Home Blog Page 81

ജോലി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ  വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ . ജോർജ്ജിയയിൽ ജോലി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ  വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ വീട്ടിൽ 24 വയസുള്ള മുഹമ്മദ് ആസിഫ്  ആണ് അറസ്റ്റിലായത്. 


ജോർജ്ജിയയിൽ റേഡിയോഗ്രാഫർ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശി അശ്വിൻ കൃഷ്ണയിൽ നിന്ന് 22,46,430 രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരം എയർപ്പോർട്ടിൽ വന്നിറങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  മുഹമ്മദ് ആസിഫ് ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി കൂടുതൽ പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ട് എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. എസ്ഐമാരായ എസ്. അജയ്,  സെബി, ഗ്രേഡ് എസ് സി പി ഒ മാരായ സുബീഷ്, സനോജ്, ജിനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്,യുവാവിന് 26 വർഷം കഠിന തടവും പിഴയും

തളിപ്പറമ്പ്.16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്.
കൂവേരി തിരുംകുളം സ്വദേശിയായ യുവാവിന് 26 വർഷം കഠിന തടവും പിഴയും. കെ.വി. അനുരാജിനാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
ചപ്പാരപ്പടവ് സ്വദേശിനിയായ 16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജറാണിയാണ് ശിക്ഷ വിധിച്ചത്.

അനുരാജിനെതിരെ സമാനമായ മറ്റൊരു പോക്സോ കേസും നിലവിലുണ്ട്.
2022ൽ ചപ്പാരപ്പടവ് സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചെന്നതാണ് കേസ്. 2026 ൽ
തിരുവനന്തപുരം പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അനുരാജ് പ്രതിയാണ്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ട് പെൺകുട്ടികളെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലാണ് ഇയാൾ.

കുന്നംകുളത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ. കുന്നംകുളത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു. തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹമാണ് കവർന്നത്.ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് വിഗ്രഹം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്

ഇന്ന് പുലർച്ചയോടെ ആയിരുന്നു ക്ഷേത്രം തുറക്കാൻ കീഴ്ശാന്തി എത്തിയത്. ഈ സമയം തെക്കേപ്പുറം മാക്കാലിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൻറെ ശ്രീ കോവിലിൻ്റെ വാതിൽ പകുതി തുറന്നു നിലയിലായിരുന്നു. പരിശോധനയിലാണ് ഭദ്രകാളിയുടെ പഞ്ചലോഹ വിഗ്രഹം നഷ്ടപ്പെട്ടതായി അറിയുന്നത്

ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വെള്ളികൊണ്ട് നിർമ്മിച്ച ശംഖും കവർന്നിട്ടുണ്ട്
ക്ഷേത്രത്തിനകത്തെ സിസിടിവി പട്ടുകൊണ്ട് കൊണ്ട് മൂടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത സുബ്രഹ്മണ്യന്റെ ശ്രീ കോവിലിൻ്റെ വാതിൽ തുറന്നെങ്കിലും വിഗ്രഹം നഷ്ടപ്പെട്ടിട്ടില്ല.

സംഭവം അറിഞ്ഞ കുന്നംകുളം എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പ്രദേശത്ത് പരിശോധന നടത്തി. പ്രൊഫഷണൽ മോഷ്ടാക്കൾ ആയിരിക്കാം പ്രവർത്തി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ മറ്റു സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

ഓഫീസുകൾക്കായി ‘വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷൻ സംവിധാനം വരുന്നു

തിരുവനന്തപുരം.സംസ്ഥാനത്തെ സര്‍ക്കാര്‍, അർധസർക്കാർ, സ്വകാര്യ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള വിപ്ലവകരമായ പദ്ധതിക്ക് കേരള വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഓഫീസുകൾക്കായി ‘വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്.

നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികൾ, വായിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ചെറിയ അക്ഷരങ്ങളിലെ ഫോമുകൾ, മുകളിലത്തെ നിലകളിലെ കൗണ്ടറുകൾ. സർക്കാർ ഓഫീസുകളിലെത്തുന്ന വയോജനങ്ങൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണിത്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഇനി വിരാമമാകുന്നു.വയോജനങ്ങൾക്കായി സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. വില്ലേജ്, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ എന്നിവയെല്ലാം ഇനി ‘വയോജന സൗഹൃദ’മാകും.

അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ, വയോജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാനാണ് നീക്കം.ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നായി 14 ഓഫീസുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലേക്കും, തുടർന്ന് സ്വകാര്യ ആശുപത്രികൾ അടക്കമുള്ള സ്വകാര്യ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.

കണ്ണൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മുൻ പോലീസുകാരൻ പിടിയിൽ

തളിപ്പറമ്പ് . മോഷണം തടയേണ്ട പൊലീസുകാരന്‍ മോഷ്ടാവായാല്‍ എങ്ങനെയിരിക്കും. കണ്ണൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മുൻ പോലീസുകാരൻ പിടിയിൽ. പയ്യന്നൂർ സ്വദേശി വിപിൻകുമാറിനെ തളിപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പ്രതി പിടിയിലായത്.

പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ജ്യോത്സ്യൻ സജിൻ മോഹന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ദർശനത്തിന് പോകുന്നതിനിടെ ഷർട്ട് ക്ഷേത്രത്തിലെ റാക്കിൽ തൂക്കിയിരുന്നു.
തിരിച്ചെത്തിയപ്പോൾ മൊബൈൽ ഫോൺ കാണാനില്ല. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാനമായ മോഷണങ്ങൾ നടന്നിരുന്നു. ഭക്തരുടെ മൊബൈൽ ഫോണുകളും പണവും കാണിക്കപ്പണവും നഷ്ടപ്പെട്ടു. കാണിക്കപ്പാത്രത്തിൽ നിന്ന് പണം കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.

ഇതിനിടെയാണ് തൃച്ചംബരം ക്ഷേത്രത്തിൽ വീണ്ടും മോഷണശ്രമം. സംശയം തോന്നിയ ക്ഷേത്ര ജീവനക്കാർ വിപിൻകുമാറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സേനയില്‍ നിന്ന് നേരത്തേ പുറത്താക്കിയതാണ് ഇയാളെ.

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി… വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. തിരുവനന്തപുരം, കാസർകോഡ് അടക്കമുള്ള വിവിധ ജില്ലകളിലെ കളക്ടർമാർക്കും പ്രധാന വകുപ്പുകളിലെ തലവന്മാർക്കുമാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്.
അഞ്ജു കെ.എസ് ഐഎഎസിനെ തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിച്ചു. തിരുവനന്തപുരം കളക്ടറായിരുന്ന അനു കുമാരി ഐഎഎസിനെ ജിഎസ് ടി സ്പെഷ്യൽ കമ്മീഷണറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ കാസർകോട് ജില്ലാ കലക്ടറായും നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് ഐഎഎസിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇൻബശേഖർ കെ. ഐഎഎസിനെ സംസ്ഥാന ലോട്ടറീസ് ഡയറക്ടറായും ശ്രീറാം വെങ്കിട്ടരാമൻ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.

ശബരിമലയിൽ എഡിഎം ആയി പുതിയ തസ്തിക രൂപീകരിച്ചു. ദിലീപ് കൈനകരി ഐഎസ് ആണ് പുതിയ എഡിഎം. മണ്ഡലകാല-മകരവിളക്ക് മഹോത്സവ സമയങ്ങളിൽ ശബരിമല, പമ്പ എന്നിവിടങ്ങളിലെ പൂർണ ചുമതല പുതിയ എഡിഎമ്മിനായിരിക്കും. തീർഥാടകർക്കായുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സുരക്ഷാ-ഭരണനിർവഹണ ഏകോപനത്തിനുമാണ് തസ്തിക രൂപീകരിച്ചത്.

ഡോ. ബിനു ഫ്രാൻസിസ് ഐഎഎസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായും ഡോ. ഹരികുമാർ കെ. ഐഎഎസിനെ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണറായും അനു എസ്. നായർ ഭക്ഷ്യസുരക്ഷാ കമ്മീഷണറായുമാണ് നിയമിച്ചത്. ആകെ 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം ആണ് ഉത്തരവായി പുറത്തിറക്കിയത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതം,കര്‍ശന നിയമനടപടികളുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണിത്. ഇതിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഐജി സൈബര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അന്തരിച്ച മലയാള മനോരമാ ലേഖകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണിത്.

ഇതിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഐജി സൈബര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകും. ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ല

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. എൻഡിപിഎസ് കോടതി സ്പെഷ്യൽ ജഡ്ജി അന്യാസ് തയ്യിലാണ് ജാമ്യാപേക്ഷകൾ തള്ളിയത്.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാം പ്രതി ഡെലിവറി ബോയിയായ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ജിജിൻ കുര്യാക്കോസ് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
കേസിലെ ഒന്നാം പ്രതിയായ വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാൻ 60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനെ തുടർന്ന് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു.
കീർത്തന, കാവ്യ, നീഷ്മ എന്നിവർ അഞ്ചാം പ്രതിയായ ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായും ആറുമാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലൂടെ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

മലയിന്‍കീഴിൽ ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ ക്രിസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം. മലയിന്‍കീഴിൽ ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ ക്രിസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തു. അഭിജിത്തുമായുള്ള വഴക്കിനെ തുടർന്നാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് മൊഴി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അന്വേഷിച്ചെത്തിയ ബന്ധുവാണ് കൊലപാതകം ആദ്യം അറിയുന്നത്.

വിളവൂർക്കലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയിന്‍കീഴ് പോലീസ് വീട്ടില്‍ വച്ച് ചോദ്യം ചെയ്ത ശേഷമാണ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തത്.

വിഷം കഴിച്ചെന്ന സംശയത്തില്‍ ക്രിസ്റ്റിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും നാലാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പോലീസിന് നൽകിയ മൊഴി. ഇതിന്‍റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുൻപാകെ മൊഴി നൽകി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തും

രമ്യ ഹരിദാസ് MLAയ്ക്ക് എതിരെയുള്ള നടപടി താക്കീതിലൊതുങ്ങിയേക്കും

തിരുവനന്തപുരം.ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് MLAയ്ക്ക് എതിരെയുള്ള നടപടി താക്കീതിലൊതുങ്ങിയേക്കും. അതിവേഗ നടപടി വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. ആരോപണ വിധേയനായ സജിത്തിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. രമ്യതയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നാണ് വിഷയത്തിൽ കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം.

ചിറയിൻകീഴിലെ കയ്യാങ്കളിയിലും, തുടർന്നുള്ള കത്ത് വിവാദത്തിലും കടുത്ത അതൃപ്തിലാണ് നേതാക്കൾ. അതിൻ്റെ സൂചനയാണ് കെപിസിസി ഭാരവാഹി യോഗത്തിലെ രമ്യക്കെതിരെയുള്ള രൂക്ഷ വിമർശനം. സംഘടന ചുമതലയിൽ നിന്ന് രമ്യയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. എന്നാൽ അന്വേഷ സമിതി റിപ്പോർട്ട് ലഭിച്ചെങ്കിലും തിടുക്കത്തിലുള്ള നടപടി വേണ്ടെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. രമ്യ തുടങ്ങി വെച്ച വിവാദത്തിൽ രമ്യതയാണ് ആഗ്രഹിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

രമ്യ ഹരിദാസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിലും പരാമർശിക്കുന്ന എന്നാണ് സൂചന. പാളയം പ്രദീപ് ഇനി മണ്ഡലത്തിലേക്ക് എത്തേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. ഇക്കാര്യവും റിപ്പോർട്ട് പരിശോധിച്ച ശേഷം പാർട്ടി നേതൃത്വം വ്യക്തമാക്കും. അതേസമയം ആരോപണവിധേയനായ സജിത്തിനെതിരെയും നടപടി ഉണ്ടായേക്കും. ഇരുകൂട്ടരുടെയും ചേരിപ്പോരിൽ പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടായി എന്ന വിലയിരുത്തലിലാണ് നേതൃത്വം. കൂടാതെ മണ്ഡലത്തിലെ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്താനും സാധ്യതയുണ്ട്.