Home Blog Page 74

സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നു


കഴിഞ്ഞ ഒരു മാസത്തിനിടെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ ഇപ്പോഴും ഒരു വിഭാഗം തുടരുന്ന വിമുഖത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ആണ്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് തീവ്ര വാക്സിനേഷൻ ഡ്രൈവുകളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയാണ്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അഞ്ചാംപനി ബാധ കൂടുതലായി പടരുന്നത്. ഇന്നലെ ഒരാൾക്കാണ് അഞ്ചാം പനി റിപ്പോർട്ട്‌ ചെയ്തത്. ഈ മാസം മാത്രം 40 പേർക്കും , ഈ വർഷം 347 പേർക്കും രോഗം ബാധിച്ചു. 9 മാസത്തിൽ താഴെയുള്ള കുട്ടികൾക്കും രോഗബാധയുണ്ടാക്കുന്നു എന്നതാണ് ആശങ്കയിലാക്കുന്നത്. എം.എം.ആർ വാക്സിനെടുക്കുന്നത് വഴി അഞ്ചാംപനിയെ ഫലപ്രദമായി പ്രതിരോധിക്കാൻ
സാധിക്കും. 9 മാസം പൂർത്തിയായലാണ് വാക്‌സിൻ എടുക്കുക. അതു വരെ ഈ രോഗബാധയുണ്ടാകുന്നത് അസ്വാഭാവികമാണ്. എന്നാൽ ഇപ്പോഴും നിരവധിപേർ വാക്സിൻ എടുക്കാൻ മടി
ക്കുന്നുണ്ട്. ഇതോടെ സാമൂഹിക പ്രതിരോധം ഇല്ലാതാവുകയാണ്.

മുൻ വർഷങ്ങളിലും അഞ്ചാംപനി കൂടുതലായി പടന്ന കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി ആരോഗ്യ പ്രവർത്തകർ രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നടത്തുന്നുണ്ട്.

കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട കാർബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കൊല്ലം. കടയ്ക്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കിണറ്റ്മുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.കടയ്ക്കൽ ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ ചിതറ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

പരിക്കേറ്റ ബൈക്ക് യാത്രികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്സും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്സും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ രാജേഷ് കുമാര്‍ (30) ആണ് കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് അവസാനമാണ് കേസിനാസ്പദമായ സംഭവം. തൈവളപ്പ് ഹൗസിലെ ടിഎ അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ പിതാവിനെ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനൊപ്പം മാതാവും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ആശുപത്രിയിലെ മുറിയില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പേഴ്സാണ് മോഷണം പോയത്. പേഴ്സില്‍ 52,000 രൂപയ്ക്കു പുറമെ വിവിധ പ്രധാനപ്പെട്ട രേഖകളും ഉണ്ടായിരുന്നു. പേഴ്സ് കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജേഷ് കുമാര്‍ ഇരുപതിലേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

രാജീവം കൊല്ലത്തിന് രൂപം നല്‍കി രാജീവുമാര്‍


കൊല്ലം: ഒരേ പേരുകാരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കി രാജീവന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍ രാജീവം കൊല്ലം പിറവിയെടുത്തു. സംസ്ഥാനത്തെ രാജീവം എന്ന രാജീവുമാരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല്ലത്തും രാജീവുമാര്‍ ഒത്തുചേര്‍ന്നത്. ജില്ലയിലെ മുഴുവന്‍ രാജീവുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് രാജീവം സംഗമം സംഘടിപ്പിക്കാനും വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

കൊല്ലം റിറ്റ്‌സ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ രാജീവ് പതാരം അധ്യക്ഷനായി. ഭാരവാഹികള്‍ : രാജീവ് ജെ.എസ്, കണ്ടച്ചിറ (രക്ഷാധികാരി), രാജീവ് ദേവലോകം (പ്രസി.),രാജീവ് പതാരം, രാജീവ് ഓടനാവട്ടം (വൈ.പ്രസി.),രാജീവ് തോമസ് (സെക്ര.), രാജീവ് ചാത്തിനാംകുളം, രാജീവ് കടത്തൂര്‍ (ജോ.സെക്രട്ടറി), രാജീവ് കുമാര്‍, കിളികൊല്ലൂര്‍ (ട്രഷ.) എന്നിവരടങ്ങുന്ന 18 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രാജീവത്തില്‍ അംഗമാകാന്‍ ജില്ലയില്‍ സ്ഥിരം താമസമുള്ള രാജീവുമാര്‍ക്ക് 9447439063,9497135644 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കോൺഗ്രസ് നേതാവ് എസ് എൻ പുരം പറയകുഴി പടിഞ്ഞാറ്റതിൽ ദിനൻ നിര്യാതനായി

