Home Blog Page 79

ഇതു കണ്ട് ഇനി മരിക്കാനിരിക്കുന്നവര്‍ ഭയപ്പെടുമെന്നു കരുതണ്ട, മരണങ്ങള്‍ നീയൊക്കെ ഇനിയും ആഘോഷിക്കും എന്ന ഉറച്ച ധാരണയില്‍ ഈ യുദ്ധം തുടരുക തന്നെ ചെയ്യും

ഒരു പത്രപ്രവര്‍ത്തകന്‍റെ മരണത്തിനു ശേഷം വെട്ടി മുഖം വികൃതമാക്കാനുള്ള സൈബര്‍ വെട്ടുക്കിളി സംഘത്തിന്‍റെ ലജ്ജാകരമായ ആക്രമണത്തിനെതിരെ ഫേയ്സ്ബുക്കില്‍ പത്രപ്രവര്‍ത്തകന്‍ സിബി സത്യന്‍റെ പ്രതികരണം

ഇന്നലെ ഗോതുരുത്തില്‍ പോയി.
പ്രിയസുഹൃത്തും ജ്യേഷ്ഠ സഹോദരനുമായിരുന്ന ജീജോ ജോണ്‍ പുത്തേഴത്തിന്റെ സംസ്‌കാരമായിരുന്നു.

അപ്രതീക്ഷിത മരണം.
ജീവിതത്തില്‍ ഇന്നു വരെ കള്ളുകുടിക്കാത്ത, പുക വലിക്കാത്ത, സ്വന്തം ശരീരം കൃത്യമായി പരിപാലിച്ച ഒരാള്‍ പെട്ടെന്ന് ഒരു കാര്‍ഡിയാക് അറസ്റ്റിന് കീഴടങ്ങി എന്നു വിശ്വസിക്കാനാവുന്നില്ല. ജയ്‌മോന്‍ ഈ വിവരം വിളിച്ചു പറയുമ്പോള്‍ പെട്ടെന്ന് നിസഹായനായതു പോലെ തോന്നി. അങ്ങനെ കീഴടങ്ങുന്ന മനുഷ്യനായിരുന്നില്ല ജീജോ.

കൊല്ലത്ത് ജേര്‍ണലിസം ട്രെയിനിയായി വരുന്ന കാലത്താണ് ജീജോയെ ആദ്യം കാണുന്നത്. ജീജോയും സക്കീറും ജയ്‌മോനും ജീവനും ജ്യോതി അണ്ണനും ബാലന്‍ ചേട്ടനും മര്‍ക്കോസ് സാറും ജസ്റ്റിനും ഒക്കെയുള്ള ഒരു ഗംഭീരകാലമായിരുന്നു അത്. രാത്രി ഒമ്പതിന് ബ്യൂറോ അടച്ചാല്‍ ജീജോയും സക്കീറും ഞാനും കൊല്ലത്തെ മികച്ച രുചികളന്വേഷിച്ച് ഇറങ്ങും. അന്ന് ജീജോയുടെ ബൈക്കിലെ പിന്‍സീറ്റ് എനിക്ക് റിസര്‍വ്ഡ് ആയിരുന്നു.

ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടുള്ള നല്ല മനുഷ്യരില്‍ ഒരാളായിരുന്നു ജീജോ. കാരുണ്യമുള്ള മനുഷ്യന്‍. അയാള്‍ എന്നും ഗോതുരുത്തുകാരനായിരുന്നു. അവിടുത്തെ കായലും വള്ളങ്ങളും ചവിട്ടു നാടകത്തിന്റെ ചെന്തമിഴ് ശീലുകളും അയാളെവിടെപ്പോയാലും ഒപ്പമുണ്ടായിരുന്നു. കഥകളായി അയാളത് പറഞ്ഞുകൊണ്ടിരുന്നു.

