Home News Breaking News യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി…. സര്‍പ്രൈസ് എന്‍ട്രികളും

യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി…. സര്‍പ്രൈസ് എന്‍ട്രികളും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പ്, തുറമുഖവും കൈകാര്യം ചെയ്യും. സണ്ണി ജോസഫ് റവന്യൂ മന്ത്രിയാകും. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂര്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ നടക്കും.
11 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി പദത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ ഏറ്റെടുത്ത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുകയായിരുന്ന ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നല്‍കാമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിച്ചത്. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരന്‍ , എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും.
മുസ്ലിം ലീഗില്‍ നിന്ന് അഞ്ച് എംഎല്‍മാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല ടേം വ്യവസ്ഥയില്‍ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍ ഇന്നെത്തും.