Home Blog Page 72

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും. പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ ആകാത്ത സാഹചര്യമാണ്.

ഈ മാസം 30 വരെ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ഉണ്ടാകും. മുൻകൂട്ടി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ വൈദ്യുതി പോകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കൈമാറ്റ കരാർ പ്രകാരമുള്ള 200 മെഗാ വാട്ട് മധ്യപ്രദേശിൽ നിന്ന് ലഭിക്കാത്തതും തിരിച്ചടിയായി. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് നേരിടുന്നുണ്ട്. ദേശീയതലത്തിൽ 12,000 മെഗാ വാട്ടിന്റെ കുറവ് തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പുറത്ത് നിന്നും വൈദ്യുതി വാങ്ങി നിയന്ത്രണത്തെ മറികടക്കാൻ ശ്രമിക്കുകയാണ്.

10 രൂപ 4 പൈസ നിരക്കിൽ പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി ഉണ്ടെങ്കിലും പൊതുവിപണിയിൽ വൈദ്യുതി കിട്ടാനില്ല.സ്വാപ്പ് കരാർ കൂടി അവസാനിച്ചാൽ താത്കാലിക ആശ്വാസം ആകും. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്ക് ഉണ്ട്. എസിയും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയാണ് കെഎസ്ഇബി.

പിഎസ്‌സി നിയമന ക്രമക്കേട്, ചോദ്യം ചെയ്യലിന് ചെയര്‍മാനും അംഗങ്ങളും ഓഫീസിൽ ഹാജരായേ പറ്റൂ, എസ് ഐ ടിയുടെ മറുപടി

തിരുവനന്തപുരം. പിഎസ്‌സി നിയമന ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നതിൽ വിട്ടുവീഴ്ച ഇല്ലെന്ന് എസ് ഐ ടി. ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നറിയിച്ചുകൊണ്ടുള്ള പി എസ് സി സെക്രട്ടറിയുടെ കത്തിനാണ് ഐജി അജിത ബേഗത്തിന്റെ മറുപടി. പി എസ് സിയുടെ പ്രോട്ടോകോൾ ചോദ്യം ചെയ്യലിന് ബാധകമല്ലെന്നും എസ് ഐ ടി അറിയിച്ചു.


Psc ചെയർമാനും അംഗങ്ങൾക്കും മാത്രമായി ഈ കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യലിനായി ക്രൈബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ ക്രമക്കേടിൽ psc ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതാണ് പോര് മുറുകാൻ കാരണം. തുടർ നടപടികളിലേക്ക് കടക്കും മുൻപ് ഇരുവിഭാഗവും നിയമോപദേശം തേടിയിട്ടുണ്ട്. Psc അംഗങ്ങളായ നാല് പേർക്കാണ് 15ന് ചോദ്യം ചെയ്യലിന് ഹാജറാകാൻ നോട്ടീസ് നൽകിയത്. ചെയർമാൻ എം ആർ ബൈജുവിനും അടുത്ത ദിവസം നോട്ടീസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തില്ലെന്നും പകരം psc ഓഫീസിൽ വച്ചു മൊഴിനൽകാമെന്നും psc സെക്രട്ടറി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തെ രേഖമൂലം അറിയിച്ചത്. ഭരണഘടന സ്ഥാപനമായതിനാൽ അംഗങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നാണ് psc യുടെ വാദം. നാളെ ചേരുന്ന പിഎസ്‌സി യോഗം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. നിയമോപദേശം കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

കേരളത്തെ നോക്കുകുത്തിയാക്കി തൂത്തുക്കുടിക്ക് വീണ്ടും കപ്പൽ നിർമാണ ശാല,വിഴിഞ്ഞത്തിന്റെ സാധ്യത മങ്ങി

കേരളത്തെ നോക്കുകുത്തിയാക്കി തൂത്തുക്കുടിക്ക് വീണ്ടും കപ്പൽ നിർമാണ ശാല. നാല് ബില്യൻ ഡോളറിന്റെ കൊറിയൻ നിക്ഷേപത്തോടെയാണ് തൂത്തുക്കുടിയിൽ പദ്ധതി വരുന്നത്. വിശദമായ ഡി.പി.ആറുമായി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.തൂത്തുക്കുടിയിലെ കപ്പൽ നിർമാണശാലകൾ വരുമ്പോൾ വിഴിഞ്ഞത്തിന്റെ സാധ്യതകൾക്കാണ് മങ്ങലേൽക്കുന്നത്. അതേ സമയം കൊച്ചിൻ ഷിപ്യാർഡ് തൂത്തുകുടിയിൽ ആരംഭിക്കുന്ന കപ്പൽ നിർമാണശലയ്ക്കുള്ള
സ്ഥലമെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.