വൈപ്പിനും ഗോതുരുത്തും അടക്കമുള്ള ദ്വീപുകളില്‍ വ്യാജവാറ്റ് സുലഭമായിരുന്ന ഒരു കാലത്തിനെതിരെയും അങ്ങനെയുള്ള മനുഷ്യര്‍ക്കെതിരെയും പൊരുതിയ ഒരു അച്ഛനൊപ്പം ജീവിച്ചതു കൊണ്ട് ജീവിതകാലം മുഴുവനും ജീജോ മദ്യവിരുദ്ധനായി തുടര്‍ന്നു. അയാള്‍ക്ക് ഒരേയൊരു ലഹരി ഗോതുരുത്ത് മാത്രമായിരുന്നു. ചവിട്ടു നാടകമായിരുന്നു. എഴുത്തും വായനയും പത്രപ്രവര്‍ത്തനവുമായിരുന്നു. അന്യം നിന്നു പോയ ചവിട്ടു നാടകമെന്ന കലാരൂപത്തെ കൊച്ചിയുടെ കായലോരങ്ങളിലും കടലോരങ്ങളിലും തിരിച്ചെത്തിച്ചതിനു പിന്നില്‍ ജീജോ നടത്തിയ ബൗദ്ധികമായ അധ്വാനവും സംഘാടക മികവുമുണ്ടായിരുന്നു. അതുകൊണ്ടാണ് അയാള്‍ മരിച്ചപ്പോള്‍ ഒരു തീരം ഒന്നടങ്കം കരഞ്ഞത്.

പത്രപ്രവര്‍ത്തകര്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍ പ്രൈസ്. ഇന്ത്യയിലെ പുലിറ്റ്‌സര്‍ പ്രൈസ് എന്നു വിളിക്കാവുന്ന പുരസ്‌കാരമാണ് രാംനാഥ് ഗോയങ്കെ അവാര്‍ഡ്. അത് നേടിയ മലയാളി പത്രപ്രവര്‍ത്തകരിലൊരാളാണ് ജീജോ. അതയാള്‍ക്കു കിട്ടിയത് അയാളുടെ നിലയ്ക്കാത്ത അന്വേഷണത്വര കൊണ്ടു തന്നെയാണ്. ഏറ്റവുമൊടുവില്‍ വിപിവിവി എന്ന വ്യാജ കമ്പനിയുണ്ടാക്കി ഇല്ലാത്ത ഇന്തോ അമേരിക്കന്‍ ആയുധഡീല്‍ പറഞ്ഞ് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ആ കഥ പുറത്തു കൊണ്ടുവന്നതും ജീജോയിലെ പത്രപ്രവര്‍ത്തകന്‍ തന്നെയാണ്.

ആ മനുഷ്യനെയാണ് മരിച്ചു മോര്‍ച്ചറിയില്‍ കിടക്കുംനേരം ഒരു കൂട്ടം കഴുതപ്പുലികള്‍ വലിച്ചു കീറാന്‍ നോക്കിയത്. ജീവിച്ചിരിക്കുമ്പോള്‍ മുട്ടുവിറയ്ക്കുമായിരുന്ന ഭീരുക്കള്‍! ഈ മനുഷ്യനെയാണ് അവനൊക്കെ വിലയിടുന്നത്. നാണംകെട്ട ശവംതീനികള്‍.

ആരുടെ അടുക്കളയില്‍ കയറി മീന്‍വെട്ടിയാല്‍ കൊള്ളാവുന്ന സ്ഥാനം ലഭിക്കും എന്നു നോക്കിനടക്കുന്ന മുന്‍ ന്യായാധിപനെന്നവകാശപ്പെടുന്നവനും പത്രമാപ്പീസുകളുടെ വരാന്ത നിരങ്ങി നടന്ന കാലത്തു നിന്നും സോഷ്യല്‍ മീഡിയായില്‍ അടിവെച്ചു കയറിയ നിലപാടില്ലാത്ത അഭിഭാഷക പരിസ്ഥിതി ശിങ്കവും പത്രപ്രവര്‍ത്തന ലോകത്തെ വാസവദത്തയുമൊക്കെ മരിച്ചു കിടന്ന മനുഷ്യന് ഇന്നലെ മാധ്യമ എത്തിക്‌സിന്റെ ക്‌ളാസ് എടുക്കുന്നതു കണ്ടു. ആസനംതാങ്ങികളായ ചില പത്രപ്രവര്‍ത്തക ചാവാലികളും മരിച്ചു പോയ മനുഷ്യന് വാര്‍ത്തയുടെ ക്‌ളാസ് എടുക്കുന്നതു കണ്ടു. ഇന്നലെ തന്നെ വേണമായിരുന്നോടാ നാറികളെ എന്നു മാത്രമേ ചോദിക്കാനുള്ളു.

