ആലപ്പുഴ. ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം.
പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ
ജി സുധാകരൻ രാഷ്ട്രീയ കോമാളി എന്ന് എച്ച് സലാം. താൻ ഒഴികെ നാട്ടിൽ വേറെ ആർക്കും ഒരു വിവരവുമില്ല എന്നാണ് സുധാകരന്റെ വിചാരം
പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യം എന്ന് കരുതരുത്
പിണറായി വിജയൻറെ കാരുണ്യം കൊണ്ടാണ് ജി സുധാകരന്റെ അഴിമതി വിരുദ്ധ മുഖംമൂടി കീറി പോകാത്തത്
സുധാകരൻ ഈ സത്യം മറന്നു പോകരുത്
2021ൽ സ്ഥാനാർത്ഥി അല്ലായിരുന്ന സുധാകരൻ തിരഞ്ഞെടുപ്പിൽ എന്തിന് പണം പിരിച്ചു
എത്ര ലക്ഷം വാങ്ങി എന്നു പറയാൻ സുധാകരൻ ധൈര്യം ഉണ്ടോ എന്നും വെല്ലുവിളി
താങ്കൾക്കും വീട്ടിൽ രണ്ടു മൂന്നു പേർക്കും അറിയാവുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്ന് മറക്കേണ്ട
താങ്കളുടെ വീട്ടിലെ സ്ത്രീയെയും ഒരുത്തി എന്നാണോ വിളിക്കുന്നത്
കൊല്ലത്തുനിന്ന് നിങ്ങളെ ആലപ്പുഴയ്ക്ക് പാർട്ടി കടത്തിയതിന്റെ കാരണം ഞങ്ങളെ കൊണ്ട് പറയിക്കരുത്
വിവരക്കേട് പറയുമ്പോൾ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്
പിണറായി വിജയൻറെ ചെരുപ്പിന്റെ വാറഴിക്കാൻ സുധാകരന് യോഗ്യതയുണ്ടോ
യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു
താമരശേരി. റോഡിൽ വെച്ച് യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു.
താമരശ്ശേരി ചുരം ഒൻപതാം വളവിൽ വെച്ചാണ് സംഭവം
കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കടിയേറ്റത്.
കടിയേറ്റ ഭാഗത്തെ മാംസം വേർപെട്ടു.
റോഡിന് കുറുകെ കിടന്ന പാമ്പിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്
ആസാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
മകനെ സ്കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ചു
ഇടുക്കി. ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം
വിദ്യാർഥിയായ മകന് പരുക്ക്
സിങ്ക്കണ്ടം സ്വദേശി മാരി (36) ആണ് മരിച്ചത്
രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം
മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിൽ സിങ്ക്കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്
മകനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി
മഴയും കോടമഞ്ഞും ഉള്ളതിനാൽ ആനയെ കാണുവാൻ പറ്റിയില്ല
ട്രോളിങ് നിരോധനം നാളെ മുതൽ… തീരമണഞ്ഞ് ബോട്ടുകൾ
സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം വരുന്നതോടെ മീൻ പിടുത്ത ബോട്ടുകൾ തീരമണഞ്ഞുതുടങ്ങി. ഒമ്പതിന് അർധരാത്രി മുതലാണ് മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വരിക. ജൂലെെ 31വരെ 52 ദിവസമാണ് നിരോധനം. 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും.
Also Read:
ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്.
ട്രോളിങ് നിരോധനത്തിനുപകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മീൻപിടിത്ത നിരോധനംമൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലമരുമ്പോൾ വിദേശ കപ്പലുകൾ യഥേഷ്ടം മീൻ പിടിക്കുകയാണ്. ഇതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് ആവശ്യം. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പുതന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയെന്ന് ഉറപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിരോധനം തുടങ്ങുന്ന വെള്ളിയാഴ്ച അര്‍ധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. തീരത്തടുപ്പിച്ച ബോട്ടുകള്‍ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ പാടുളളൂ. എന്ജിന് ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് കടലില്‍പോകാം. എന്നാല്‍, കുഞ്ഞന്‍ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.
