കണ്ണൂര്‍: കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്സും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ രാജേഷ് കുമാര്‍ (30) ആണ് കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് അവസാനമാണ് കേസിനാസ്പദമായ സംഭവം. തൈവളപ്പ് ഹൗസിലെ ടിഎ അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ പിതാവിനെ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനൊപ്പം മാതാവും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ആശുപത്രിയിലെ മുറിയില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പേഴ്സാണ് മോഷണം പോയത്. പേഴ്സില്‍ 52,000 രൂപയ്ക്കു പുറമെ വിവിധ പ്രധാനപ്പെട്ട രേഖകളും ഉണ്ടായിരുന്നു. പേഴ്സ് കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജേഷ് കുമാര്‍ ഇരുപതിലേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.



