കാറ്റാടിപാടത്തിന്റെ കഥ ജീജോ എഴുതിയതു കൊണ്ടല്ല ശിവശങ്കരന്‍ 100 ദിവസം ജയിലില്‍ കിടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചെയ്‌യരുതാത്ത കാര്യങ്ങള്‍ ചെയ്തതു കൊണ്ടു മാത്രമാണ്. ഈ കേസ് അന്വേഷിച്ച ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയ വിവരങ്ങളും രേഖകളും ജീജോ വിശ്വസിച്ചു എന്നുള്ളതു കൊണ്ടാണ് ശിവശങ്കരന് എതിരെയുള്ള ആ വാര്‍ത്ത പത്രത്തില്‍ വന്നത്. ചിലപ്പോള്‍ അത്തരം വിശ്വാസങ്ങള്‍ മാത്രമാണ് പത്രപ്രവര്‍ത്തനത്തില്‍ ആശ്രയം. ഒരു റിപ്പോര്‍ട്ടര്‍ എഴുതുന്നത് അയാള്‍ക്കു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ബോധ്യത്തില്‍ തന്നെയാണ്. താന്‍ എഴുതിയത് തെറ്റായിരുന്നില്ല എന്നു ജീജോ ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസം നൂറു ശതമാനം തെറ്റാണ് എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ശിവശങ്കരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലുണ്ട്. അതിനു മുമ്പ് ഒരുത്തനും വിധിക്കേണ്ട കാര്യമില്ല. ആ ഒറ്റ വാര്‍ത്തയുടെ പേരില്‍ അയാളെന്ന പത്രപ്രവര്‍ത്തകന് ഒരുത്തനും വിലയിടണ്ട.

ഇനി ഇന്നലെ ആടിത്തിമിര്‍ത്ത ശവംതീനികളായ മലരുകളോടാണ്.

നിന്റെയൊക്കെ നേതാവിന്റെ കൊള്ളരുതായ്മകള്‍ മറയ്ക്കാന്‍ ഇനിയെത്ര കാലവും സോഷ്യല്‍ മീഡിയിയായില്‍ ആടിത്തിമിര്‍ത്തിട്ടും ഒരു കാര്യവുമില്ല. എത്ര സുഗന്ധം പൂശിയാലും നിന്റെയൊക്കെ ഈ വിസര്‍ജ്യങ്ങള്‍ പൊതുവിടങ്ങളെ മലിനപ്പെടുത്തിക്കൊണ്ടിരിക്കും. നിന്റെയൊക്കെ പ്രസ്ഥാനവും നേതാക്കന്മാരും ആ വിസര്‍ജ്യത്താലും അതിന്റെ വൃത്തികെട്ട ഗന്ധത്താലും അടയാളപ്പെടുത്തപ്പെടും. ചരിത്രത്തിന്റെ സെപ്റ്റിക് ടാങ്കുകളില്‍ നിന്റെയൊക്കെ പേരുകള്‍ കൃമികളായി നുരയ്ക്കും.

ഇതു കണ്ട് ഇനി മരിക്കാനിരിക്കുന്നവര്‍ ഭയപ്പെടുമെന്നു കരുതണ്ട. മരണങ്ങള്‍ നീയൊക്കെ ഇനിയും ആഘോഷിക്കും എന്ന ഉറച്ച ധാരണയില്‍ ഈ യുദ്ധം തുടരുക തന്നെ ചെയ്യും. പിന്നെ നിന്റെയൊക്കെ നേതാക്കള്‍ മരിക്കുമ്പോള്‍ ഇതുപോലെ ആനന്ദനൃത്തം ചവിട്ടാന്‍ ആള്‍ക്കാരുണ്ടാകുമെന്നും അന്ന് സാരോപദേശ കഥകളുമായി ആരും വരരുത് എന്നും ഓര്‍മ്മിപ്പിക്കുന്നു.

