Home Blog Page 73

ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്. റസാക്കിൻ്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്.

Also Read: 95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്

രാവിലെ 6:00 മണിക്കായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. പ്രാതലിനും ഊണിനും ലഘു ആഹാരത്തിനും ഇളവില്ല.

Also Read: ‘സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി’: വെളിപ്പെടുത്തലുമായി ജി. സുധാകരൻ

38 പാൻ ഇന്ത്യ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ചില പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് കിട്ടില്ല. 25 രൂപ നൽകണം. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവിൽ. എന്നാൽ ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴം പൊരിക്കും വില കൂട്ടിയിട്ടില്ല. 20 രൂപ തന്നെയാണ് വില.

രണ്ട് സമൂസയ്ക്ക്‌ 30 രൂപ നൽകണം. വെജിറ്റബിൾ സാൻഡിവിച്ച് 30 രൂപയിൽനിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നൽകണം. നിലവിൽ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച്‌ രൂപ കൂടി. യഥാക്രമം 30, 25 രൂപയായി. ആലൂ ബോണ്ട: 20 രൂപയിൽ നിന്ന് 25 രൂപയായി സമോസ / ഒണിയൻ പക്കോഡ: 25 രൂപയിൽ നിന്ന് 30 രൂപയായി. കേരളീയ വിഭവങ്ങളായ പുട്ട് / ഇടിയപ്പം / അപ്പം / സാംബാർ വട / ബജ്ജി എന്നിവക്ക് 30 രൂപയായി. കടലക്കറിക്ക് 45 രൂപയായി വർധിച്ചു. മുമ്പ് 40 രൂപയായിരുന്നു.

സുഖിയന് നേരത്തെ 30 രൂപയായിരുന്നു. പുതിയ വില 10 രൂപ വർധിപ്പിച്ച് 40 രൂപയായി. ഫ്രൈ പത്തിരി / നെയ്യപ്പം എന്നിവക്ക് 25 രൂപയായി. മുമ്പ് 20 രൂപയായിരുന്നു. ഉണ്ണിയപ്പം / കപ്പ ഫ്രൈ വിത്ത് പപ്പടം / ബൂളി: 20 രൂപ പഴംപൊരി, അരിപ്പത്തിരി, ഇലയട: വില മാറ്റമില്ലാതെ യഥാക്രമം 20 രൂപ, 15 രൂപ, 25 രൂപ നിരക്കുകളിൽ തുടരും. ഫിഷ് കറി മീൽസ്: 95 രൂപയിൽ നിന്ന് 110 രൂപയായി ഉയർന്നു. ഓമ്ലെറ്റ്: 35 രൂപയിൽ നിന്ന് 45 രൂപയായി. പുഴുങ്ങിയ മുട്ട (1 എണ്ണം): 15 രൂപയിൽ നിന്ന് 20 രൂപയായി. ലെമൺ റൈസ് / തൈര് സാദം: 35 രൂപ. ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ): വിലയിൽ മാറ്റമില്ല.

പുതായി ഉൾപ്പെടുത്തിയ വിഭവങ്ങൾ: ചിക്കൻ കറി, ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, വെജിറ്റബിൾ നൂഡിൽസ്, സ്റ്റഫ്ഡ് പൊറോട്ട തുടങ്ങിയ 8 പുതിയ വിഭവങ്ങൾ മെനുവിൽ പുതിയതായി എത്തിയിട്ടുണ്ട്.തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നീ റെയിൽവേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്. യാത്രക്കാരുടെ അറിവിലേക്കായി പുതിയ വിലവിവരപ്പട്ടിക കടകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ദക്ഷിണ റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്.

