ഒരു പത്രപ്രവര്‍ത്തകന്‍റെ മരണത്തിനു ശേഷം വെട്ടി മുഖം വികൃതമാക്കാനുള്ള സൈബര്‍ വെട്ടുക്കിളി സംഘത്തിന്‍റെ ലജ്ജാകരമായ ആക്രമണത്തിനെതിരെ ഫേയ്സ്ബുക്കില്‍ പത്രപ്രവര്‍ത്തകന്‍ സിബി സത്യന്‍റെ പ്രതികരണം
ഇന്നലെ ഗോതുരുത്തില്‍ പോയി.
പ്രിയസുഹൃത്തും ജ്യേഷ്ഠ സഹോദരനുമായിരുന്ന ജീജോ ജോണ്‍ പുത്തേഴത്തിന്റെ സംസ്‌കാരമായിരുന്നു.
അപ്രതീക്ഷിത മരണം.
ജീവിതത്തില്‍ ഇന്നു വരെ കള്ളുകുടിക്കാത്ത, പുക വലിക്കാത്ത, സ്വന്തം ശരീരം കൃത്യമായി പരിപാലിച്ച ഒരാള്‍ പെട്ടെന്ന് ഒരു കാര്‍ഡിയാക് അറസ്റ്റിന് കീഴടങ്ങി എന്നു വിശ്വസിക്കാനാവുന്നില്ല. ജയ്‌മോന്‍ ഈ വിവരം വിളിച്ചു പറയുമ്പോള്‍ പെട്ടെന്ന് നിസഹായനായതു പോലെ തോന്നി. അങ്ങനെ കീഴടങ്ങുന്ന മനുഷ്യനായിരുന്നില്ല ജീജോ.
കൊല്ലത്ത് ജേര്‍ണലിസം ട്രെയിനിയായി വരുന്ന കാലത്താണ് ജീജോയെ ആദ്യം കാണുന്നത്. ജീജോയും സക്കീറും ജയ്‌മോനും ജീവനും ജ്യോതി അണ്ണനും ബാലന്‍ ചേട്ടനും മര്‍ക്കോസ് സാറും ജസ്റ്റിനും ഒക്കെയുള്ള ഒരു ഗംഭീരകാലമായിരുന്നു അത്. രാത്രി ഒമ്പതിന് ബ്യൂറോ അടച്ചാല്‍ ജീജോയും സക്കീറും ഞാനും കൊല്ലത്തെ മികച്ച രുചികളന്വേഷിച്ച് ഇറങ്ങും. അന്ന് ജീജോയുടെ ബൈക്കിലെ പിന്‍സീറ്റ് എനിക്ക് റിസര്‍വ്ഡ് ആയിരുന്നു.
ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടുള്ള നല്ല മനുഷ്യരില്‍ ഒരാളായിരുന്നു ജീജോ. കാരുണ്യമുള്ള മനുഷ്യന്‍. അയാള്‍ എന്നും ഗോതുരുത്തുകാരനായിരുന്നു. അവിടുത്തെ കായലും വള്ളങ്ങളും ചവിട്ടു നാടകത്തിന്റെ ചെന്തമിഴ് ശീലുകളും അയാളെവിടെപ്പോയാലും ഒപ്പമുണ്ടായിരുന്നു. കഥകളായി അയാളത് പറഞ്ഞുകൊണ്ടിരുന്നു.
വൈപ്പിനും ഗോതുരുത്തും അടക്കമുള്ള ദ്വീപുകളില്‍ വ്യാജവാറ്റ് സുലഭമായിരുന്ന ഒരു കാലത്തിനെതിരെയും അങ്ങനെയുള്ള മനുഷ്യര്‍ക്കെതിരെയും പൊരുതിയ ഒരു അച്ഛനൊപ്പം ജീവിച്ചതു കൊണ്ട് ജീവിതകാലം മുഴുവനും ജീജോ മദ്യവിരുദ്ധനായി തുടര്‍ന്നു. അയാള്‍ക്ക് ഒരേയൊരു ലഹരി ഗോതുരുത്ത് മാത്രമായിരുന്നു. ചവിട്ടു നാടകമായിരുന്നു. എഴുത്തും വായനയും പത്രപ്രവര്‍ത്തനവുമായിരുന്നു. അന്യം നിന്നു പോയ ചവിട്ടു നാടകമെന്ന കലാരൂപത്തെ കൊച്ചിയുടെ കായലോരങ്ങളിലും കടലോരങ്ങളിലും തിരിച്ചെത്തിച്ചതിനു പിന്നില്‍ ജീജോ നടത്തിയ ബൗദ്ധികമായ അധ്വാനവും സംഘാടക മികവുമുണ്ടായിരുന്നു. അതുകൊണ്ടാണ് അയാള്‍ മരിച്ചപ്പോള്‍ ഒരു തീരം ഒന്നടങ്കം കരഞ്ഞത്.
