്കും കുടുംബത്തിനും തീരുമാനിക്കാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അമ്മയാകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ലാഭകരമല്ലാത്ത അന്താരാഷ്ട്ര സർവീസുകൾ ജൂലൈ വരെ വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആദ്യ ബാരിയർ രഹിത ടോൾ പ്ലാസ

രാജ്യത്തെ ആദ്യ ബാരിയർ രഹിത ടോൾ പ്ലാസ മുംബൈ-ഡൽഹി ദേശീയപാതയിൽ പ്രവർത്തനമാരംഭിച്ചു. വാഹനങ്ങൾക്ക് വേഗത കുറയ്ക്കാതെ തന്നെ കടന്നുപോകാം.

ട്രംപിനെതിരെ ആരോപണവുമായി സാറ ജേക്കബ്

ട്രംപ് മാനസികമായി പ്രാപ്തനാണോ എന്ന് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ് യുഎസ് കോൺഗ്രസിൽ ചോദ്യമുയർത്തി. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം.

ഐപിഎൽ: ഡൽഹി ക്യാപിറ്റൽസിന് ജയം

രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് വിജയം കണ്ടു. രാജസ്ഥാൻ ഉയർത്തിയ 225 റൺസ് ലക്ഷ്യം ഡൽഹി 19.2 ഓവറിൽ മറികടന്നു.

ധനലക്ഷ്മി ബാങ്കിന് റെക്കോർഡ് ലാഭം

നാലാം പാദത്തിൽ 43 കോടി രൂപ ലാഭം നേടി ധനലക്ഷ്മി ബാങ്ക് റെക്കോർഡ് നേട്ടമുണ്ടാക്കി. ബാങ്കിന്റെ മൊത്തം ബിസിനസ് 33,772 കോടിയായി ഉയർന്നു.

വ്യക്തിവിവരങ്ങൾ ഗൂഗിൾ സേർച്ചിൽ നിന്ന് ഒഴിവാക്കാം

സൈബർ സുരക്ഷയുടെ ഭാഗമായി ഗൂഗിൾ സേർച്ചിൽ നിന്ന് വ്യക്തിവിവരങ്ങൾ ഒഴിവാക്കാൻ പുതിയ സൗകര്യം. ‘റിസൾട്ട്‌സ് എബൗട്ട് യൂ’ എന്ന ഓപ്ഷൻ വഴി വിലാസവും ഫോൺ നമ്പറും മറ്റും നിയന്ത്രിക്കാം.

വിജയ് ചിത്രം ‘ജനനായകൻ’ മെയ് എട്ടിന്

വിജയ് നായകനാകുന്ന ‘ജനനായകൻ’ മെയ് എട്ടിന് റിലീസ് ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ്.

ഇരുമ്പിന്റെ അഭാവം ക്ഷീണത്തിന് കാരണമാകും

മതിയായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം തോന്നുന്നത് ശരീരത്തിൽ ഇരുമ്പിന്റെ കുറവാകാമെന്ന് പഠനം. ചായയും കാപ്പിയും ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുമെന്നും ക്ലിനിക്കൽ ആൻഡ് മെഡിക്കൽ റിസർച്ച് പഠനം വ്യക്തമാക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here