(ഇതുപോലെ ഫേസ് ബുക്കില്‍ എഴുതേണ്ടിവരുമെന്നു വിചാരിച്ചതല്ല. ധര്‍മ്മപുരാണം എഴുതുമ്പോള്‍ ഒവി വിജയന്‍ പറഞ്ഞതു പോലെ കാലഘട്ടം ചില ഭാഷയെ ആവശ്യപ്പെടുന്നുണ്ട്. ഇതിനു താഴെ നിന്റെയൊക്കെ വിസര്‍ജ്യം വിളമ്പിവെക്കും എന്നു അറിയാതെയുമല്ല. പക്ഷേ മരിച്ചു പോയ പ്രിയപ്പെട്ടവനോട് ഇതാണെന്റെ ഐക്യദാര്‍ഢ്യം.)

സിബി

ഗുണ്ടാത്തലവനെ മലപ്പുറത്ത് കാപ ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം.കുപ്രസിദ്ധ ഗുണ്ടാത്തലവനെ മലപ്പുറത്ത് കാപ ചുമത്തി അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ നിസാമിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച സംഭവത്തിൽ ജയിലിൽ ആയിരുന്ന നിസാം രണ്ടുദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.


വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലും, എടവണ്ണ ചെമ്പക്കുത്ത് സ്വദേശി റിദാൻ ബാസിലിനെ വെടിവെച്ചു കൊന്ന കേസിലും പ്രതിയായ നിസാം സ്വർണ്ണം, കുഴൽപ്പണം തട്ടിക്കൽ, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, സംഘം ചേർന്നുള്ള ആക്രമണം, മണൽ കടത്ത് തുടങ്ങി ഇരുപതോളം കേസുകളിൽ പ്രതിയാണ്.

സ്ട്രോക്ക് ; യുവാക്കൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്

പണ്ട് പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. പ്രായമായവരിലെന്നപോലെ തന്നെ യുവാക്കളിലും പക്ഷാഘാതം ഇന്ന് കൂടി വരുന്നതായി കാണുന്നു. ഉടനെ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും ഒരു ഭാഗം തളര്‍ച്ചയിലേയ്ക്ക് തള്ളിവിടാന്‍ മാത്രം ശേഷിയുള്ള അസുഖമാണ് പക്ഷാഘാതം.

പക്ഷാഘാതം വരും മുന്‍പ് ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്

പക്ഷാഘാതം വരും മുന്‍പ് ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗിയെ അടുത്ത ആശുപത്രിയില്‍ എത്തിക്കണം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം (സ്ട്രോക്ക്) സംഭവിക്കുന്നത്.

യുവാക്കളിൽ പക്ഷാഘാതം ഉണ്ടാകുന്നതിന് കാരണം അവർക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതാണ്

മിനിറ്റുകൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയേക്കാം. അതുകൊണ്ടാണ് രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് പ്രധാനമാകുന്നത്. യുവാക്കളിൽ പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടാകുന്നതിന് കാരണം അവർക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതാണ്.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, ചില ഹൃദ്രോഗങ്ങൾ എന്നിവ പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ചില ചെറുപ്പക്കാരിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകളോ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലെ അസാധാരണത്വങ്ങളോ പോലുള്ള അത്ര സാധാരണമല്ലാത്ത കാരണങ്ങളും ഉണ്ടായേക്കാം.

തലവേദന, നടക്കാൻ ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാകുന്ന കാഴ്ചാപ്രശ്നങ്ങൾ

വ്യക്തമായ കാരണമില്ലാതെയുണ്ടാകുന്ന പെട്ടെന്നുള്ളതും തീവ്രവുമായ തലവേദന, നടക്കാൻ ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാകുന്ന കാഴ്ചാപ്രശ്നങ്ങൾ അല്ലെങ്കിൽ കാരണം വ്യക്തമല്ലാത്ത തലകറക്കം എന്നിവ പക്ഷാഘാതത്തിന്റെ (സ്ട്രോക്ക്) ലക്ഷണങ്ങളാകാം. ചെറുപ്പക്കാരായ ചില രോഗികളിൽ, ഈ ലക്ഷണങ്ങൾ മൈഗ്രേൻ, അമിതക്ഷീണം അല്ലെങ്കിൽ നിർജ്ജലീകരണം എന്നിവയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്.

മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്തേക്കാം

മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്തേക്കാം. ഇതും സ്ട്രോക്കിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു. പെട്ടെന്നുണ്ടാകുന്ന ബലഹീനതയോ മരവിപ്പോ – പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് ഇതും സ്ട്രോക്കിന്റെ ലക്ഷണമാണ്.

പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ച്ചമങ്ങല്‍ മറ്റൊരു ലക്ഷണമാണ്

പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ച്ചമങ്ങല്‍ മറ്റൊരു ലക്ഷണമാണ്. ഇത്തരത്തില്‍ കാഴ്ച്ചയ്ക്ക് പെട്ടെന്ന് പ്രശ്‌നം തോന്നിയാല്‍ പലരും ഷുഗര്‍ കുറഞ്ഞത്, അല്ലെങ്കില്‍ പ്രഷര്‍ കൂടിയതാണ് എന്ന് തെറ്റിധരിക്കുന്നവര്‍ ഉണ്ട്. തെറ്റിധാരണകള്‍ വച്ചിരിക്കാതെ, ഉടനെ ഡോക്ടറെ കാണുകയാണ് വേണ്ടത്. പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, അതുപോലെ, നന്നായി വിയര്‍ക്കുക, ക്ഷീണം, ബാലന്‍സ് നഷ്ടമാകുന്നത്, ഒന്നും വിചാരിച്ചപോലെ ചെയ്യാന്‍ സാധിക്കാത്തതെല്ലാം തന്നെ പക്ഷാഘാതം വരുന്നതിന്റെ പ്രരംഭ ലക്ഷണങ്ങളാണ്.

പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

കോഴിക്കോട്. പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി.യുവതിക്ക് മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് അറസ്റ്റ്.വെള്ളിയൂർ വലിയപറമ്പ് ജാസിഫ്,
കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ,നടുവണ്ണൂർ കളയംകുളത്ത് റജീഷ്,നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ്
എന്നിവരാണ് പിടിയിലായത്.

ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.ജില്ലയുടെ പലഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ കാപ്പാ കേസിൽ ഉൾപ്പെട്ടവരും

പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

തൃശ്ശൂരിലെ ദേശീയപാതയിൽ വീണ്ടും കാല്‍ നടക്കാരന് അപകടമരണം

തൃശ്ശൂര്‍. ദേശീയപാതയിൽ വീണ്ടും അപകടമരണം. എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം മധ്യവയസ്കൻ മരിച്ചു. എടമുട്ടം പയച്ചോട് സ്വദേശി വലയിൽ വീട്ടിൽ ശശി (55) ആണ് മരിച്ചത്

 ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃപ്രയാർ ഭാഗത്തുനിന്ന് വന്നിരുന്ന വാഹനം ശശിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശശിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതിനെ  തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു

 അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി

മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും ഒഴിവാക്കണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യം.

മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീന്‍ ചങ്ക്‌സും മുട്ടയും ഉള്‍പ്പെടുത്തണമെന്നാണ് ജയില്‍ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ ഒരുതവണ മട്ടനും രണ്ടുതവണ മീനും നല്‍കുന്നു. തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്.

ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. മട്ടന്‍ നല്‍കാന്‍ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കില്‍, മീന്‍ നല്‍കാന്‍ 4.8 കോടിയാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ വരൂ. മീന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മട്ടന്‍ പോലുള്ള റെഡ്മീറ്റുകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതും മെനുവില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് പ്രേരണയായി.

പുറത്താക്കിയതിൽ പക, കള്ളൻ മുൻ സൈനികൻ; സെക്കന്തരാബാദിൽ സൈനിക ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കരസേനയുടെ മദ്രാസ് റെജിമെൻ്റിൻ്റെ ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷണം പോയ സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. പ്രതിയെ മോഷണത്തിന് സഹായിച്ച രണ്ടുപേർ കൂടി കസ്റ്റഡിയിലായി.