നാല് ബില്യൻ ഡോളറിന്റെ കൊറിയൻ നിക്ഷേപത്തോടെയാണ് തൂത്തുക്കുടിയിൽ പുതിയ കപ്പൽ നിർമാണ ശാല ഒരുങ്ങുന്നത്. വിശദമായ DPR ആണ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കുന്നത്.തൂത്തുക്കുടിയിൽ തുടർച്ചയായി വൻകിട കപ്പൽ നിർമാണശാലകൾ വരുമ്പോൾ വലിയ തിരിച്ചടിയാകുന്നത് കേരളത്തിന്റെ വികസന പ്രതീക്ഷയായ വിഴിഞ്ഞത്തിനാണ്. തെക്കേ ഇന്ത്യയിലെ പ്രധാന സമുദ്ര വ്യവസായ കേന്ദ്രമാകാൻ ഒരുങ്ങുന്ന വിഴിഞ്ഞത്തിന്റെ ഭാവി സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങൾ കൊണ്ടുവരുന്നതിൽ കേരളം പിന്നോട്ട് പോകുമ്പോഴാണ് തമിഴ്നാട് വൻകിട നിക്ഷേപങ്ങളുടെ കേന്ദ്രം ആകുന്നത്.അതേസമയം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് തൂത്തുക്കുടിയിൽ ആരംഭിക്കുന്ന കപ്പൽ നിർമാണശാലയ്ക്കായുള്ള സ്ഥലമെടുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.ഇതോടെ വിഴിഞ്ഞത്തെ കപ്പൽ നിർമാണശാല എന്ന വികസന സ്വപ്നകവാടം എന്നെന്നേക്കുമായി അടയുകയാണ്

സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധന

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസത്തെ സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്തിന്റെ നികുതി പിരിവിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിട്ട് ഉള്ളത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 9,000 കോടിയിലധികം രൂപയുടെ അധിക നികുതി വരുമാനമാണ് ഇത്തവണ ഖജനാവിലേക്ക് എത്തിയത്. സർക്കാരിന് തുടക്കത്തിൽ 5000 കോടി രൂപയിൽ അധികം നികുതി വരുമാനം ആയി കിട്ടി .

ഇതും സർക്കാർ കൂടുതൽ സഹായമായി.ഓണം പ്രമാണിച്ച് വിപണിയിൽ നടന്ന ഇടപെടൽ 4700 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നാണ് സർക്കാർ കണക്ക്.നികുതിയേതര വരുമാനം മുൻ വർഷത്തേക്കാൾ 8% വർധിച്ച് 7,727 കോടി രൂപയായി.മുൻ വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി കുറഞ്ഞത് ആശ്വാസമായി.നിലവിൽ 18,688 കോടിയിലാണ് റവന്യൂ കമ്മി. നികുതി വരുമാനം ഉയർന്നുവെങ്കിലും കടമെടുപ്പിൽ വർധനയുണ്ടായി. ആദ്യ 5 മാസത്തെ ആകെ കടം 30,560.93 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ കൂടുതൽ ആണ് ഈ കണക്ക്.

ആംബുലന്‍സ് സമരം,രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ലെന്ന് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം.ആംബുലന്‍സ് സമരം,രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. 108 ആംബുലൻസ് ജീവനക്കാരുടെ സമരം പരാമര്‍ശിക്കുകയായിരുന്നുമന്ത്രി.

108 ആംബുലൻസിൽ പോകുന്നത് രോഗികളാണ്, പോകുന്നത് സുഖവാസത്തിനല്ല. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തും. ഭീഷണിപ്പെടുത്തി കാര്യം നേടാൻ നോക്കണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈനേജിൽ 49കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. പൂവാട്ടുപറമ്പിൽ ഡ്രൈനേജിൽ 49കാരനെ മരിച്ച നിലയിൽ കണ്ടെത്തി.പെരുമണ്ണ പാറമ്മൽ സ്വദേശി ബാബുവാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽബാബുവിനെ കാണാനില്ലായിരുന്നു

തിരച്ചിലിനിടെ സ്കൂട്ടർ റോഡരികിൽ കണ്ടെത്തി.തുടർന്ന് പറരിശോധിച്ചപ്പോഴാണ് ഇന്ന് രാവിലെ 8.30 ഓടെ ഡ്രൈനേജിൽ മൃതദേഹം കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ. ചെറുപുഴ വാഴക്കുണ്ടത്താണ് സംഭവം. പുളിങ്ങോം സ്വദേശി ജോസു കുട്ടിയാണ് മരിച്ചത്.ചെറുപുഴ പോലീസ് സ്ഥലത്തെ ത്തി. ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്

സുഹൃത്ത് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

തെെറോയ്ഡ് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് അസന്തുലിതാവസ്ഥ. മനുഷ്യശരീരത്തിലെ കഴുത്തിന്റെ ഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.

