Home News Kerala സൈബറിടത്ത് വീണ്ടും വൈറലായി ലാലേട്ടന്റെ ആ ഫുട്ബോൾ ഗാനം

സൈബറിടത്ത് വീണ്ടും വൈറലായി ലാലേട്ടന്റെ ആ ഫുട്ബോൾ ഗാനം

ഫുട്ബോൾ മാമാങ്കത്തിന്റെ ലഹരിയിലാണ് ലോകമെമ്പാടുമുളള ഫുട്ബോള്‍ ആരാധകര്‍. നാടെങ്ങും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും മറ്റും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സൈബറിടത്തും പ്രിയപ്പെട്ട ടീമിന്‍റെ ചിത്രങ്ങളും വിഡിയോസും പങ്കുവയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. ഇതിനിടയില്‍ വീണ്ടും തരംഗമായി മാറുകയാണ് ലാലേട്ടന്‍ പഴയ ഫുട്ബോള്‍ ഗാനം. 2022ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഇറക്കിയ ‘ഒരേ വികാരം, ഒരേ വിചാരം, ഒരു മതം അത് ഫുട്ബോള്‍’ എന്ന ട്രിബ്യൂട്ട് ഗാനമാണ് വീണ്ടും സോഷ്യൽ മീഡിയ കീഴടക്കുന്നത്. 



ഷക്കീറ പാടിയഭിനയിച്ച ‘ദായ് ദായ്’ എന്ന 2026 ലോകകപ്പ് ഔദ്യോഗിക ഗാനത്തെക്കാള്‍ എത്രയോ മികച്ചതാണ് ലാലേട്ടന്‍റെ ഈ പാട്ട് എന്നാണ് സൈബര്‍ ലോകത്തിന്‍റെ ചോദ്യം. കൊളംബിയൻ ഗായികയായ ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റിൽ പ്രശസ്തനായ ബുർണ ബോയിയും ചേര്‍ന്നാലപിച്ച ലോകകപ്പ് ഔദ്യോഗിക ഗാനത്തേക്കാളും കാല്‍പ്പന്തുകളിയുടെ ആവേശം നിറയ്ക്കുന്നത് ലാലേട്ടന്‍റെ പാട്ടാണെന്ന് സോഷ്യല്‍ ലോകം പറയുന്നു. മോഹന്‍ലാല്‍ പാടിയഭിനിയിച്ചിരിക്കുന്ന ഗാനം സംവിധാനം ചെയ്തത് ടി കെ രാജീവാണ്. 


കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. പാട്ടിനെക്കാള്‍ ആവേശം പകരുന്നത് മോഹന്‍ലാലിന്‍റെ നൃത്തവും ഊര്‍ജവുമാണെന്നും ഫുട്ബോള്‍ പ്രേമികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. പാട്ടിനിടിയിലെ സാംബ താളം എന്ന വരികള്‍ ആദ്യം കേട്ടപ്പോള്‍ പലരും തെറ്റിധരിച്ചു പാടിയത് സാമ്പാര്‍ താളം ബ്രസീല്‍ എന്നായിരുന്നു. എന്നാല്‍ അത് സാംബ താളം എന്നാണെന്നും സൈബറിടത്ത് കമന്‍റുകളുയര്‍ന്നു. അത്രമാത്രം വൈറലായി മാറിയിരിക്കുകയാണ് ലാലേട്ടന്‍റെ ഫുട്ബോള്‍ ഗാനം.