30.3 C
Kollam
Friday 11th September, 2026 | 12:29:38 PM
Home News Kerala ബേപ്പൂരിൽ ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്

ബേപ്പൂരിൽ ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്

കോഴിക്കോട് : ബേപ്പൂർ നടുവട്ടത്ത് ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് തീ പിടിത്തമുണ്ടായത്. എണ്ണ നിർമാണത്തിനായി കൊപ്ര സൂക്ഷിച്ചിരുന്നിടത്താണ് തീ പടർന്നത്.


അഗ്നിരക്ഷാ സേനയുടെ ഒൻപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചുവെന്നാണ് ലഭിക്കുന്ന പുതിയ വിവരം. തീപിടിത്തത്തിൽ മില്ലിലെ യന്ത്രസാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. കൊപ്ര ഡ്രയറിൽ നിന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.


നടുവട്ടം വെസ്റ്റ് മാഹി രേണുക ഓയിൽ മില്ലിലാണ് തീ ആളിപ്പടർന്നത്. കൊപ്രയാട്ടി വെളിച്ചെണ്ണയാക്കി വിൽക്കുന്ന മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും കൊപ്രയും വൻ തോതിൽ കത്തിനശിച്ചു. തീ ആളിപ്പടരാൻ തുടങ്ങിയതോടെ ജനവാസമേഖലയായ പ്രദേശമാകെ ഭീതി പടർന്നു. നടുവട്ടം വെസ്റ്റ് മാഹി പോത്തഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽ. മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നായി ഒൻപത് യൂണിറ്റ് അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരുമൊന്നിച്ച് രണ്ടുമണിക്കൂറിലേറെ നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. എണ്ണയാട്ടുന്നതിനായി സൂക്ഷിച്ച നിരവധി ചാക്ക് കൊപ്രയും പിണ്ണാക്കും നാട്ടുകാർ എടുത്തുമാറ്റിയെങ്കിലും കിന്റൽ കണക്കിന് വെളിച്ചെണ്ണയും ടൺ കണക്കിന് കൊപ്രയും ഉപകരണങ്ങളും അഗ്നിക്കിരയായി.