പെരുമ്പാവൂരിൽ വീണ്ടും സജ്ജീവമായി ലഹരി സംഘങ്ങൾ

rep image

പെരുമ്പാവൂര്‍. വീണ്ടും സജ്ജീവമായി ലഹരി സംഘങ്ങൾ.ഇതരസംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് പരസ്യമായ ലഹരി ഉപയോഗം. ഹെറോയിൽ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി പോലിസ്. പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേർക്കെതിരെ കേസെടുത്തു. പരിശോധന വീണ്ടും ശക്തമാക്കാൻ പോലിസ് തീരുമാനം

പുതുതായി പെരുമ്പാവൂരില്‍ വന്നുകൂടുന്ന ഭായിമാരെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ കാര്യക്ഷമമല്ല. മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും നിലച്ചാല്‍ നാടുവിട്ടുപോകുന്ന വലിയൊരു സംഘം അന്യസംസ്ഥാനതൊഴിലാളികളുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്,ഞെട്ടിച്ച് പുനലൂര്‍

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. അസാധാരണമാം വിധം താപനില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷ സീസണിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞദിവസം പുനലൂരിൽ രേഖപ്പെടുത്തി. 36. 4 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്.

അതേസമയം നാളെ മുതൽ സംസ്ഥാനത്ത് മഴയെത്തും എന്നാണ് കാലാവസ്ഥ പ്രവചനം. മൂന്നു ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. പത്തനംതിട്ട ഇടുക്കി പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ചൊവ്വ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്

‘സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി’: വെളിപ്പെടുത്തലുമായി ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ വിമർശിച്ചു.

Also Read: സ്ട്രോക്ക് ; യുവാക്കൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമർശങ്ങൾ.

കൊച്ചി നഗരത്തിലെ ബസുകളുടെ പാട്ടം സർവീസിനെതിരെ ബസ് ഉടമകൾ

കൊച്ചി. നഗരത്തിലെ ബസുകളുടെ പാട്ടം സർവീസിനെതിരെ ബസ് ഉടമകൾ. ബസുകളുടെ പാട്ടം സർവീസ് പൂർണമായി നിർത്തലാക്കണമെന്ന് ബസ് ഉടമകൾ. പോലീസും, MVD യും അതിനുള്ള നടപടികൾ ചെയ്യണം

പ്രശ്നങ്ങളുണ്ടാക്കുന്ന തൊഴിലാളികൾ പാട്ടം ബസുകളിലുള്ളവരാണെന്ന് ബസുടമകള്‍ പറയുന്നു. ഗൂണ്ടകളായ ആളുകൾ പോലും പാട്ടം ബസുകളിൽ ജോലി ചെയ്യുന്നു. തൊഴിലാളികൾ ആരാണ് എന്ന് പോലും ഉടമയ്ക്ക് അറിയാത്ത സ്ഥിതി. പാട്ടം സംവിധാനം ഒഴിവാക്കാൻ എന്ത് സഹകരണത്തിനും തയ്യാറാണ്. ബസിലെ ജീവനക്കാർ പോലിസ് നൽക്കുന്ന ID കാർഡുകൾ ഉപയോഗിക്കാൻ തയ്യാറാണ്. നടപടികൾ വാക്കാൽ ഒതുങ്ങിയാൽ പ്രതിഷേധം ആരംഭിക്കും

നിർത്താലാക്കിയ പഞ്ചിങ് സംവിധാനം പുനസ്ഥാപിക്കണം എന്നും ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.

ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ മാർഗ്ഗ രേഖയുമായി സിപിഎം

തിരുവനന്തപുരം. മാർഗ്ഗ രേഖയുമായി സിപിഎം, ജനവിശ്വാസം തിരിച്ചുപിടിക്കണമെന്ന് സി പി എം. ജനവിശ്വാസം തിരിച്ചുപിടിക്കാൻ മാർഗ്ഗ രേഖയുമായി സി പി എം. വീഴ്ചകളിലെ സ്വയം വിമർശനവും പരിഹാരമാർഗ്ഗങ്ങളും രേഖകളിൽ

വിശാല സംസ്ഥാന സമിതിയിൽ ഇന്ന് രേഖ അവതരിപ്പിക്കും. ജനങ്ങളുമായി ബന്ധം നേതൃത്വം പുനസ്ഥാപിക്കണം. വിനയത്തോടെ നേതാക്കൾ പെരുമാറണം. യുവാക്കളെ ആകർഷിക്കണം യുവ നേതാക്കളെ വളർത്തണം. വർഗ്ഗ ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കണം. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം

കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാകണം. വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണം. വീഴ്ചകൾ പരിഹരിക്കാൻ വൈകിയാൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും

മാർഗരേഖ ചോരാതിരിക്കാൻ കർശന നിർദ്ദേശമാണ് നല്‍കുന്നത്. മുന്നൊരുക്കങ്ങളുമായി നേതൃത്വം. ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകി. കമ്മിറ്റി വിവരങ്ങൾ ചേർന്നാൽ നടപടി എന്ന് പ്രതിനിധികളെ അറിയിച്ചു

മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത,നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീണ്ടേക്കും

കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ രണ്ടുതവണയായി ഏര്‍പ്പെടുത്തുന്ന 25 മിനിറ്റ് നിയന്ത്രണത്തിനു പുറമേ മൂന്നാമതൊരു തവണകൂടി വെട്ടിച്ചുരുക്കല്‍ വന്നേക്കാം. ഇതോടെ നിയന്ത്രണ സമയം ഒന്നേകാല്‍ മണിക്കൂറായി നീളാനാണ് സാധ്യത.

ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ എക്കാലത്തെയും ഉയര്‍ന്ന റെക്കോഡായ 9.63 കോടി യൂണിറ്റിലെത്തി. ഏപ്രില്‍ മാസത്തിലെ ചൂടുകാലത്തിനു സമാനമായ ഉപഭോഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ആവശ്യകത താഴാതെ നിന്നാല്‍ കെഎസ്ഇബിക്ക് മുന്നില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണ്.

മധ്യപ്രദേശില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിക്കായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, അവിടെ അധികമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബറിലെ ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങാനുള്ള കമ്പനികളുടെ കരാറിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. രാത്രിയിലെ പ്രതിസന്ധിക്ക് ഇത് ആശ്വാസമാകില്ലെന്ന വിലയിരുത്തലിലാണ് കമ്മിഷന്‍ അനുമതി നല്‍കാതിരുന്നത്.

രാജ്യത്താകെ വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നതും കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്. രാജ്യത്തെ പീക്ക് അവര്‍ (ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയം) ആവശ്യം കഴിഞ്ഞ ദിവസം സര്‍വകാല റെക്കോഡായ 2.67 ലക്ഷം മെഗാവാട്ടിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഇത് 2.32 ലക്ഷം മെഗാവാട്ടായിരുന്നു. ‘ഗ്രിഡ് ഇന്ത്യ’യുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ 639 മെഗാവാട്ട് കുറവുള്ള കേരളം രണ്ടാം സ്ഥാനത്താണ്. തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്.

ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങളോടെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഒക്ടോബര്‍ പകുതിയോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ലഭ്യമാകുന്നതിന് തടസ്സമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 8.94 കോടി യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗം വെള്ളിയാഴ്ച 9.63 കോടി യൂണിറ്റായി ഉയര്‍ന്നപ്പോള്‍, രാത്രിയിലെ പീക്ക് ഡിമാന്‍ഡ് വ്യാഴാഴ്ച 5045 മെഗാവാട്ടായും (കഴിഞ്ഞ വര്‍ഷം 4443 മെഗാവാട്ട്) വര്‍ധിച്ചു.

കരുണയാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠമെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നത്, എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ല, സിപിഎം വിട്ട് അനില്‍ വി നാഗേന്ദ്രന്‍

കൊല്ലം.കരുണയാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠമെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ല. സഹായിച്ചില്ലെങ്കിലും പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല…,

വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മൂന്ന് പതിറ്റാണ്ടോളമായി താന്‍ നടത്തിയ കലാസൃഷ്ടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പാര്‍ട്ടിയിലെ ചിലരില്‍ നിന്നുണ്ടായ ക്രൂരമായ വ്യക്തിവിരോധവും ഉന്മൂലന ശ്രമങ്ങളും സഹിക്കാനാവാതെയാണ് ഈ തീരുമാനമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. 2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികള്‍, 2022-ല്‍ പുറത്തിറങ്ങിയ തീ, 2025-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വീരവണക്കം എന്നിവയുടെ സംവിധായകനാണ് അനില്‍ നാഗേന്ദ്രന്‍.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. വിവി വേലുക്കുട്ടി അരയന്റെ പേരക്കുട്ടിയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന അഡ്വ. വിവി നാഗേന്ദ്രന്റെ മകനുമാണ് അനില്‍ നാഗേന്ദ്രന്‍. കുട്ടിക്കാലം മുതല്‍ക്കേ പാര്‍ട്ടി നേതാക്കളുടെയും നവോത്ഥാന നായകരുടെയും സാന്നിധ്യത്തില്‍ വളര്‍ന്നുവന്ന താന്‍, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പുരോഗമന ആശയങ്ങളോടെയാണ് ഈ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതെന്ന് അദ്ദേഹം കുറിക്കുന്നു.

‘വസന്തത്തിന്റെ കനല്‍ വഴികളില്‍’, തമിഴ് ചിത്രമായ ‘വീരവണക്കം’ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ചരിത്രവും ആശയങ്ങളും പറയുന്ന സിനിമകള്‍ താന്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിഞ്ഞിട്ടും ചിലര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ചിത്രം പുറംലോകം കാണരുതെന്ന ക്രൂരമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചത്.

സിനിമകള്‍ക്കായി കോടിക്കണക്കിന് രൂപയും ആയുസ്സിന്റെ നല്ലൊരു ഭാഗവും യാതൊരു ലാഭേച്ഛയുമില്ലാതെയാണ് വിനിയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ പന്ത്രണ്ടുകൊല്ലക്കാലം താന്‍ നേരിട്ടത് പലവിധ ദുരിതങ്ങളെക്കാളും ഭയാനകമായ ഉന്മൂലന ക്രിയകളാണെന്നും പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരെ കടുത്ത പകയും വൈരാഗ്യവും സൂക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കരുണയാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠമെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ല. സഹായിച്ചില്ലെങ്കിലും പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രസ്ഥാനത്തോട് വിടപറയുന്നത്. നല്ലവരായ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഈ പ്രസ്ഥാനത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന അനില്‍ നാഗേന്ദ്രന്‍, തന്നെ സ്‌നേഹിച്ച നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പൂര്‍ണ മായ കുറിപ്പ്

ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലും വളർച്ചയിലും ത്യാഗപൂർണ്ണമായ സംഭാവനകൾ നല്കിയ ഒരു കുടുംബത്തിലെ പിൻതലമുറക്കാരനാണ് ഞാൻ. ബഹുമുഖപ്രതിഭയും നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകനും നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയനാണ് എൻ്റെ മുത്തച്ഛൻ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളായിരുന്ന എൻ്റെ അച്ഛൻ അഡ്വ.വി.വി. നാഗേന്ദ്രനും അച്ഛൻ്റെ സഹോദരങ്ങളും മാമൻ പി.ജി. വേലായുധൻ നായരുമെല്ലാം പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.(എം) ൻ്റെ നേതാക്കളോ സജീവ പ്രവർത്തകരോ ആയി മാറി. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, മന്നത്തു പത്മനാഭൻ, അയ്യങ്കാളി, ടി.കെ. മാധവൻ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ നിരവധി നവോത്ഥാന നായകരും സഖാവ് പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും കലാ – സാഹിത്യ- സാമൂഹിക – പത്രപ്രവർത്തന രംഗങ്ങളിലെ ഒട്ടനവധി പ്രമുഖരും ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന ഒരു കുടുംബത്തിൽ പിറന്നതിനാൽ അത്തരം കാര്യങ്ങളിൽ സ്വാഭാവികമായും ഞാൻ ആകഷ്ടനായിരുന്നു. വീട്ടിലെ ചർച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങൾ, എൻ്റെ രക്തത്തിൽ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ എൻ്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണ്.

1997-ൽ സഖാവ് ഇ.എം.എസ് ജീവിച്ചിരിക്കെ അദ്ദേഹത്തെ കുറിച്ച് ‘ഇ.എം.എസ് – ജീവിക്കുന്ന ഇതിഹാസം’ എന്ന പേരിൽ ഒരു ഓഡിയോ കാസറ്റും പുസ്തകവും ഞാൻ പുറത്തിറക്കുകയുണ്ടായി. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം കാലമായി, കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തെയും പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, ലെനിൻ ,ഇ.കെ നായനാർ തുടങ്ങിയ നേതാക്കളെയും കുറിച്ചുള്ള നിരവധി ഓഡിയോ കാസറ്റുകൾ, പുസ്തകങ്ങൾ, വീഡിയോ പ്രോഗ്രാമുകൾ, വിപ്ലവഗാന സി.ഡി.കൾ, ടെലിവിഷൻ പരമ്പര, ‘വസന്തത്തിൻ്റെ കനൽവഴികളിൽ’ (മലയാളം), ‘വീരവണക്കം’ (തമിഴ്) എന്നീ ചലച്ചിത്രങ്ങൾ തുടങ്ങിയവ ഞാൻ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച് പുറത്തിറക്കിയിട്ടുള്ളതാണ്.

ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ പി കൃഷ്ണപിള്ള, ഇ.എം.എസ്, എ. കെ. ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ പോരാട്ടങ്ങളുടെ ചരിത്രമാണ് ‘വസന്തത്തിൻ്റെ കനൽ വഴികളി’ലൂടെ ഞാൻ ആവിഷ്‌കരിച്ചത്. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രമാണ്, എൻ്റെ സർഗ്ഗവാസനകളും കോടിക്കണക്കിനു രൂപയും ആയുസ്സിൻ്റെ നല്ലൊരു ഭാഗവും യാതൊരു ലാഭേച്ഛയുമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾക്കായി ഞാൻ വിനിയോഗിച്ചിട്ടുള്ളത്. ‘വസന്തത്തിൻ്റെ കനൽ വഴികളിൽ’ മാത്രമല്ല; ഞാനെഴുതി സംവിധാനം ചെയ്ത സൃഷ്ടികളെല്ലാം കേരളത്തിലെ പാർട്ടി സഖാക്കളും കുടുംബങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയിട്ടുണ്ട്.

2014-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ‘വസന്തത്തിൻ്റെ കനൽ വഴികളിൽ’ പുറത്തിറങ്ങിയപ്പോഴുണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങൾ മൂലം ആ ചിത്രത്തിന് വലിയ സാമ്പത്തിക തകർച്ചയുണ്ടായി. (തെരഞ്ഞെടുപ്പിൽ സി.പി.ഐ (എം) ൻ്റെ പ്രചരണാർത്ഥം റിലീസ് ചെയ്തുവെന്ന് ആരോപിച്ചു കൊണ്ടുള്ള പരാതിയിൽ ഇലക്ഷൻ കമ്മീഷൻ നടപടിയെ തുടർന്ന് ചിത്രം പിൻവലിക്കേണ്ടിവന്നു.) അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ആ ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കുവാനും എന്നെ സഹായിക്കാനും കഴിയുന്ന ചിലർ സ്വീകരിച്ച വിദ്വേഷകരമായ നടപടികളാണ്. ആ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിൻ്റെ ശക്തിയും പ്രസക്തിയും തിരിച്ചറിഞ്ഞിട്ടും എന്നോടുള്ള വ്യക്തിവിരോധത്താൽ അത് പുറംലോകം കാണാൻ പാടില്ല എന്നൊരു ക്രൂരമായ നിലപാടാണ് ചിലർ എടുത്തത്.

