തിരുവനന്തപുരം. പിഎസ്‌സി നിയമന ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നതിൽ വിട്ടുവീഴ്ച ഇല്ലെന്ന് എസ് ഐ ടി. ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നറിയിച്ചുകൊണ്ടുള്ള പി എസ് സി സെക്രട്ടറിയുടെ കത്തിനാണ് ഐജി അജിത ബേഗത്തിന്റെ മറുപടി. പി എസ് സിയുടെ പ്രോട്ടോകോൾ ചോദ്യം ചെയ്യലിന് ബാധകമല്ലെന്നും എസ് ഐ ടി അറിയിച്ചു.
Psc ചെയർമാനും അംഗങ്ങൾക്കും മാത്രമായി ഈ കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യലിനായി ക്രൈബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ ക്രമക്കേടിൽ psc ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതാണ് പോര് മുറുകാൻ കാരണം. തുടർ നടപടികളിലേക്ക് കടക്കും മുൻപ് ഇരുവിഭാഗവും നിയമോപദേശം തേടിയിട്ടുണ്ട്. Psc അംഗങ്ങളായ നാല് പേർക്കാണ് 15ന് ചോദ്യം ചെയ്യലിന് ഹാജറാകാൻ നോട്ടീസ് നൽകിയത്. ചെയർമാൻ എം ആർ ബൈജുവിനും അടുത്ത ദിവസം നോട്ടീസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തില്ലെന്നും പകരം psc ഓഫീസിൽ വച്ചു മൊഴിനൽകാമെന്നും psc സെക്രട്ടറി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തെ രേഖമൂലം അറിയിച്ചത്. ഭരണഘടന സ്ഥാപനമായതിനാൽ അംഗങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നാണ് psc യുടെ വാദം. നാളെ ചേരുന്ന പിഎസ്‌സി യോഗം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. നിയമോപദേശം കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

