ലോക ഭക്ഷ്യസുരക്ഷാ ദിനം 2026: ഭക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ ചില തെറ്റായ ധാരണകളും അവയുടെ യാഥാർത്ഥ്യങ്ങളും
ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം ഏറുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ സംഭരണം, പാചകം എന്നിവയെക്കുറിച്ച് പല തെറ്റായ ധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
ഭക്ഷണം ഉത്പാദിപ്പിക്കുന്നത് മുതൽ അത് മേശപ്പുറത്ത് എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് രോഗങ്ങൾ തടയുന്നതിന് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം ഏറുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ സംഭരണം, പാചകം എന്നിവയെക്കുറിച്ച് പല തെറ്റായ ധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എല്ലാ വർഷവും ജൂൺ 7നാണ് ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്. സുരക്ഷിതമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭക്ഷണം കേടായോ എന്ന് മണത്തോ, നോക്കിയോ അറിയാൻ സാധിക്കുമോ?
ഇല്ല. നമുക്ക് അസുഖം വരുത്തുന്ന ഭൂരിഭാഗം സൂക്ഷ്മാണുക്കളും ഭക്ഷണത്തിന്റെ മണത്തിലോ ലുക്കിലോ യാതൊരു മാറ്റവും വരുത്താറില്ല. അതിനാൽ കാഴ്ചയെയും മണത്തെയും മാത്രം ആശ്രയിച്ച് ഇത് വിലയിരുത്തരുത്.
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ടോ?
അതെ. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റൂം ടെമ്പറേച്ചറിൽ വെച്ചാൽ അത് കഴിക്കാൻ അനുയോജ്യമല്ലാതായി മാറും. ബാക്കിവന്ന ഭക്ഷണം വായുകടക്കാത്ത പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വെക്കുകയും 3 ദിവസത്തിനകം ഉപയോഗിക്കുകയും വേണം.
നിലത്തു വീണ ഭക്ഷണം ഉടനെ എടുത്താൽ കഴിക്കാമോ?
ഇല്ല. ‘5-സെക്കൻഡ് റൂൾ’ എന്നത് വെറുമൊരു മിഥ്യ മാത്രമാണ്. നിലത്തു വീഴുന്ന നിമിഷം തന്നെ സൂക്ഷ്മാണുക്കൾക്ക് ഭക്ഷണത്തിലേക്ക് പടരാൻ സാധിക്കും. എത്ര വേഗത്തിൽ എടുത്താലും അത് സുരക്ഷിതമാണെന്ന് പറയാനാവില്ല.
പാത്രം തുടയ്ക്കുന്ന തുണികൾ വഴി രോഗാണുക്കൾ പടരുമോ?
തീർച്ചയായും പടരും. അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളും സ്പോഞ്ചുകളും അപകടകരമായ ബാക്ടീരിയകളുടെ പ്രധാന ഉറവിടങ്ങളാണ്. ഇവ ഉപയോഗിച്ച് സ്ലാബുകൾ തുടയ്ക്കുമ്പോഴും പാത്രങ്ങളോ കൈകളോ ഉണക്കുമ്പോഴും രോഗാണുക്കൾ അടുക്കളയിലാകെ പടരാൻ സാധ്യതയുണ്ട്.
ഇറച്ചി പാകം ചെയ്യുന്നതിന് മുൻപ് കഴുകേണ്ടതുണ്ടോ?
ഇല്ല. പച്ചയിറച്ചി കഴുകുമ്പോൾ അതിലെ ദോഷകരമായ സൂക്ഷ്മാണുക്കൾ വെള്ളത്തിലൂടെ നമ്മുടെ കൈകളിലേക്കും പാത്രങ്ങളിലേക്കും അടുക്കളയിലെ മറ്റ് പ്രതലങ്ങളിലേക്കും പടരുകയാണ് ചെയ്യുന്നത്.
ദിവസങ്ങൾക്ക് മുൻപ് കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുമോ?
അതെ. ചില ബാക്ടീരിയകളോ വൈറസുകളോ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിക്കാൻ ഏതാനും മണിക്കൂറുകൾ മുതൽ ആഴ്ചകൾ വരെ എടുത്തേക്കാം. അതിനാൽ കുറച്ചു ദിവസം മുൻപ് കഴിച്ച മോശം ഭക്ഷണവും ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാകാം.
ശ്രദ്ധിക്കേണ്ടത്
അടുക്കളയിലെ ചെറിയ അശ്രദ്ധകൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യലിൽ ശുചിത്വം പാലിക്കുക എന്നതാണ് ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
കനത്ത മഴ, കാലവർഷം ശക്തമാകുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ച് സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇന്നലെ കാര്യമായ മഴക്കെടുതികൾ ഈ ജില്ലകളിൽ ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും, ഇന്ന് (08.06.2026) രാവിലെ 8 മണിക്ക് അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പടെ, ആകെ 80 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ രാത്രി കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരം സിറ്റിയിൽ ഇന്ന് ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഒരു ഫേസ്ബുക്ക് വീഡിയോ മാറ്റിമറിച്ച ജീവിതം! ദുബായിൽ കുടുങ്ങിയ ഇന്ത്യൻ യുവതിക്ക് വർഷങ്ങൾക്ക് ശേഷം മോചനം
ദുബായ്: വർഷങ്ങളായി പാസ്പോർട്ട് പോലും കൈയിലില്ലാതെ, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുബായിൽ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശിനിക്ക് രക്ഷയായത് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ. വർഷങ്ങളായി ദുബായിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഹസ്ത മഹാനന്ദയെന്ന സ്ത്രീയെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് മോചിപ്പിച്ച് നാട്ടിലേക്ക് കയറ്റി അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത 2019-ലാണ് യുഎഇയിൽ എത്തിയത്. പിന്നീട് ഒരു തവണ നാട്ടിൽ പോയി 2022-ൽ തിരിച്ചെത്തിയെങ്കിലും അതിനുശേഷം നാട്ടിലേക്ക് പോകാൻ തൊഴിലുടമ ഇവരെ അനുവദിച്ചില്ല. മൂന്ന് വർഷത്തിലേറെയായി നാട്ടിലെ കുടുംബവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇതോടെ ഒഡീഷയിലുള്ള കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നയതന്ത്ര ഇടപെടലിനായി നിർദ്ദേശം നൽകുകയും ചെയ്തു.
ഇതേസമയം തന്നെയാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഹസ്തയുടെ ഫേസ്ബുക്ക് വീഡിയോ പെടുന്നത്. തുടർന്ന് ഓൾ ഇന്ത്യ റേഡിയോയുടെ സഹായത്തോടെ കോൺസുലേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. അവരുടെ പാസ്പോർട്ട് നമ്പർ, വിസ വിവരങ്ങൾ എന്നിവ വഴി സ്പോൺസറെയും കമ്പനി മാനേജരെയും ഉദ്യോഗസ്ഥർ കണ്ടെത്തി. കോൺസുലേറ്റിന്റെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ മെയ് 12-ന് കമ്പനി മാനേജർ ഹസ്തയെ ദുബായ് കോൺസുലേറ്റ് ഓഫീസിൽ നേരിട്ടെത്തിച്ചു.
കോൺസുലേറ്റിൽ എത്തിച്ച ഹസ്തയുടെ വിസയും ലേബർ കോൺട്രാക്റ്റും അധികൃതർ റദ്ദാക്കി. തുടർന്ന് കോൺസുലേറ്റ് പരിസരത്ത് അവർക്ക് 15 ദിവസത്തോളം താമസവും ഭക്ഷണവും ഒരുക്കി നൽകി. ഹസ്തയ്ക്ക് ലഭിക്കാനുണ്ടായിരുന്ന കുടിശ്ശിക ശമ്പളവും മറ്റ് സർവീസ് ആനുകൂല്യങ്ങളും കമ്പനിയെക്കൊണ്ട് വാങ്ങി നൽകാൻ കോൺസുലേറ്റിന് സാധിച്ചു.
‘കമ്പനി എന്നെ നാട്ടിലേക്ക് വിടുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചു. നാല് മാസത്തിന് ശേഷം കോൺസുലേറ്റ് എന്നെ കണ്ടെത്തുകയും രണ്ടാഴ്ചയോളം സംരക്ഷണം നൽകുകയും ചെയ്തു. നാട്ടിൽ 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺമക്കളുണ്ട് എനിക്ക്. ഇപ്പോൾ കോൺസുലേറ്റ് എനിക്ക് നാട്ടിലേക്കുള്ള ടിക്കറ്റും തന്നു, ഞാൻ ഒത്തിരി സന്തോഷത്തിലാണ്’- മോചനത്തിന് ശേഷം ഹസ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് കോൺസുലേറ്റ് ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകിയത്. പ്രവാസ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന സാധാരണക്കാർക്ക് സോഷ്യൽ മീഡിയ എത്രത്തോളം തുണയാകുമെന്നതിന്റെ നേർക്കാഴ്ചയാണ് ഹസ്തയുടെ ഈ മോചനം.
രണ്ട് മാസത്തിനിടെ ആദ്യം, ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ; ബെയ്റൂട്ട് ആക്രമണത്തിന് പ്രതികാരം
ജറുസലേം: ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായി ഇറാൻ ഇസ്രയേലിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തി. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് മേഖലയിൽ യുദ്ധഭീതി ശക്തമാവുകയും അയൽരാജ്യങ്ങളായ ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകൾ താത്കാലികമായി അടക്കുകയും ചെയ്തു.
ഇന്നലെയാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തത്. സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത അടുത്ത 72 മണിക്കൂറത്തേക്ക് അടച്ചതായി പ്രഖ്യാപിച്ചു. സിറിയ ദമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചു. ഒപ്പം തെക്കൻ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് അടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയും അടച്ചിരിക്കുകയാണ്.
ഇറാന്റെ മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. തിരിച്ചടിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങൾ മേഖലയിലെ സമാധാന ചർച്ചകളെ ബാധിക്കുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുമെന്ന് ഇറാന്റെ റെവല്യൂഷനറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
ഫിലിപ്പീൻസിൽ വൻ ഭൂചലനം… സുനാമി മുന്നറിയിപ്പ്
മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. തിങ്കളാഴ്ച മിൻഡാനാവോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം ഉണ്ടായതായി ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ജിയോസയൻസസ് ആണ് അറിയിച്ചത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പലാവു, തായ്വാൻ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വ്യാപകമായി അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
രാജ്യത്തെ 9 പ്രവിശ്യകളിലെ (സാരംഗാനി, ഡാവോ ഒക്സിഡന്റൽ, താവി-താവി, സുലു ഉൾപ്പെടെയുള്ളവ) തീരദേശവാസികളോട് ഉടൻ തന്നെ ഉയർന്ന സ്ഥലങ്ങളിലേക്കോ ഉൾനാടുകളിലേക്കോ മാറാൻ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (PHIVOLCS) ആവശ്യപ്പെട്ടു. നിലവിൽ കടലിലുള്ള ബോട്ടുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലിൽ തന്നെ തുടരണമെന്നും നിർദ്ദേശമുണ്ട്.
വൻ നാശ നഷ്ടമുണ്ടായതായും കെട്ടിടങ്ങൾ തകർന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആളപായമുള്ളതായി റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. തെക്കൻ ഫിലിപ്പീൻസ് നഗരമായ ജനറൽ സാന്റോസിൽ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. സ്കൂൾ തുറന്ന ആദ്യ ദിനമായിരുന്നിട്ടും മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. പ്രദേശത്തെ ആശുപത്രിയിലെ രോഗികളെ സുരക്ഷ മുൻനിർത്തി തെരുവിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ; ചോദ്യം ചെയ്യും മുന്നേ പരമാവധി തെളിവുകൾ ഉറപ്പാക്കാൻ നീക്കം
കൊച്ചി: സി എം ആര് എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു.
എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.
വീണയെ പൂട്ടലോ ലക്ഷ്യം?
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടിൽ വീണയെ പൂട്ടാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡി നടത്തുന്നത്. എസ് എഫ് ഐ ഒ നേരത്തെ കസ്റ്റഡിയിലെടുത്ത പ്രധാന തെളിവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വേണമെന്നാണ് ആവശ്യം. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ അരുൺ കുമാർ ചാരി ആണ് പി എം എൽ എ കോടതിയെ സമീപിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട തെളിവുകളെല്ലാം സി എം ആർ എല്ലും വീണയുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള രേഖകളാണ്. 2016 ഡിസംബർ 30 ന് സി എം ആർ എല്ലുമായി വീണ ഉണ്ടാക്കിയ കരാറിന്റെ പകർപ്പ്, 2017 മാർച്ച് രണ്ടിന് എക്സാലോജിക്കും കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ, എക്സാലോജിക് നൽകിയ സേവനങ്ങളുടെ വിശദാംശങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനിയുടെ ലോൺ വിശദാംശങ്ങൾ, വീണയുമായി കമ്പനി നടത്തിയ ലോൺ ഇടപാട് രേഖകൾ അടക്കം മുഴുവൻ സാമ്പത്തിക ഇടപാട് രേകകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ എക്സാലോജിക്കിലെ ജീവനക്കാരുടേതടക്കമുള്ള മൊഴികളുടെ പകർപ്പും വേണമെന്നാണ് ആവശ്യം. ഇ ഡി ആവശ്യപ്പെട്ട തെളിവുകൾ കൈമാറുന്നതിൽ എസ് എഫ് ഐ ഒ യുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് തെളിവുകളെല്ലാം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കേസിൽ നടപടികളെല്ലാം വേഗത്തിലാക്കാനാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.





































