വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. എൻഡിപിഎസ് കോടതി സ്പെഷ്യൽ ജഡ്ജി അന്യാസ് തയ്യിലാണ് ജാമ്യാപേക്ഷകൾ തള്ളിയത്.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാം പ്രതി ഡെലിവറി ബോയിയായ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ജിജിൻ കുര്യാക്കോസ് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
കേസിലെ ഒന്നാം പ്രതിയായ വടകര താഴെ അങ്ങാടി സ്വദേശി സഫ്‌വാൻ 60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനെ തുടർന്ന് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു.
കീർത്തന, കാവ്യ, നീഷ്മ എന്നിവർ അഞ്ചാം പ്രതിയായ ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായും ആറുമാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലൂടെ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
Home News Breaking News അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി



