‘വസന്തത്തിൻ്റെ കനൽ വഴികളിൽ’ സിനിമയുടെ വീഡിയോ ഡിസ്‌ക് 2015-ൽ സഖാവ് കോടിയേരി പ്രകാശനം ചെയ്തശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലുമെല്ലാം ഈ സിനിമയുടെ പ്രദർശനം ഒരു കാമ്പയിനായി നടന്നിരുന്നതും രാഷ്ടീയമായി അതു സൃഷ്ടിച്ച ആശയവ്യക്തതയും ആവേശവും ഫലപ്രാപ്തിയും ആരും മറന്നുപോകുമെന്നു കരുതുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമയുടെ പ്രദർശനം, പാർട്ടി വേദികളിലെ ഒരു പരിപാടിയായി മാറിയിരുന്നു. ഇത്തരം പ്രദർശനങ്ങൾ വഴി എനിക്ക് യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി വേദികളെ ഉത്സാഹഭരിതമാക്കുന്നതിനും ജനങ്ങളിൽ രാഷ്ട്രീയ ബോധവല്ക്കരണം സൃഷ്ടിക്കുന്നതിനും എൻ്റെ സിനിമ വിജയിക്കുന്നതിൽ ഞാൻ അഭിമാനിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം പാർട്ടി സഖാക്കളും നേതാക്കളും ആ ചിത്രത്തിൻ്റെ പേരിൽ എന്നെ ഹൃദയപൂർവ്വം അഭിനന്ദിച്ചതും സ്നേഹിച്ചതും എനിക്കു വിസ്മരിക്കാനാവില്ല. എന്നാൽ പാർട്ടിയുടെ പ്രമുഖ നേതാക്കളും ബഹുഭൂരിപക്ഷം വരുന്ന സഖാക്കളും ചിത്രത്തിനു നല്കിയ ഊഷ്മളമായ സ്വീകരണം, ചിലരുടെ ഉള്ളിൽ അണയാതെ കിടന്ന പകയെ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഒരു വർഗ്ഗശത്രുവിനോടെന്നപോലെ അവർ എന്നോട് കാട്ടിയ ക്രൂരതകളുടെ കഥകൾ, പുറംലോകം അറിയാതിരിക്കാനാണ് യഥാർത്ഥത്തിൽ ഞാൻ ശ്രമിച്ചത്. ഈ കഴിഞ്ഞ പന്ത്രണ്ടു വർഷത്തോളം കാലം ഞാൻ നേരിട്ട പലവിധ ദുരിതങ്ങളക്കാൾ ഭയാനകവും ഭീകരവുമായത് മേൽപ്പറഞ്ഞ ചിലർ എനിക്കുമേൽ പ്രയോഗിച്ച ഉന്മൂലന ക്രിയകളായിരുന്നു !

കഴിഞ്ഞവർഷം ഒരു തമിഴ് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ കേരളത്തിൻ്റെ പഴയകാല ചരിത്രത്തെയും തമിഴ്‌നാടിൻ്റെ ഇന്നത്തെ സാമൂഹ്യാവസ്ഥയെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ‘വീരവണക്കം’ എന്നൊരു ചിത്രമാണ് ഞാൻ ചെയ്തത്. പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും തമിഴ്നാട്ടിലെ വിപ്ലവകാരിയായി ഭരതും വേഷമിട്ട ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ കണ്ട ഇരു സംസ്ഥാനങ്ങളിലെയും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും രാഷ്ട്രീയ നേതാക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ത്യാഗോജ്ജല പോരാട്ടങ്ങളെ പുതുതലമുറയിലേക്ക് പകരാൻ ഏറ്റവും അനുയോജ്യമായ ഒരു ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാലമത്രയും അനുഭവിച്ച കഷ്ടപ്പാടുകൾ മറന്നുകൊണ്ട്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹത്വത്തെ പറ്റി ദേശീയപ്രാധാന്യമുള്ള ഒരു തമിഴ് സിനിമ ചെയ്തപ്പോഴെങ്കിലും ചിലർ മനസ്സിൽ സൂക്ഷിച്ചുവച്ച പന്ത്രണ്ടു വർഷം പഴക്കമുള്ള പകയും വൈരാഗ്യവും ഇല്ലാതായിട്ടുണ്ടാവും എന്ന് ഞാൻ ധരിച്ചു. എന്നാൽ എൻ്റെ മുന്നിൽ തുറന്ന വാതിലുകളെല്ലാം കൊട്ടിയടയ്ക്കുന്ന ക്രൂരതകൾ തന്നെയാണ് വീണ്ടും ആവർത്തിച്ചത്. സി.പി.ഐ (എം) ൻ്റെ ഭാഗമായി നിന്നുകൊണ്ട് മുപ്പതുവർഷത്തിലധികം കാലമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ – വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ നിരന്തരം പുറത്തിറക്കി, കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായ ഒരുവനോട് ഇത്ര കടുത്ത പകയും വൈരാഗ്യവും ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുകയെന്നത് ഉൾക്കൊള്ളാനാകുന്നില്ല.

ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസത്തിൻ്റെ ബാലപാഠം, കരുണയാണ്. അടിച്ചമർത്തപെട്ടവരോട്, പട്ടിണിപ്പാവങ്ങളോട്, നിരാലംബരായവരോട്, ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ വിവേചനം അനുഭവിക്കുന്നവരോട്, നിസ്സഹായരായി കണ്ണീരണിയുന്നവരോട് ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് പറയുന്ന ദയയും ചങ്കൂറ്റവുമാണ് കമ്മ്യൂണിസത്തിൽ ഞാൻ കണ്ടത്. പക്ഷേ, ഇന്ന് നിർഭാഗ്യവശാൽ എനിക്കത് കാണാൻ കഴിയുന്നില്ല. നല്ലവരായ നിരവധി നേതാക്കളും പ്രവർത്തകരും ഈ പ്രസ്ഥാനത്തിൽ ഇപ്പോഴുമുണ്ട്. അവരെയോർത്ത് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. വസന്തത്തിൻ്റെ കനൽ വഴികളിൽ എന്ന സിനിമയിൽ ഞാനെഴുതി കേരളത്തിൻ്റെ ആരാധ്യയായ വിപ്ലവഗായിക പി.കെ. മേദിനി ഈണമിട്ടു പാടിയ ഒരു ഗാനമുണ്ട്.

“കത്തുന്ന വേനലിലൂടെ, കനിവിനായ് കരഞ്ഞുകൊണ്ട്, കനൽ വഴികൾ താണ്ടിനടന്നു പോയൊരു കാലം!

അത് കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം !

മനുജനെ മനുജൻ തിന്നും മനസ്സില്ലാക്കാലം !”

പഴയകാലത്തെ ചൂഷകരും നിർദ്ദയരുമായ ജന്മിമാരും തമ്പ്രാക്കന്മാരും പാവപ്പെട്ട അടിയാളരോടും തൊഴിലാളികളോടും കാട്ടിയ കൊടുംക്രൂരതകളുടെ പശ്ചാത്തലത്തിൽ എഴുതിയ പാട്ടാണിത്. പക്ഷേ ഇതിപ്പോൾ എൻ്റെ ജീവിതവുമായി ചേർത്തുവച്ചു നോക്കിയാലും ശരിയാകുമെന്നു തോന്നുന്നു!

സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരതകൾ സഹിച്ച് ഇനിയും തുടരാനാകില്ല. എന്നെ സ്നേഹിച്ച എല്ലാ നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ട് ഈ പടികളിറങ്ങുന്നു

അനിൽ വി. നാഗേന്ദ്രൻ

അടൂരിൽ ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട. അടൂരിൽ ക്ഷേത്രത്തിൽ മോഷണം.
മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് മോഷണംനടന്നത്.സ്വർണവും പണവുമടക്കം മോഷ്ടാക്കൾ അപഹരിച്ചു.

ഇന്ന് രാവിലെ മേൽശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ഓഫീസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന, ഭക്തർ വഴിപാടായി സമർപ്പിച്ച ഏട്ട് സ്വർണ താലികൾ, പണം, എന്നിവ മോഷണം പോയി. സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചു. കൂടാതെ CCTV ക്യാമറയുടെ
രണ്ട് ഡിവിആറുകളും മോഷ്ടിക്കപ്പെട്ടു. അതേസമയം, മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിൽ കടന്നിട്ടില്ലെന്ന് ക്ഷേത്രംഅധികൃതർ വ്യക്തമാക്കി.

ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു ഹെൽമറ്റ് ലഭിച്ചിട്ടുണ്ട്. പരിസരത്തെ സിസി ടി വി ദൃശ്യങ്ങൾ അടക്കം കേദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.