പത്രപ്രവര്‍ത്തകര്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍ പ്രൈസ്. ഇന്ത്യയിലെ പുലിറ്റ്‌സര്‍ പ്രൈസ് എന്നു വിളിക്കാവുന്ന പുരസ്‌കാരമാണ് രാംനാഥ് ഗോയങ്കെ അവാര്‍ഡ്. അത് നേടിയ മലയാളി പത്രപ്രവര്‍ത്തകരിലൊരാളാണ് ജീജോ. അതയാള്‍ക്കു കിട്ടിയത് അയാളുടെ നിലയ്ക്കാത്ത അന്വേഷണത്വര കൊണ്ടു തന്നെയാണ്. ഏറ്റവുമൊടുവില്‍ വിപിവിവി എന്ന വ്യാജ കമ്പനിയുണ്ടാക്കി ഇല്ലാത്ത ഇന്തോ അമേരിക്കന്‍ ആയുധഡീല്‍ പറഞ്ഞ് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ആ കഥ പുറത്തു കൊണ്ടുവന്നതും ജീജോയിലെ പത്രപ്രവര്‍ത്തകന്‍ തന്നെയാണ്.
ആ മനുഷ്യനെയാണ് മരിച്ചു മോര്‍ച്ചറിയില്‍ കിടക്കുംനേരം ഒരു കൂട്ടം കഴുതപ്പുലികള്‍ വലിച്ചു കീറാന്‍ നോക്കിയത്. ജീവിച്ചിരിക്കുമ്പോള്‍ മുട്ടുവിറയ്ക്കുമായിരുന്ന ഭീരുക്കള്‍! ഈ മനുഷ്യനെയാണ് അവനൊക്കെ വിലയിടുന്നത്. നാണംകെട്ട ശവംതീനികള്‍.
ആരുടെ അടുക്കളയില്‍ കയറി മീന്‍വെട്ടിയാല്‍ കൊള്ളാവുന്ന സ്ഥാനം ലഭിക്കും എന്നു നോക്കിനടക്കുന്ന മുന്‍ ന്യായാധിപനെന്നവകാശപ്പെടുന്നവനും പത്രമാപ്പീസുകളുടെ വരാന്ത നിരങ്ങി നടന്ന കാലത്തു നിന്നും സോഷ്യല്‍ മീഡിയായില്‍ അടിവെച്ചു കയറിയ നിലപാടില്ലാത്ത അഭിഭാഷക പരിസ്ഥിതി ശിങ്കവും പത്രപ്രവര്‍ത്തന ലോകത്തെ വാസവദത്തയുമൊക്കെ മരിച്ചു കിടന്ന മനുഷ്യന് ഇന്നലെ മാധ്യമ എത്തിക്‌സിന്റെ ക്‌ളാസ് എടുക്കുന്നതു കണ്ടു. ആസനംതാങ്ങികളായ ചില പത്രപ്രവര്‍ത്തക ചാവാലികളും മരിച്ചു പോയ മനുഷ്യന് വാര്‍ത്തയുടെ ക്‌ളാസ് എടുക്കുന്നതു കണ്ടു. ഇന്നലെ തന്നെ വേണമായിരുന്നോടാ നാറികളെ എന്നു മാത്രമേ ചോദിക്കാനുള്ളു.
