Home Blog Page 737

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ

ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം. കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പുറത്തുവിട്ട വിവരപ്രകാരം, രാത്രി ട്രെയിനിൽ വച്ച് സൈനികനും അറ്റൻഡർമാരും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടാവുകയും, പിന്നാലെ അറ്റൻഡർമാരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തുകയും ചെയ്തു. വയറിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ സൈനികൻ, ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികർ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ട്രെയിൻ ബിക്കാനീരിൽ എത്തിയ ഉടൻ ഇദ്ദേഹത്തെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന അറ്റൻഡർമാരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശോധനയ്ക്കായി കൊലപാതകം നടന്ന കോച്ച് സീൽ ചെയ്തു. ഈ കോച്ചിൽ നിന്നും യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഇതിൽ ഫോറൻസിക് പരിശോധന നടത്തും. സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം ബിക്കാനീറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തും.

‘വീട്ടിലേക്ക് വന്നത് പോലെ’; എയർ ഇന്ത്യ വിമാനത്തിലെ അസാധാരണ കൂടിക്കാഴ്ചയെ കുറിച്ച് ശശി തരൂർ

ന്യൂഡൽഹി: എയർ ഇന്ത്യയെയും ജീവനക്കാരെയും പ്രശംസിച്ച് ശശി തരൂർ എംപി. തൻ്റെ യാത്രക്കിടെയുണ്ടായ നല്ല അനുഭവം വ്യക്തമാക്കിക്കൊണ്ടാണ് എക്സിലെ ഹാൻഡിലിൽ അദ്ദേഹം ജീവനക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. തുടർച്ചയായി രണ്ട് സർവീസുകളിൽ ശശി തരൂരിനൊപ്പം ഉണ്ടായിരുന്ന സുനിത, ലീപക്ഷി എന്നീ കാബിൻ ജീവനക്കാർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവെച്ചത്.

തുടർച്ചയായ സർവീസുകളിൽ ഒരേ കാബിൻ ക്രൂ അംഗങ്ങളെ കാണുന്നതിലുള്ള അസാധാരണത്വം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. സുനിതയെയും ലീപാക്ഷിയെയും വീണ്ടും കണ്ടുമുട്ടിയപ്പോൾ വീട്ടിലേക്ക് എത്തിയ പ്രതീതിയായിരുന്നു എന്ന് അദ്ദേഹം എഴുതി. ഇരു വനിതകളോടും നന്ദിയും അവരുടെ തൊഴിലിലെ ആത്മാർപ്പണത്തിന് അഭിനന്ദനവും അറിയിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നേരത്തെ എയർ ഇന്ത്യ കേരളത്തിലേക്കുള്ള ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിൽ ശശി തരൂർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്ന് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ മാനേജ്മെൻ്റിന് അദ്ദേഹം കത്തയച്ചിരുന്നു. പിന്നീട് ഈ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷ നേതാവുമടക്കം ഇടപെട്ടതിന് പിന്നാലെ പരിഹാരവുമുണ്ടായി.

പാൽ വില കൂടും…

സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മര്യാദക്കേടല്ല, മാനസികാരോഗ്യം മുഖ്യം, ഹലോ ഉപേക്ഷിച്ചു, ഫോൺ വിളികളും വെട്ടി-ജെൻ സി

പുതിയ കാലത്തെ ഫോൺ സംഭാഷണങ്ങളിൽ ഒരു മിസ്സിംഗ് ഉണ്ട്. അത് മറ്റൊന്നുമല്ല, സംസാരം തുടങ്ങാൻ പണ്ട് ഉപയോഗിച്ചിരുന്ന ഹലോ എന്ന വാക്കാണ്. സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റന്റ് മെസ്സേജിങ്ങിന്റെയും ലോകത്ത് വളർന്നുവന്ന ഈ യുവതലമുറ ആശയവിനിമയത്തിനായി തിരഞ്ഞെടുക്കുന്നത് അസിൻക്രണസ് രീതികളാണ്. തൽക്ഷണ പ്രതികരണം ആവശ്യമില്ലാത്ത, ഇഷ്ടമുള്ളപ്പോൾ മറുപടി നൽകാൻ സാധിക്കുന്ന മെസ്സേജുകളോടാണ് അവർക്ക് കൂടുതൽ ഇഷ്ടം. ഈ പ്രവണതക്ക് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് 2023-ൽ കമ്മ്യൂണിക്കേഷൻ റിസർച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത്. പെട്ടെന്നുള്ള ഫോൺ കോളുകൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് 81% ജെൻ സിയും കരുതുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു..

