പട്ടകടവ് കൊലപാതകം:മരിച്ച ഷിബു
മദ്യപിച്ചു അബോധാവസ്ഥയിൽ കിടക്കുമ്പോൾ പ്രതി കുത്തിയതെന്ന് സൂചന
ശാസ്താംകോട്ട:കാരാളിമുക്ക്, വലിയവിളയിൽ വീട്ടിൽ ഷിബു (46) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ
കാരാളിമുക്ക് പട്ടകടവ് പ്ലാവിള ചെരുവിൽ ക്രിസ്റ്റഫർ മകൻ ഉന്മേഷ് (50)നെ കോടതി റിമാൻഡ് ചെയ്തു. നേരത്തേയും ഒരു കുത്തു കേസിൽ പ്രതിയായിരുന്ന ഉന്മേഷിനെ ജാമ്യത്തിലിറക്കിയതും നടപടികൾക്ക് തുണ നിന്നതും ഷിബുവായിരുന്നു എന്നത് സുഹൃത്തുക്കൾ ഓർക്കുന്നു. മറ്റാരെങ്കിലും കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കുത്തിയ ആയുധം കണ്ടെടുത്തിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ സത്യം പുറത്തു വരൂ. അതിനിടെ കൊല്ലപ്പെട്ട ഷിബുവിൻ്റെ സംസ്കാരം നടത്തി
ചൊവ്വാഴ്ച വൈകിട്ട്
ഉന്മേഷിൻ്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ ഷിബു കുത്തേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.സംഭവ സമയം അവിവാഹിതനായ ഉന്മേഷിൻ്റെ കാഴ്ച്ച പരിമിതിയുള്ള മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവരുടെ വീടിൻ്റെ തൊട്ടടുത്തായി മറ്റ് വീടുകളുമുണ്ട്.ഇതിനാൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നെങ്കിൽ പരിസരവാസികൾ കേൾക്കേണ്ടതാണ്.എന്നാൽ അസ്വാഭാവികമായി യാതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.മദ്യപിച്ച് അബോധാവസ്ഥയിലായ ഷിബു സോഫയിൽ കിടക്കുമ്പോൾ പ്രതിയായ ഉന്മേഷ് ആയുധമുപയോഗിച്ച് നെഞ്ചിൽ കുത്തി കൊലപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയ ശേഷം പുറത്തു പോയി കറങ്ങി വന്ന ശേഷം പ്രതി തന്നെ മറ്റ് ചിലരോട് കുത്തിയ വിവരം പറയുകയായിരുന്നു.പിക് അപ്പ് ഡ്രൈവർ ആണെങ്കിലും സ്ഥിരമായി ജോലിക്കു പോകുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നില്ല.
മരിച്ച ഷിബു നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.അതിനിടെ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ നാട്ടുകാരും ഷിബുവിൻ്റെ ബന്ധുക്കളും കയ്യേറ്റ ശ്രമം നടത്തി.പോലീസ് വളരെ ബുദ്ധിമുട്ടിയാണ് പരിശോധന പൂർത്തീകരിച്ചത്.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തെളിവെടുപ്പിനായി പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും. മരിച്ച ഷിബുവിന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.അതിനിടെ പ്രതിയായ ഉന്മേഷിൻ്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും പതിവാണെന്ന് നാട്ടുകാർ പറയുന്നു.



































