തിരുവനന്തപുരം. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിങിനും ഇരയായതിനെത്തുടര്‍ന്ന് മൂത്ത സഹോദരി ജീവനൊടുക്കി,എന്നിട്ടും നടപടിയില്ല, ഇളയ സഹോദരിയും ജീവനൊടുക്കി
ജോധ്പൂര്‍: രാജസ്ഥാനില്‍ വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിങിനും ഇരയായതിനെത്തുടര്‍ന്ന് മൂത്ത സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ ഇളയ സഹോദരിയും ജീവനൊടുക്കി. മാര്‍ച്ചിലാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസില്‍ നിന്നും നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് അനിയത്തിയും ജീവനൊടുക്കുകയായിരുന്നു.
ജോധ്പൂരിലുണ്ടായ രണ്ട് സഹോദരിമാരുടെ മരണം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതുമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത പെണ്‍കുട്ടികളുടെ പിതാവ്, സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.
മാര്‍ച്ച് 20-ന് ആത്മഹത്യ ചെയ്ത മൂത്ത സഹോദരിയെ ലോക്കല്‍ ഇ-മിത്ര സേവന കേന്ദ്രം നടത്തിപ്പുകാരനായ മഹിപാല്‍ എന്നയാള്‍ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് അനിയത്തി ഏപ്രില്‍ 11-ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തി വെച്ചിട്ടുണ്ടായിരുന്നു. ശിവരാജ്, ഗോപാല്‍, വിജാറാം, ദിനേഷ്, മനോജ്, പുഖ്രാജ് എന്നിവരുള്‍പ്പെടെ ആകെ എട്ട് പേരെയാണ് പരാതിയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നത്.
ഇവര്‍ തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനിയത്തി ആരോപിച്ചു. മഹിപാലും കൂട്ടാളികളും ചേര്‍ന്ന് ഏകദേശം നാല് വര്‍ഷത്തോളം യുവതിയെ ചൂഷണം ചെയ്യുകയും, ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പണം തട്ടിയെടുക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പീഡനം താങ്ങാനാവാതെയാണ് മാര്‍ച്ച് 20-ന് അവര്‍ ജീവനൊടുക്കിയത്.
തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ താനും ജീവനൊടുക്കുമെന്ന് അനിയത്തി പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. ക്രൂരതകള്‍ അവിടെക്കൊണ്ടും അവസാനിച്ചില്ല. സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷം പ്രതികള്‍ തനിക്കുനേരെ തിരിഞ്ഞതായി അനിയത്തി ആരോപിച്ചിരുന്നു. ചേച്ചിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ തന്നെയും ലൈംഗികമായി പീഡിപ്പിച്ചതായി അവര്‍ പറഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷവും പ്രതികള്‍ തങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്നും, പൊലീസിന് തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ വീരവാദം മുഴക്കിയിരുന്നതായും യുവതി ആരോപിച്ചു.
ഒടുവില്‍, തന്റെ ശബ്ദം അധികാരികളില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച അനിയത്തി ഒരു വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വിഷം കഴിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണപ്പെടുകയുമായിരുന്നു. സംഭവം രജപുത്ര സമുദായത്തിനിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന എംഡിഎം ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധവുമായി തടിച്ചുകൂടി. ആദ്യഘട്ടത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതം മൂളി. അന്വേഷണത്തിലുടനീളം പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മാര്‍വാര്‍ രാജ്പുത് സൊസൈറ്റി പ്രസിഡന്റ് ഹനുമാന്‍ സിങ് ഖാംഗ്ത ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് രണ്ട് സഹോദരിമാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോളൂ ,നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണം,മാധ്യമങ്ങളോട് വി ഡി സതീശന്‍
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോള്ളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. തന്നെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്‌റു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍’- വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല. എല്ലാ നേതാക്കളും ഒരുമിച്ചാണ് പത്തുപേരെ തീരുമാനിച്ചത്. ഒന്നു രണ്ടുപേരെ തീരുമാനിക്കുന്നതില്‍ മാത്രമാണ് സാമുദായിക സമവാക്യങ്ങള്‍ അടക്കം കണക്കിലെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു
സതീശൻ സർക്കാരിൽ പിടിമുറുക്കി കെസി പക്ഷം, കോൺഗ്രസിൻ്റ 12 ൽ 8 പേരും കെ സി പക്ഷക്കാർ
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ പിടിമുറുക്കി കെ സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും തനിക്ക് ഒപ്പമുള്ളവർക്ക് വിഡിഎസ് ക്യാബിനറ്റിൽ നിര്‍ണായക വകുപ്പുകൾ ഉറപ്പിക്കാൻ കെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണറെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പുറപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ. ആദ്യം മുതൽ ലിസ്റ്റിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കം പുറത്തായപ്പോൾ ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവര്‍ അവസാന നിമിഷം മന്ത്രിസ്ഥാനം ഉറപ്പിച്ചു.