പുത്തൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പവിത്രേശ്വരം മണ്ഡലം പ്രസിഡന്റും,ചെറുപൊയ്ക സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ്‌ നേതാവും എസ്.എൻ.പുരം 567-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻ്റുമായ
എസ് എൻ പുരം പറയകുഴി പടിഞ്ഞാറ്റതിൽ ദിനൻ (75)നിര്യാതനായി.സംസ്കാരം ഞായറാഴ്ച്ച 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ഷീന.മക്കൾ: ദിപിൻലാൽ,ദയാൽ.മരുമക്കൾ:മോനിഷ,രേവതി.

കെ കൃഷ്ണൻകുട്ടി നായരെ അനുസ്മരിച്ചു

പതാരം:കെപിസിസി എക്സിക്യൂട്ടീവ് അംഗവും ഡിസിസി വൈസ് പ്രസിഡൻ്റും പതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കൃഷ്ണൻകുട്ടി നായരുടെ രണ്ടാം ചരമവാർഷികം കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കഴിവുറ്റ രാഷ്ട്രീയ നേതാവും മികച്ച സഹകാരിയും പ്രതിഭാ സമ്പന്നനായ കലാകാരനും സർവ്വോപരി നല്ലൊരു സാമൂഹ്യ പ്രവർത്തകനും ആയിരുന്നു കെ.കൃഷ്ണൻകുട്ടി നായർ എന്ന് അനുസ്മരണ യോഗം വിലയിരുത്തി.അര നൂറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ പ്രവർത്തനം കോൺഗ്രസിന് ഏറെ മുതൽക്കൂട്ടാകുകയും പ്രത്യേകിച്ച് ശൂരനാട് തെക്ക് പഞ്ചായത്തിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സഹായകരവുമായി.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുപ്രവർത്തകർക്ക് മാതൃകയാണ്.പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന യോഗം കുന്നത്തൂർ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് അധ്യക്ഷത വഹിച്ചു.നേതാക്കളായ എ.മുഹമ്മദ് കുഞ്ഞ്,ആദിക്കാട്ട് രവീന്ദ്രൻ പിള്ള,രതീഷ് കുറ്റിയിൽ,സി.സരസ്വതി അമ്മ,ആശാ രമേശ്,സമീർ യൂസഫ്,ബി പ്രേംകുമാർ, ഗോപിനാഥ്,രമണി എസ് പിള്ള,ബിന്ദു സേനൻ,ഷംന നവാസ്,ബാബുരാജൻ, നജീം,അജ്മൽ ഖാൻ, ശശീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ദ്ധിക്കാന്‍ സാധ്യത

സംസ്ഥാനത്ത് താപനില നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം ദുര്‍ബലമായതും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് കടുത്ത ചൂടിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സതേൺ റെയിൽവേയിൽ 4471 അപ്രന്റീസ് ഒഴിവുകൾ… പാലക്കാട് 488; തിരുവനന്തപുരം 289; സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം

സതേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 4471 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ഡിവിഷനിൽ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനിൽ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ്, ഐടിഐ, ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 27.

ആകെ ഒഴിവുകളിൽ 4308 എണ്ണം എക്സ്-ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷർ വിഭാഗത്തിലുമാണ്. മെഡിക്കൽ ലാബ് ടെക്‌നോളജി ട്രേഡിലും അവസരമുണ്ട്. പാലക്കാട് ഡിവിഷനിൽ പ്ലംബർ, കാർപെന്റർ, വെൽഡർ, പെയിന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രിക് മെക്കാനിക്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സ്ട്രക്ചറൽ വെൽഡർ, ഗ്യാസ് കട്ടർ, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ.

ഫ്രഷർ വിഭാഗത്തിൽ 50 ശതമാനം മാർക്കോടെ എസ്എസ്എൽസി തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. മെഡിക്കൽ ലാബ് ടെക്‌നോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി തത്തുല്യ പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എക്സ്-ഐടിഐ വിഭാഗത്തിലേക്ക് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിക്കുകയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതിയാകും.