Also Read: ‘ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’: തുറന്നടിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ

ശരീരം ഊർജ്ജം എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന എൻഡോക്രൈൻ വ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണിത്.

തൈറോയിഡിന്റെ പ്രധാന ജോലി മെറ്റബോളിസത്തെ നിയന്ത്രിക്കുക എന്നതാണ്

തൈറോയിഡിന്റെ പ്രധാന ജോലി മെറ്റബോളിസത്തെ നിയന്ത്രിക്കുക എന്നതാണ്. ഹോർമോണിന്റെ ഉത്പാദനം ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറവോ കൂടുതലോ ആകുമ്പോഴാണ് തൈറോയ്ഡ് തകരാറുകൾ സാധാരണയായി ഉണ്ടാകുന്നത്. തൈറോയ്ഡ് പ്രവർത്തനം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങൾ.

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് പലപ്പോഴും അമിതമായ തണുപ്പ് അനുഭവപ്പെടാം

ശരീരതാപനില സ്ഥിരമായി 36.5°C-ൽ താഴെയാണെങ്കിൽ അത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാണെന്നതിന്റെ (underactive thyroid) സൂചനയാകാം. കോശതലത്തിൽ താപവും ഊർജ്ജവും ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു എന്നാണ് ഇതിനർത്ഥം. അതുകൊണ്ടാണ് തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് പലപ്പോഴും അമിതമായ തണുപ്പ് അനുഭവപ്പെടുകയോ മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നത്.

തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുന്നത് കൊളസ്‌ട്രോൾ അളവ് കുറയാൻ കാരണമായേക്കാം

കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിലും തൈറോയ്ഡ് ഗ്രന്ഥിക്ക് പങ്കുണ്ട്. തൈറോയ്ഡ് പ്രവർത്തനം കുറയുകയോ ഹൈപ്പോതൈറോയിഡിസം ഉണ്ടാവുകയോ ചെയ്താൽ കൊളസ്‌ട്രോൾ അളവ് കൂടാൻ സാധ്യതയുണ്ട്. അതേസമയം, തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുന്നത് കൊളസ്‌ട്രോൾ അളവ് കുറയാൻ കാരണമായേക്കാം.

നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് ഇടയാക്കും

ചർമ്മത്തിന്റെ ഉപരിതലത്തിൽ തൈറോയ്ഡ് ഹോർമോൺ അളവിനെ നേരിട്ട് പ്രതിഫലിപ്പിക്കുന്ന റിസപ്റ്ററുകൾ (receptors) ഉണ്ട്. T3, T4 എന്നിവയുടെ അളവ് കുറയുന്നത് കെരാറ്റിൻ ഉൽപ്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് ഇടയാക്കും.

ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു

മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.

ഹൈപ്പോതൈറോയിഡിസം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിലധികം ഹോർമോണുകൾ പുറത്തുവിടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്. തെെറോയ്ഡ് രോഗം ആദ്യമേ തിരിച്ചറിഞ്ഞാല്‍ എളുപ്പം മാറ്റാനാകും.

‘ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’: തുറന്നടിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻനായർ. ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് മാധവൻ നായർ പറഞ്ഞു. യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.

Also Read: ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥ ഇപ്പോൾ എണ്ണൂറ് കോടി ഡോളറിലേറെ മൂല്യമുള്ളതാണെന്നും 10 വർഷം കൊണ്ട് അത് 4000 കോടി ഡോളറിലെത്തുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെൻറിൽ പറഞ്ഞിരുന്നു. ആ അവകാശവാദത്തെയാണ് മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എൻസിൽ മേധാവി നിയമനം വൈകുന്നതിന് പിന്നിൽ അനാവശ്യ ഇടപെടലുകളാണെന്നും പുറമേ നിന്നുള്ള ഇടപെടലുകളിൽ നിന്ന് വകുപ്പിനെ സംരക്ഷിച്ച് നിർത്താൻ നിലവിലെ ചെയർമാൻറെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.

ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പ് റെവല്യൂഷൻ എന്ന തെറ്റായ ഇമേജാണ് സൃഷ്ടിക്കുന്നത്. ജനങ്ങളെ അതു സംബന്ധിച്ച സത്യം അറിയിക്കേണ്ടതുണ്ട്. ഇന്ത്യൻ ബഹിരാകാശ വിപണി രണ്ട് കൊല്ലം മുൻപേ എണ്ണൂറ് കോടി ഡോളറിലേറെ എന്ന് അവകാശപ്പെടുമ്പോൾ ഇരുനൂറ് കോടി ഡോളറിന് താഴെ എന്നാണ് ഇൻറർ നാഷണൽ സർവ്വേ റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയും വ്യത്യാസം എങ്ങനെ വരുന്നു. എണ്ണൂറ് കോടി ഡോളറിന്റെ കണക്ക് എവിടെ നിന്നെന്ന് സർക്കാർ വിശദീകരിക്കണം.

നമ്മുടെ രാജ്യത്തിന് എന്തു തരത്തിലുള്ള നിരീക്ഷണമാണ് വേണ്ടതെന്ന് മനസ്സിലാക്കി ഐഎസ്ആർഒ നേരത്തെ തന്നെ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ തടയാനും മറ്റും ഈ ഡാറ്റ കൃത്യമായി വിശകലനം ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. നാല് മണിക്കൂർ മുൻപ് പ്രവചനം നടത്താൻ കഴിയും വിധം കൃത്യമാണ് നമുക്ക് ലഭിക്കുന്ന ഡാറ്റ. ഐഎസ്ആർഒയ്ക്ക് പകരമാകാൻ സ്വകാര്യ കമ്പനികൾക്ക് കഴിയില്ലെന്നും വിക്ഷേപണ കേന്ദ്ര നടത്തിപ്പടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നും മാധവൻ നായർ നേരത്തെ പറഞ്ഞിരുന്നു. ഇൻസ്പേസിന്റെ പ്രവർത്തന രീതിയിൽ കടുത്ത എതിർപ്പറിയിച്ച മാധവൻ നായർ ഇപ്പോഴാ സംവിധാനം ചെയ്യുന്നത് അതിന്റെ ജോലിയല്ലെന്നും തുറന്നടിച്ചു.

വിക്ഷേപണ കേന്ദ്രം സ്വകാര്യ കമ്പനിക്ക് നൽകുന്നത് സമുദ്രത്തിന്റെ ആഴമറിയാതെ എടുത്ത് ചാടുന്നതിന് തുല്യമാണ്. വിക്ഷേപണ കേന്ദ്ര നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറരുത്. ഇസ്രൊ രാജ്യത്തിന്റെ അമൂല്യ രത്നമാണ്. അനാവശ്യ ബ്യൂറോക്രസി ഇസ്രൊയെ വലയ്ക്കുന്നുവെന്നും രണ്ട് വിക്ഷേപണ പരാജയങ്ങൾ മുതലെടുത്ത് ഐഎസ്ആർഒയെ ഇടിച്ചുതാഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളുണ്ടാകുമ്പോൾ വേണ്ടത് സുതാര്യതയാണ്. ഇസ്രോ ചെയ്യേണ്ട ജോലി ഇസ്രോക്ക് വിട്ടു കൊടുക്കണം. സ്വകാര്യ റോക്കറ്റുകൾ ഇസ്രൊയുടെ റോക്കറ്റുകളുമായി താരതമ്യം ചെയ്യരുത്. അവ തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. ഐഎസ്ആർഒയിലെ ഒഴിവുകൾ നികത്തണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.

ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. ചാലക്കുടി വിജയ രാഘവപുരം റബ്ബർ എസ്റ്റേറ്റിന് സമീപം കുടൻമാട്ടി വിജയൻ (65)നാണ് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിജയൻ്റെ ഭാര്യ അജിത (61) സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.

ശനിയാഴ്ച പകലാണ് സംഭവം. വീട്ടിൽ നിന്നു ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോളാണ് വിജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശ നിലയിലായ അജിതയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി പൊലീസെത്തി വിജയന്റെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

മക്കൾ: വിജേഷ്, വിജീഷ. മരുമക്കൾ: മായ, സന്തോഷ്. സംസ്കാരം ഞായർ പകൽ രണ്ടിന് ചാലക്കുടി നഗരസഭ സ്മശാനത്തിൽ.