ഒപ്പം എഐസിസി ആശീർവാദത്തോടെ ടി സിദ്ദിഖും അവാസാന നിമിഷം സ്ഥാനം ഉറപ്പാക്കി. സണ്ണി ജോസഫ്, എ പി അനിൽകുമാർ, റോജി എം ജോൺ, ഒ ജെ ജനീഷ്, വിഷ്ണുനാഥ്, കെ എ തുളസി അടക്കം കെസി പക്ഷത്ത് നിന്നാണ് കൂടുതൽ മന്ത്രിമാരും. വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ച് പേരുകൾ പലതും വെട്ടിപ്പോയി. ഷാനിമോളിനെയും വി ടി ബൽറാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്. തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തിൽ ആ തന്ത്രം വിജയിച്ചു.
പാലക്കാട് നിന്നുള്ള മന്ത്രി, സ്ത്രീ പ്രാതിനിധ്യം എല്ലാം തുളസിക്ക് അനുകൂലമായി മാറി. ഒപ്പം ഷാനിമോളിൽ നിന്നും തുളസി വന്നതോടെ മന്ത്ര പദവി അകന്നു. ഷാനിമോളിനായി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും എഐസിസി ആശീര്‍വാദത്തോടെ ടി സിദ്ദിഖ് മന്ത്രി സ്ഥാനം കൊണ്ട് പോയി. വകുപ്പുകൾ തീരുമാനമായെങ്കിലും വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി…. സര്‍പ്രൈസ് എന്‍ട്രികളും
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പ്, തുറമുഖവും കൈകാര്യം ചെയ്യും. സണ്ണി ജോസഫ് റവന്യൂ മന്ത്രിയാകും. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂര്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ നടക്കും.
11 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി പദത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ ഏറ്റെടുത്ത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുകയായിരുന്ന ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നല്‍കാമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിച്ചത്. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരന്‍ , എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും.
മുസ്ലിം ലീഗില്‍ നിന്ന് അഞ്ച് എംഎല്‍മാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല ടേം വ്യവസ്ഥയില്‍ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍ ഇന്നെത്തും.
ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും, മന്ത്രിസഭയിൽ മികച്ച പ്രാതിനിധ്യമുണ്ടാകും; വെള്ളാപ്പള്ളിക്കെതിരെ കെ.സി. വേണുഗോപാൽ
ആലപ്പുഴ: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായല്ലോയെന്ന ചോദ്യത്തോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് പറഞ്ഞ അദ്ദേഹം, ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകുമെന്നും ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന മികച്ച ഒരു മന്ത്രിസഭയായിരിക്കും വരിക. ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്‌പർധ വളർത്താനാണെന്നും ഇതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ്റെ യോഗനാദം എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിൽ, വർഗീയത പടർത്തുന്ന രീതിയിൽ വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ പ്രതികരണം. അത്തരം വർഗീയതയ്ക്ക് വളരാനുള്ള മണ്ണല്ല കേരളമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മാത്രമേ യു.ഡി.എഫ് മുന്നോട്ട് പോകൂ. മുന്നണിയിലെ ഐക്യം തകർക്കാനുള്ള നീക്കങ്ങളെ അനുവദിക്കില്ല. ഘടകകക്ഷികളെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെരിക്കോസ് വെയിൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലുകളിൽ വീർത്ത, വളഞ്ഞ നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള സിരകളായി അവ പലപ്പോഴും പ്രത്യക്ഷപ്പെടുകയും ഭാരം, വീക്കം, വേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
പലരും അവയെ വെറും ഒരു സൗന്ദര്യവർദ്ധക പ്രശ്‌നമായി തള്ളിക്കളയുമ്പോൾ ശരീരത്തിനുള്ളിലെ രക്തചംക്രമണ പ്രശ്‌നങ്ങളെയാണ് അവ സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. കാലക്രമേണ സിരകൾക്കുള്ളിലെ ചെറിയ വൺ-വേ വാൽവുകൾ ദുർബലമാകുമ്പോഴാണ് സാധാരണയായി വെരിക്കോസ് വെയിനുകൾ വികസിക്കുന്നതെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുടീഞ്ഞോ പറയുന്നു.
നിങ്ങളുടെ കാലുകളിലെ ഞരമ്പുകൾ വീർക്കുകയും നീല നിറമാവുകയും ചെയ്യുന്നത് കണ്ടാൽ വെരിക്കോസ് വെയിനുകൾ ഉണെന്ന് മനസിലാക്കാം. കാരണം ഞരമ്പുകൾക്കുള്ളിൽ രക്തം ഹൃദയത്തിലേക്ക് തിരികെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടാകാമെന്ന് ലൂക്ക് കുടീഞ്ഞോ പറഞ്ഞു. ഈ വാൽവുകൾ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ, രക്തം പിന്നിലേക്ക് ഒഴുകാൻ തുടങ്ങുകയും കാലുകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.
ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇതും വെരിക്കോസ് വെയിൻ രോഗത്തെ വിളിച്ചുവരുത്താം.
നിരവധി ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും വെരിക്കോസ് വെയിനുകളുടെ സാധ്യത വർദ്ധിപ്പിക്കും. ദീർഘനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത്, ഹോർമോൺ മാറ്റങ്ങൾ, വീക്കം, ഗർഭധാരണം എന്നിവയെല്ലാം രക്തചംക്രമണത്തെ ബാധിക്കുകയും സിരകൾക്കുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. സിരകൾക്കുള്ളിൽ മർദ്ദം വർദ്ധിക്കുമ്പോൾ, സിരകളുടെ ഭിത്തികൾ വലിച്ചുനീട്ടപ്പെടുകയും വീക്കം വർദ്ധിക്കുകയും ചെയ്യുന്നു. കാലക്രമേണ, സിരകൾ വലുതാകുകയും വളയുകയും വേദനാജനകമാവുകയും ചെയ്യും.
വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ
ഭാരമുള്ളതോ ക്ഷീണിച്ചതോ ആയ കാലുകൾ
കണങ്കാലിന് ചുറ്റും വീക്കം
നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള സിരകൾ ദൃശ്യമാകൽ
ദീർഘനേരം നിന്നതിനു ശേഷമുള്ള വേദന
ഇന്ത്യക്ക് അടക്കം വൻ തിരിച്ചടി, കടുത്ത തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം; റഷ്യൻ എണ്ണയുടെ ഇളവ് അവസാനിപ്പിച്ചു, ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി
വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണ് ഈ സുപ്രധാന നടപടി. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോളതലത്തിലുള്ള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണ്ണമായും വിലക്കി.
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത വിതരണ തടസങ്ങളും വിലക്കയറ്റവും താൽക്കാലികമായി ശാന്തമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചിരുന്നത്.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളെത്തുടർന്ന് രാജ്യാന്തര ഇന്ധനക്കടത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ആഗോള ഊർജ്ജ തകർച്ച ഒഴിവാക്കുന്നതിനാണ് കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ ബാരലുകൾ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള വൻകിട ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക അനുമതി നൽകിയത്. ഈ ഇളവ് കാലയളവിൽ ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിലാണ് റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ഇളവുകൾ അവസാനിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മറ്റ് ഇന്ധന സ്രോതസ്സുകൾ കണ്ടെത്തേണ്ടി വരും.
അമേരിക്കയുടെ ഈ പുതിയ കടുത്ത നിലപാടോടെ ആഗോള വിപണിയിൽ എണ്ണ വിതരണം വീണ്ടും പരിമിതപ്പെടുമെന്നും ഇത് ഇന്ധനവില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം ആരംഭിച്ചതുമുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. നിലവിൽ അമേരിക്കയിൽ തന്നെ പെട്രോൾ വില ഗാലന് (3.8 ലിറ്റർ) ശരാശരി 4.50 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. പുതിയ ഉപരോധം കർശനമാകുന്നതോടെ ആഗോള എണ്ണ സൂചികകൾ ഇനിയും മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നത്.
കടുത്ത അതൃപ്തിയിൽ ലത്തീൻ സഭ, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും; പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് നേതൃത്വം
തിരുവനന്തപുരം: കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും.
Also Read: ‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം’, വീണ്ടും കാടൻ നിയമവുമായി താലിബാൻ
നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്ന് നേതൃത്വം പറയുന്നു. എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രംഗത്തെത്തുന്നത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാരാണ് ഉള്ളത്.




































