27.1 C
Kollam
Monday 7th September, 2026 | 08:43:38 AM
Home News Kerala നടുറോഡിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ മൂന്നുപേര്‍ റിമാൻഡിൽ

നടുറോഡിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ മൂന്നുപേര്‍ റിമാൻഡിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ മൂന്നുപേര്‍ റിമാൻഡിൽ. പള്ളിച്ചല്‍ പാരൂര്‍ക്കുഴി പഴയറോഡ് ലക്ഷ്മി വീട്ടില്‍ കാര്‍ത്തികേയന്‍ (21), പുന്നമൂട് ചെമ്മണ്‍ഗാര്‍ഡന്‍സ് ആന്‍സില്‍ നിവാസില്‍ അജിത്ത് (20), ഭഗവതിനട എണ്ണശ്ശേരിവിളാകം അത്തം വീട്ടില്‍ ആരോമല്‍ (21) എന്നിവരെയാണ് റിാൻഡ് ചെയ്തത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പ്രതികൾ അറസ്റ്റിലായത്.


സംഭവത്തിലുൾപ്പെട്ട രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞതായും നരുവാമൂട് പൊലീസ് പറഞ്ഞു. ഒരാളെ ചോദ്യം ചെയ്ത് വരികയാണ്. അയണിമൂട് വൈകുണ്ഠത്തില്‍ അനില്‍കുമാറിന്റെയും സുചിത്രയുടെയും മകനായ ശിവസൂര്യ (18) ആണ് മരിച്ചത്. ശനി രാത്രി എട്ടോടെയാണ് പള്ളിച്ചല്‍ ഭഗവതിനടയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍പോയ ശിവസൂര്യയുമായി പ്രതികളും വാക്കേറ്റമുണ്ടായത്‌.


മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പുന്നമൂട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ മുന്നിലുണ്ടായ തർക്കം അടിയില്‍ കലാശിക്കുകയായിരുന്നു. അടിക്കിടെ റോഡരികിലെ തുണിക്കടയുടെ ഗ്ലാസ് വാതിലിലേക്ക്‌ വീണ് ഗ്ലാസ് നെഞ്ചിൽ തുളച്ചുകയറിയാണ്‌ ശിവസൂര്യക്ക്‌ ഗുരുതര പരിക്കേറ്റത്‌. രക്തം വാര്‍ന്ന് അവശനിലയിലായ ശിവസൂര്യയെ അജിത്തും കാര്‍ത്തികേയനും ബൈക്കിലിരുത്തിയാണ്‌ ആശുപത്രിയിലെത്തിച്ചത്. ഇവരെ ആശുപത്രിയില്‍ നിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌.