30.4 C
Kollam
Thursday 8th October, 2026 | 03:13:05 PM
Home News Breaking News കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് , രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് , രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡെല്‍ഹി. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവര്‍. നേരത്തെ മറ്റൊരു കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണക്കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ 31 പ്രതികളാണുള്ളത്.

ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാര്‍, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി കെ ജില്‍സ്, ജില്‍സിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികള്‍. മറ്റ് 26 പേര്‍ മൂന്ന് കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ച് പോയവരുമുണ്ട്. അതിനാലാണ് പ്രതിചേര്‍ക്കപ്പെട്ട ഭരണസമിതിയംഗങ്ങള്‍ 26 ആയത്.