കേരളം, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെയും ആന്ധ്രപ്രദേശിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിലെയും ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷകരുടെ കുറഞ്ഞ പ്രായം 15 വയസാണ്. ഫ്രഷർ വിഭാഗത്തിൽ ഉയർന്ന പ്രായപരിധി 22 വയസാണ്. ട്രേഡുകൾക്കനുസരിച്ച് പരിശീലന കാലയളവ് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ്. ഫ്രഷർമാർക്ക് പ്രതിമാസം 8200 രൂപയും മറ്റ് വിഭാഗക്കാർക്ക് 9600 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.

എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.

പ്രതിസന്ധികള്‍ നേരിടുന്നതില്‍ ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവഗണന,ബ്രിക്സില്‍ മോദി

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ ആഗോളതലത്തില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭരണസംവിധാനങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ നേരിടുന്നതില്‍ ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെയും പദവിയുടെയും പിരമിഡിനെ പങ്കാളിത്തത്തിന്റെ വേദിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആഗോള സംഘടനകളുടെ മുന്‍പന്തിയില്‍ തന്നെ ഗ്ലോബല്‍ സൗത്ത് ഇരിക്കുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോള്‍ പിന്നിലാണ്. ഈ അധികാരത്തിന്റെ പിരമിഡിനെ നമുക്ക് എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം കിട്ടുന്ന സഹകരണത്തിന്റെ പ്ലാറ്റ്‌ഫോമാക്കി മാറ്റണം. അത്തരത്തിലാണ് മാനവികതയെ പുരോഗതിയിലേക്ക് നയിക്കേണ്ടത്. ആഗോള ഭരണക്രമത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബ്രിക്‌സ് റിഫോം റോഡ്മാപ് തയ്യാറായിക്കഴിഞ്ഞു. പ്രാതിനിധ്യം, ഉത്തരവാദിത്തം, നിയമനിര്‍മാണം എന്നീ മൂന്ന് അടിസ്ഥാന തൂണുകളില്‍ ഊന്നിയുള്ളതാണ് ഈ മാര്‍ഗനിര്‍ദ്ദേശം.

യുഎന്‍ സുരക്ഷാസമിതിയുടെ പരിഷ്‌കരണം ഇനിയും വൈകിക്കൂടാ. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തമായ തീരുമാനമുണ്ടാകണം. സമാനമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും വോട്ടിങ്ങിലും നയപരമായ കാര്യങ്ങളിലും മാറ്റമുണ്ടാകണം. ബ്രിക്‌സ് രാജ്യങ്ങള്‍ എപ്പോഴും കൂട്ടായ സമവായത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്, ആര്‍ക്കുമെതിരായല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ബ്രിക്‌സ് ആഗോളതലത്തില്‍ ശക്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്’ -മോദി പറഞ്ഞു.

നയപരമായ ചര്‍ച്ചകളും സുപ്രധാന കൂടിക്കാഴ്ചകളുമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള ജിഡിപിയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യാപാരം, സുസ്ഥിര വികസനം, നവീകരണം, സുപ്രധാന നയപരമായ വിഷയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. പ്രതിരോധശേഷി, നവീകരണം, പരസ്പര സഹകരണം, സുസ്ഥിരവികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇന്ത്യ ഉച്ചകോടിയെ സമീപിക്കുന്നത്.

ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസ്സമായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തോൺ ചർച്ചകളെത്തുടർന്ന് തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടായതായാണ് വിവരം.

സുഹൃത്തിന്‍റെ ഭാര്യയുമായി ബന്ധം,ഗര്‍ഭിണി ആണോയെന്ന സംശയം വഴക്കിലെത്തി തുടര്‍ന്ന് കൊലപാതകം, കണ്ടുനിന്ന മകളെയും കൊലപ്പെടുത്തി

പാലക്കാട്.അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗർഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി . തർക്കത്തെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്നു കൊലപാതകം
.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.
പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോൾ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണി ആണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതിനിടെ പ്രതി 4 വയസ്സുകാരിയായ മകള്‍ ജോഹിതയെ ക്രൂരമായി മർദിച്ചത് പ്രോണിത ചോദ്യ ചെയ്തു. പിന്നാലേ ആണ് കൊലപാതകം. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ചും കൊന്നു. പിന്നാലേ മൃതദ്ദേഹങ്ങൾ വെട്ടി കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഭവാനി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ബംഗാളിലേക്ക് കടന്ന പ്രതിയെ പിടികൂടി അട്ടപ്പാടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.