പാലക്കാട്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടര്‍ ടാങ്കില്‍ വീണ് മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറ കൂരാന്‍ക്കാട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫര്‍ ജൂലിയറ്റ്, മൂന്ന് വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.
വീട്ടുപരിസരത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ അബദ്ധത്തില്‍ തുറന്നുകിടന്ന വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.



