മുതിർന്ന തലമുറയ്ക്ക് ലാൻഡ്‌ലൈൻ ഫോണുകൾ സർവ്വസാധാരണമായിരുന്നു. അതുകൊണ്ട് തന്നെ ‘ഹലോ’ എന്ന ഔപചാരികമായ അഭിവാദ്യം അവർക്ക് ഒരു മര്യാദയുടെ ഭാഗമായിരുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ വളർന്നുവന്ന ജെൻ സിയെ സംബന്ധിച്ച്, ഒരു ഫോൺ കോൾ എന്നത് അവരുടെ മുഴുവൻ ശ്രദ്ധ ആവശ്യമുള്ള, മാനസികമായി തയ്യാറെടുക്കാൻ സമയം നൽകാത്തതുമായ ഒരു കാര്യമായി മറുന്നു. സംസാരം ഒഴിവാക്കി നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നത് വെറും മര്യാദയില്ലായ്മയായി മുതിർന്നവർ കണ്ടേക്കാം. എന്നാൽ ജെൻ സിയെ സംബന്ധിച്ച്, ഇത് മാനസികാരോഗ്യത്തെ സംരക്ഷിക്കാനുള്ള ഒരു തന്ത്രമാണ്.

മെസ്സേജിങ് ആപ്പുകൾ, ഇ-മെയിലുകൾ, വോയിസ് നോട്ടുകൾ എന്നിവയുടെ ഉപയോഗം അവർക്ക് മറ്റുള്ളവരുമായുള്ള സംഭാഷണത്തിന് നിയന്ത്രണം നൽകുന്നു. ഇതിലുടെ അവർക്ക് സന്ദേശം വായിച്ച് ആലോചിച്ച് മറുപടി നൽകാൻ സമയം ലഭിക്കുന്നു. ഫോൺ വിളിക്കാനുള്ള ഭയം ജെൻ സികളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഇതിനെ ടെലിഫോബിയ എന്നാണ് പറയുന്നത്. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ‘കോപ്പിംഗ് സ്ട്രാറ്റജി’ ആയാണ് പലരും ‘ഹലോ’ ഒഴിവാക്കുന്നത്. അതുകൊണ്ട്, നിങ്ങളുടെ ജെൻ സി സുഹൃത്ത് ‘ഹലോ’ പറയാതെ സംസാരിച്ച് തുടങ്ങുമ്പോൾ അത് മര്യാദകേടായി കാണാതെ, അവരുടെ പുതിയ ആശയവിനിമയ ശൈലിയും, മാനസിക സൗകര്യവും തേടുന്നതിനുള്ള വഴിയായി മനസ്സിലാക്കാം. ടെക്നോളജി നമ്മൾ സംസാരിക്കുന്ന രീതിയെ പോലും എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പുതിയ പ്രവണത.

കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസുകാരും തമ്മില്‍ ഇനി തര്‍ക്കമുണ്ടാകില്ല

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ നടപടി ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്. മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്‌സ് ആപ്പ് നിലവില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.
നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്, വിദ്യാര്‍ഥി കണ്‍സെഷനുകള്‍ എന്നിവയെ സംയോജിപ്പിക്കാന്‍ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്‌ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. ‘ആപ്പിനെ ഒരു മള്‍ട്ടിപര്‍പ്പസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളും ഇത് പരിഹരിക്കും, ഭാവിയില്‍, ഇത് ഒരു പൊതു മൊബിലിറ്റി കാര്‍ഡായി വികസിപ്പിക്കാന്‍ കഴിയും’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.