Also Read: ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ, പശ്ചിമേഷ്യൻ സംഘർഷം പ്രഖ്യാപനത്തിലുണ്ടാകും

മോഷണം പോയ മുഴുവൻ ആയുധങ്ങളും ഹൈദരാബാദിൽനിന്ന് കണ്ടെത്തി. പ്രതിയെ സർവീസിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട പകപോക്കലാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. തെലങ്കാന ഡിജിപി സി വി ആനന്ദ് ആണ് വാർത്താസമ്മേളനം വിളിച്ച് അറസ്റ്റ് അടക്കമുള്ള നടപടികൾ വിശദീകരിച്ചത്.

നേരത്തെ വിരമിക്കാനായി സമ്മർദം ചെലുത്തിയതിൽ മേലുദ്യേഗസ്ഥരോട് പ്രതിക്ക് പക ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മഹബൂബ് നഗർ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ്, ഇക്കഴിഞ്ഞ ജൂൺ മാസം 30നാണ് സർവീസിൽനിന്ന് വിരമിച്ചത്. 2010ലാണ് ഇയാൾ കരസേനയുടെ ഭാഗമായത്. 16 വർഷം സൈന്യത്തിൽ പ്രവർത്തിച്ച ഇയാൾ അച്ചടക്ക, ആരോഗ്യപ്രശ്നങ്ങൾ കാരണം നിർബന്ധിത വിരമിക്കലിന് തയ്യാറാകുകയായിരുന്നു. സർവീസിൽ നിന്നും നിർബന്ധിതമായി വിരമിക്കേണ്ടി വന്നതിലുള്ള അസംതൃപ്തിയാണ് മോഷണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്ന് ഡിജിപി അറിയിച്ചു.

ഓഗസ്റ്റ് 30ന് രാത്രി 11 മണിയോടെ ബൊലാറത്തെ മദ്രാസ് റെജിമെൻ്റ് 20-ാം ബെറ്റാലിയൻ്റെ ക്യാമ്പിലെത്തിയ പ്രതി, ആയുധങ്ങളും തിരകളും മോഷ്ടിക്കുയായിരുന്നുവെന്ന് ഡിജിപി അറിയിച്ചു. കേസിൽ 100ലധികം പേരെ ചോദ്യം ചെയ്യുകയും 8.5 ലക്ഷത്തിലധികം മൊബൈൽ നമ്പറുകളുടെ സിഡിആർ പരിശോധിക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. കാണാതായ നാല് എകെ-203 അസോൾട്ട് റൈഫിളുകളും ആറ് 9 എംഎം പിസ്റ്റലുകളും ഒരു ഇൻസാസ് റൈഫിളുകളും തിരകളും പൊലീസ് കണ്ടെത്തി. കരസേനയുടെ പരാതിയിൽ മൽക്കജ്ഗിരി പൊലീസ് കമ്മീഷണറേറ്റ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നത്. സംഭവത്തിൽ കരസേനയുടെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.

ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ, പശ്ചിമേഷ്യൻ സംഘർഷം പ്രഖ്യാപനത്തിലുണ്ടാകും

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശം ധാരണ. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഏവർക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും.

Also Read: അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹത സംശയിച്ച് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ പേരെടുത്ത് വിമർശിക്കില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന നിർദ്ദേശവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും എന്ന് സൂചന. സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഏറെ സമാനതകൾ ഉണ്ടെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹത സംശയിച്ച് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിൻ്റിന് ചേർക്കുന്ന തിന്നർ അകത്തുചെന്ന് കുഞ്ഞുങ്ങൾ അവശനിലയിലായെന്ന് മാതാപിതാക്കൾ. വലിയകാട്ടിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.

Also Read: ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം നിർത്തിവച്ച് സൗദി അറേബ്യ, ആഗോള പ്രതിസന്ധി

വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്ന‍ർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ് അമ്മ നൽകിയ മൊഴി. വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ച പാത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരൂ.

സ്വപ്‌നാ സുരേഷ് വിവാഹിതയായി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. താൻ വിവാഹിതയായെന്ന വിവരം സ്വപ്‌ന തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.
കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തെരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’– സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതിയാണ് സ്വപ്‌നാ സുരേഷ്. സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു സ്വപ്‌നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008-ൽ അവസാനിച്ചു. പിന്നീട് 2011-ൽ ജയശങ്കർ എന്നയാളെ സ്വപ്‌ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.