കാറ്റാടിപാടത്തിന്റെ കഥ ജീജോ എഴുതിയതു കൊണ്ടല്ല ശിവശങ്കരന്‍ 100 ദിവസം ജയിലില്‍ കിടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചെയ്‌യരുതാത്ത കാര്യങ്ങള്‍ ചെയ്തതു കൊണ്ടു മാത്രമാണ്. ഈ കേസ് അന്വേഷിച്ച ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയ വിവരങ്ങളും രേഖകളും ജീജോ വിശ്വസിച്ചു എന്നുള്ളതു കൊണ്ടാണ് ശിവശങ്കരന് എതിരെയുള്ള ആ വാര്‍ത്ത പത്രത്തില്‍ വന്നത്. ചിലപ്പോള്‍ അത്തരം വിശ്വാസങ്ങള്‍ മാത്രമാണ് പത്രപ്രവര്‍ത്തനത്തില്‍ ആശ്രയം. ഒരു റിപ്പോര്‍ട്ടര്‍ എഴുതുന്നത് അയാള്‍ക്കു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ബോധ്യത്തില്‍ തന്നെയാണ്. താന്‍ എഴുതിയത് തെറ്റായിരുന്നില്ല എന്നു ജീജോ ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസം നൂറു ശതമാനം തെറ്റാണ് എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ശിവശങ്കരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലുണ്ട്. അതിനു മുമ്പ് ഒരുത്തനും വിധിക്കേണ്ട കാര്യമില്ല. ആ ഒറ്റ വാര്‍ത്തയുടെ പേരില്‍ അയാളെന്ന പത്രപ്രവര്‍ത്തകന് ഒരുത്തനും വിലയിടണ്ട.
ഇനി ഇന്നലെ ആടിത്തിമിര്‍ത്ത ശവംതീനികളായ മലരുകളോടാണ്.
നിന്റെയൊക്കെ നേതാവിന്റെ കൊള്ളരുതായ്മകള്‍ മറയ്ക്കാന്‍ ഇനിയെത്ര കാലവും സോഷ്യല്‍ മീഡിയിയായില്‍ ആടിത്തിമിര്‍ത്തിട്ടും ഒരു കാര്യവുമില്ല. എത്ര സുഗന്ധം പൂശിയാലും നിന്റെയൊക്കെ ഈ വിസര്‍ജ്യങ്ങള്‍ പൊതുവിടങ്ങളെ മലിനപ്പെടുത്തിക്കൊണ്ടിരിക്കും. നിന്റെയൊക്കെ പ്രസ്ഥാനവും നേതാക്കന്മാരും ആ വിസര്‍ജ്യത്താലും അതിന്റെ വൃത്തികെട്ട ഗന്ധത്താലും അടയാളപ്പെടുത്തപ്പെടും. ചരിത്രത്തിന്റെ സെപ്റ്റിക് ടാങ്കുകളില്‍ നിന്റെയൊക്കെ പേരുകള്‍ കൃമികളായി നുരയ്ക്കും.
ഇതു കണ്ട് ഇനി മരിക്കാനിരിക്കുന്നവര്‍ ഭയപ്പെടുമെന്നു കരുതണ്ട. മരണങ്ങള്‍ നീയൊക്കെ ഇനിയും ആഘോഷിക്കും എന്ന ഉറച്ച ധാരണയില്‍ ഈ യുദ്ധം തുടരുക തന്നെ ചെയ്യും. പിന്നെ നിന്റെയൊക്കെ നേതാക്കള്‍ മരിക്കുമ്പോള്‍ ഇതുപോലെ ആനന്ദനൃത്തം ചവിട്ടാന്‍ ആള്‍ക്കാരുണ്ടാകുമെന്നും അന്ന് സാരോപദേശ കഥകളുമായി ആരും വരരുത് എന്നും ഓര്‍മ്മിപ്പിക്കുന്നു.
(ഇതുപോലെ ഫേസ് ബുക്കില്‍ എഴുതേണ്ടിവരുമെന്നു വിചാരിച്ചതല്ല. ധര്‍മ്മപുരാണം എഴുതുമ്പോള്‍ ഒവി വിജയന്‍ പറഞ്ഞതു പോലെ കാലഘട്ടം ചില ഭാഷയെ ആവശ്യപ്പെടുന്നുണ്ട്. ഇതിനു താഴെ നിന്റെയൊക്കെ വിസര്‍ജ്യം വിളമ്പിവെക്കും എന്നു അറിയാതെയുമല്ല. പക്ഷേ മരിച്ചു പോയ പ്രിയപ്പെട്ടവനോട് ഇതാണെന്റെ ഐക്യദാര്‍ഢ്യം.)
സിബി

