മണ്ണന്തലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ല

തിരുവനന്തപുരം: മണ്ണന്തലഅരുവിയോട് സെന്റ് റീത്താസ് സ്കൂളിന് സമീപം സത്ഗമയയിൽ ജോയിയുടെ മകൻ ജ്യോതിർ J J (18 വയസ്) എന്ന വിദ്യാർത്ഥിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ മണ്ണന്തല പോലീസ് സ്റ്റേഷനിലോ, 94472 56930 എന്ന നമ്പറിലോ അറിയിക്കണം.

കോർപറേഷൻ കോൺഗ്രസ് മേയർ സ്ഥാനാർഥി എ കെ ഹഫീസ്

കൊല്ലം. കോർപ്പറേഷൻ കോൺഗ്രസ് മേയർ സ്ഥാനാർഥി എ.കെ.ഹഫീസ്.12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും.എ.കെ.ഹഫീസ് മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ്, നിലവിൽ ഐ എൻ.ടി.യു സി ജില്ലാ പ്രസിഡൻറുമാണ്.

കുടുംബാംഗങ്ങൾ ആറുമാസമായി ഗൾഫില്‍ , വീട് കുത്തിപ്പൊളിച്ച് സിസിടിവി അടക്കം മോഷണം

തൃശ്ശൂർ. ഒരുമനയൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം.ഒരുമനയൂർ മുത്തമ്മാവിൽ വലിയകത്ത് ഷെജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നാം നിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്.കുടുംബാംഗങ്ങൾ ആറുമാസമായി ഗൾഫിലാണ് .
ഷജീറിന്റെ ബന്ധു രാവിലെ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വിവരമറിയുന്നത്. വീടിനുള്ളിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങളാണ് മോഷണം പോയി എന്നാണ് വിവരം.
ഇൻവെർട്ടർ ബാറ്ററി, CCTV ക്യാമറ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിലപിടിപ്പുള്ള പ്ലേറ്റുകൾ എന്നിവയെല്ലാം മോഷണം പോയിറട്ടുണ്ട്.

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ.

വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ  ഫോറൻസിക് വിദ്യാർഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോൾ മുഹമ്മദ് ഇർഫാൻ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന മിനി ലോറിയിൽ ഇടിച്ച ശേഷം വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. തലയിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമായത്.

ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന

തൃശൂര്‍.കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന.സംഭവത്തിൽ തമിഴനാട് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
കൈവിലങ് അഴിച്ച് ബലമുരുഗനെ പുറത്തിറക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയം.കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബലമുരുഗനായി തിരച്ചിൽ തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ഇന്നലെ രാത്രി 9:30നാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്.തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംശയിക്കുന്നുണ്ട്.
പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയത്തിലും വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പരിശോധനയും തുടരുകയാണ്. തമിഴ്നാട് പോലീസ് നൽകുന്ന വിവരം അനുസരിച്ച് വിയൂർ ജയിലിന്റെ 50 മീറ്റർ മുൻപാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ല എന്നും തമിഴ്നാട് പോലീസ് പറയുന്നു.
പോലിസിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി.ഇതിന് ശേഷമാണ്
വിയ്യൂർ ജയിൽ വിവരം അറിയിക്കുന്നത്.
ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ബാലമുരുഗനായി തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിൽ തുടരുകയാണ്.ഇതിനിടെ ബാലമുരുഗന്റെ പുതിയ ചിത്രങ്ങൾ പോലിസ് പുറത്തുവിട്ടു.രക്ഷപ്പെട്ട സമയം കറുത്ത ഷർട്ടും വെള്ളമുണ്ടുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്.തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ എത്തിച്ചത്.
മുൻപ് രണ്ട് വട്ടം പോലീസിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടിട്ടുണ്ട്.റോഡ് അരിക്കിൽ സൂക്ഷിക്കുന്ന ബൈക്കുകൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. തെങ്കാശി കേന്ദ്രീകരിച്ച് ഇയാൾക്ക് ഒളി സങ്കേതങ്ങളുണ്ട് എന്നാണ് പോലീസ് കണ്ടെത്തൽ.കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുഗൻ.