Home Blog Page 606

ആദ്യ കുത്തു കേസിൽ ഉന്മേഷിനെ ജാമ്യത്തിലിറക്കിയത് ഷിബു, ചങ്കിനെ തീർത്തത് ഉന്മേഷ് മാത്രമോ

കൊല്ലപ്പെട്ട ഷിബു (ഇടത്) പ്രതി ഉന്മേഷ്

കൊല്ലപ്പെട്ട ഷിബു (ഇടത്) പ്രതി ഉന്മേഷ്

ഷിബു
മദ്യപിച്ചു അബോധാവസ്ഥയിൽ കിടക്കുമ്പോൾ പ്രതി കുത്തിയതെന്ന് സൂചന

ശാസ്താംകോട്ട:കാരാളിമുക്ക്, വലിയവിളയിൽ വീട്ടിൽ ഷിബു (46) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ
കാരാളിമുക്ക് പട്ടകടവ് പ്ലാവിള ചെരുവിൽ ക്രിസ്റ്റഫർ മകൻ ഉന്മേഷ് (50)നെ കോടതി റിമാൻഡ് ചെയ്തു. നേരത്തേയും ഒരു കുത്തു കേസിൽ പ്രതിയായിരുന്ന ഉന്മേഷിനെ ജാമ്യത്തിലിറക്കിയതും നടപടികൾക്ക് തുണ നിന്നതും ഷിബുവായിരുന്നു എന്നത് സുഹൃത്തുക്കൾ ഓർക്കുന്നു. മറ്റാരെങ്കിലും കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കുത്തിയ ആയുധം കണ്ടെടുത്തിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ സത്യം പുറത്തു വരൂ. അതിനിടെ കൊല്ലപ്പെട്ട ഷിബുവിൻ്റെ സംസ്കാരം നടത്തി

ചൊവ്വാഴ്ച വൈകിട്ട്
ഉന്മേഷിൻ്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ  തർക്കത്തിനിടെ ഷിബു കുത്തേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.സംഭവ സമയം അവിവാഹിതനായ ഉന്മേഷിൻ്റെ കാഴ്ച്ച പരിമിതിയുള്ള മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവരുടെ വീടിൻ്റെ തൊട്ടടുത്തായി മറ്റ് വീടുകളുമുണ്ട്.ഇതിനാൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നെങ്കിൽ പരിസരവാസികൾ കേൾക്കേണ്ടതാണ്.എന്നാൽ അസ്വാഭാവികമായി യാതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.മദ്യപിച്ച് അബോധാവസ്ഥയിലായ ഷിബു സോഫയിൽ കിടക്കുമ്പോൾ പ്രതിയായ ഉന്മേഷ് ആയുധമുപയോഗിച്ച് നെഞ്ചിൽ കുത്തി കൊലപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയ ശേഷം പുറത്തു പോയി കറങ്ങി വന്ന ശേഷം പ്രതി തന്നെ മറ്റ് ചിലരോട് കുത്തിയ വിവരം പറയുകയായിരുന്നു.പിക് അപ്പ് ഡ്രൈവർ ആണെങ്കിലും സ്ഥിരമായി ജോലിക്കു പോകുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നില്ല.

മരിച്ച ഷിബു നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.അതിനിടെ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ നാട്ടുകാരും ഷിബുവിൻ്റെ ബന്ധുക്കളും കയ്യേറ്റ ശ്രമം നടത്തി.പോലീസ് വളരെ ബുദ്ധിമുട്ടിയാണ് പരിശോധന പൂർത്തീകരിച്ചത്.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തെളിവെടുപ്പിനായി പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും. മരിച്ച ഷിബുവിന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.അതിനിടെ പ്രതിയായ ഉന്മേഷിൻ്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകൾ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രോഗബാധിതനായ യുവാവ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

Also Read:



ഇന്നലെ രാത്രിയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചിരുന്നു.

ഇടവേളക്ക് ശേഷം വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ ഭീതിയിലും ജാഗ്രതയിലുമാണ് കോഴിക്കോട്. രാമനാട്ടുകര നഗരസഭാ പരിധിയിലെ 43കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവൻ ക്വാറന്‍റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പേരുമായി രോഗിക്ക് സമ്പർക്കമുണ്ടെന്നും റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വാഹനാപകടത്തില്‍ നാലു വയസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര്‍ കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന്‍ ഈസ ആദില്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വര്‍ത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ സര്‍ജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്‌സറിയില്‍നിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.

അത്തിബലെ ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂര്‍ സിദ്ദിഖ് ജുമാമസ്ജിദില്‍. ആദില്‍ ഐടി കമ്പനി ജീവനക്കാരനാണ്.

മാള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശൂരനാട് സ്വദേശി ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.

രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ജോലിക്കു പ്രവേശിക്കാനിരിക്കെയാണ് ദാരുണമായ സംഭവം. രാജേഷിന്റെ താമസസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു എന്നാണ് സൂചന.

തേവര പാലത്തിൽ ലോറി അപകടം, പാലത്തിന്റെ കൈവരി തകർത്ത് താഴേയ്ക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയില്‍ ലോറി

കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണുളളത്. തേവര ജം​ഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്.

ഈ പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിലേക്ക് തൂങ്ങിനിൽക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. പാലത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് ചാർജ്ഉം രോഗിയുടെ കൂട്ടിരുപ്പ് കാർക്ക് ഏർപ്പെടുത്തിയ ചാർജ്ഉം വർധിപ്പിക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റി തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് RSP( ലെനിനിസ്റ്റ്)

ശാസ്താംകോട്ട.
താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് ചാർജ്ഉം. രോഗിയുടെ കൂട്ടിരുപ്പ് കാർക്ക് ഏർപ്പെടുത്തിയ ചാർജ്ഉം വർധിപ്പിക്കാൻ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്ത മായ സമരം നേരിടേണ്ടി വരുമെന്ന് RSP( ലെനിനിസ്റ്റ് ) കുന്നത്തൂർ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. 39 വർഷത്തിനു ശേഷം കുന്നത്തൂർ മണ്ഡലത്തിൽ UDF MLA വന്നപ്പോൾ അദ്ദേഹ ത്തിന്റെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം കുന്നത്തൂർ മണ്ഡലത്തിലെ പാവപ്പെട്ട രോഗികളോടും അവരുടെ കൂട്ടിരുപ്പ് കാരോടും കാണിച്ച ഇരുട്ടടി യാണ് യുഡിഫ് അധികാരത്തിൽ വന്ന ഉടൻ ചെയ്ത ഈ നടപടി എന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ Ex. MLA.
ഉദ്ഘാടനം ചെയ്തു. കോവൂർ മോഹൻ. R. സുരേഷ്‌ ബാബു. സുനിൽ വാമദേവൻ. കെ. കൃഷ്ണൻ കുട്ടി. ജെ. ഹരികുമാർ. ഇടവ ഷാജി. ദീപു. R. എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ.
RSP ( ലെനിനിസ്റ്റ് ) മണ്ഡലo സെക്രട്ടറി യായി
R. സുരേഷ്‌ ബാബു.
അസി. സെക്രട്ടറി മാർ
ജെ. ഹരികുമാർ
കെ. റസീം എന്നിവരെയും തെരെഞ്ഞെടുത്തു

കൊല്ലം-തേനി ദേശീയപാത, കടവൂര്‍ ബൈപ്പാസ് മുതല്‍ ആഞ്ഞിലിമൂട് വരെയുള്ള 55 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ ഭരണ അനുമതി

കൊല്ലം-തേനി ദേശീയപാതയില്‍ കടവൂര്‍ ബൈപ്പാസ് മുതല്‍ ആഞ്ഞിലിമൂട് വരെയുള്ള 55 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ ഭരണ അനുമതി. 1663 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടങ്ങി വിവിധ പ്രവൃത്തികള്‍ക്കാണ് ഈ തുക. 24 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

20 മീറ്റര്‍ വീതിയില്‍ നാലുവരി പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ 24 മീറ്റര്‍ വീതിയില്‍ റോഡ് വേണം എന്നാണ് എംപിയുടെ അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാലങ്ങള്‍, കലുങ്കുകള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, അണ്ടര്‍ പാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് വികസനം

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ”കുന്നത്തൂർ, ചാരുംമൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന കൊല്ലം – തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിന്റെ വികസനത്തിനായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതിയാണ് നൽകിയിരിക്കുന്നത്.

നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് ഈ ഭാഗം വികസിപ്പിക്കുന്നത്. മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. യാത്രക്കാരുടെ സൗകര്യത്തിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽ.ഇ.ഡി. ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും സ്ഥാപിക്കും. കൊല്ലം ബൈപ്പാസ്, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, കൊല്ലകടവ്, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും. കൂടാതെ ചിറ്റുമല, മൂന്നു മുക്ക്, കടപ്പുഴ, പുന്നമൂട്, ഊക്കൻമുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര, ചുനക്കര, കൊടുകുളഞ്ഞി, പണിപ്പുരപ്പടി എന്നിവയുൾപ്പെടെ 18 ചെറു ജംഗ്ഷനുകളും നവീകരിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം, കുണ്ടറ, കുന്നത്തൂർ, ഭരണിക്കാവ്, ചാരുംമൂട്, ചെങ്ങന്നൂർ മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയുകയും ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. വ്യാപാര, വ്യവസായ, കാർഷിക, വിനോദസഞ്ചാര മേഖലകൾക്ക് പുതിയ സാധ്യതകൾ തുറന്നുകിട്ടും. ദീർഘകാലമായി വികസനത്തിന്റെ കാത്തിരിപ്പിലായിരുന്ന മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഇത് വലിയ ഉത്തേജനമാകും. എന്നാൽ, ആദ്യഘട്ടത്തിൽ ദേശീയപാത അതോറിറ്റി അംഗീകരിച്ചിരുന്നതുപോലെ നിലവിലുള്ളതും ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്നതുമായ വാഹനപ്പെരുപ്പം കണക്കിലെടുത്ത് ഈ പാത 24 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഈ ആവശ്യം വീണ്ടും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടൽ നടത്തും.”

‘സ്ത്രീകളെ പോലെ അമ്മ പ്രസവിച്ചത് തന്നെയാണ് ഞങ്ങളെയും’: കെഎസ്ആർടിസി തടയുമെന്ന് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. സൗജന്യയാത്ര ആരംഭിക്കുന്ന ജൂൺ 15ന് ബസുകൾ തടയുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപനം. അന്നേ ദിവസം ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

സ്ത്രീ വിരുദ്ധതയല്ല പറയുന്നതെന്നും പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമാണ് സൗജന്യയാത്ര നൽകേണ്ടതെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. ‘ലക്ഷക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് എന്തിനാണ് സൗജന്യയാത്ര. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്ത് നിന്നും നീതി കിട്ടുന്നില്ല. പുരുഷന്മാർ വോട്ട് ബാങ്ക് ആണ്. സ്ത്രീകളുടെ വോട്ട് നേടണമെങ്കിൽ ഇങ്ങനെയുള്ള ആനുകൂല്യങ്ങൾ നൽകണം. ബസിൽ പുരുഷന്മാർക്കും സീറ്റ് സംവരണം വേണം. സ്ത്രീകളെ പോലെ തന്നെ അമ്മ പ്രസവിച്ചത് തന്നെയാണ് പുരുഷന്മാരെയും. ആനുകൂല്യം എല്ലാവർക്കും ഒരുപോലെ ലഭിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും വയോധികർക്കും സൗജന്യയാത്ര നൽകുന്നതിൽ തെറ്റില്ല.’- മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു.

വ്യാജ സ്വര്‍ണക്കട്ടി കേസില്‍ ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

തൃശൂര്‍: വ്യാജ സ്വര്‍ണക്കട്ടി കേസില്‍ പ്രതി ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍. പത്തനംതിട്ട മാധവ മംഗലത്ത് ഷാജിയാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്.

Also Read:

സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് സ്വര്‍ണ കട്ടികള്‍ തരാമെന്ന് പറഞ്ഞ് വ്യാജമായി വലിയ സ്വര്‍ണ കട്ടികള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാള്‍ മുന്‍പ് പാവറട്ടി സ്റ്റേഷനില്‍ വ്യാജ സ്വര്‍ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്.

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

സംസ്ഥാനത്തെ  സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍ർണത്തിന് 195 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വ‍ർണത്തിന് ഒറ്റയടിക്ക് 1,560 രൂപയുടെ ഇടിവാണ് വിപണിയിൽ ഉണ്ടായത്.

Also Read:




ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും, ഒരു പവൻ സ്വ‍ർണത്തിന് 1,06,800 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ വൈകിട്ടും വില കുറഞ്ഞ് പവന് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തെ ഇടവേളയ്ക്കുള്ളിൽ മാത്രം പവന് 4,720 രൂപയോളമാണ് വിപണിയിൽ കുറഞ്ഞിരിക്കുന്നത്.


അതേസമയം സ്വർണവില കുത്തനെ താഴേക്ക് പോകുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 260 രൂപയായി ഉയ‍ർന്നു. ഇതോടെ 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വിപണിയിലെ നിരക്ക്. സ്വർണവിലയിൽ തുടർച്ചയായുണ്ടാകുന്ന ഈ ഇടിവ് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.