ആലപ്പുഴ. ലിയോ തേർട്ടീന്ത് സ്കൂളിന് സമീപത്ത് ഒക്ടോബർ 14 ന് ഉണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ വിഷ്ണു മരിച്ച സംഭവത്തിൽ വിചിത്ര റിപ്പോർട്ടുമായി കെഎസ്ഇബി .അപകടത്തിനിടയാക്കിയ വൈദ്യുതി തങ്ങളുടേതല്ല എന്ന് കെഎസ്ഇബിയുടെ പ്രഥമ വിവര റിപ്പോർട്ട്.റിപ്പോർട്ട് തയ്യാറാക്കിയത് അന്വേഷണം നേരിടേണ്ട ഉദ്യോഗസ്ഥർ തന്നെയെന്ന് ജീവനക്കാരുടെ സംഘടനകൾ.കൃത്യമായ എർത്തിങ് നടത്തിയില്ല എന്നും ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും കടുത്ത ഉദാസീനത തുടരുന്നതായും ജീവനക്കാരുടെ സംഘടനകൾക്ക് പ്രതിഷേധം.
KSEB , യിലെ കരാർ ജീവനക്കാരനായ വിഷ്ണുവിന്റെ മരണം കഴിഞ്ഞ് 14 ദിവസം പിന്നിട്ടപ്പോഴാണ് പ്രാഥമിക റിപ്പോർട്ട് പുറത്തുവരുന്നത്.ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളിലാണ് ജീവനക്കാർക്കിടയിൽ രോഷം തിളക്കുന്നത്.തങ്ങളുടെ വൈദ്യുതി അല്ല അപകടമുണ്ടാക്കിയത് എന്ന് കെഎസ്ഇബി പറയുമ്പോൾ വൈദ്യുതി എവിടെ നിന്ന് എത്തി എന്ന് പറയേണ്ടേ എന്ന ചോദ്യമാണ് ഉയരുന്നത്.
പുറത്തുനിന്നുള്ള വൈദ്യുതി ആണെങ്കിൽ അതിൻറെ ഉറവിടം കണ്ടെത്താൻ പരിശോധനയും നടത്തിയില്ല എന്നും സംഘടനകൾ. അപകടത്തിൽ ആരോപണ വിധേയരായവർ തന്നെ ഒരു വീഴ്ചയും ഉണ്ടായില്ല എന്ന് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കും എന്നും ചോദ്യം ഉയരുന്നു. അപകടമുണ്ടായ സമയത്ത് സുരക്ഷാ സംവിധാനങ്ങളെല്ലാം കൃത്യമായി പാലിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും സംവിധാനം കൃത്യമല്ലായിരുന്നു എന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.ജോലി നടന്ന സ്ഥലം എർത്തിങ് സംവിധാനം സ്ഥാപിക്കാൻ പറ്റാത്ത വിധം ടാറിങ്ങും കോൺക്രീറ്റും നിറഞ്ഞതായിരുന്നു.ഇത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥ ജോലി സമയത്ത് അവിടെ എത്തിയതുമില്ല.ഈ വിവരവും റിപ്പോർട്ടിൽ നിന്ന് മറച്ചുവച്ചു.വൈദ്യുതി എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താൻ മീറ്റർ ഡേറ്റ റിപ്പോർട്ടും തയ്യാറാക്കിയിരുന്നില്ല.ഇലവൻ കെവി ലൈനിൽ ജോലി നടക്കുമ്പോൾ സമീപത്തെ എല്ലാ ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യണമെന്ന് നിബന്ധനയും പാലിച്ചില്ല.ഇതിനു പുറമേ കരാർ ജീവനക്കാർ കെഎസ്ഇബി നിർദേശിച്ച സുരക്ഷ ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടോ എന്നതും ഉറപ്പാക്കിയിരുന്നില്ല.ഇതെല്ലാമാണ് ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതിന്റെ പ്രധാന കാരണങ്ങൾ.
ഈ കാരണങ്ങൾ റിപ്പോർട്ടിൽ വന്നാൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.ഇത് ഒഴിവാക്കാനാണ് അന്വേഷണം റിപ്പോർട്ടിൽ അട്ടിമറി നടന്നത് എന്ന പരാതിയും ശക്തമാണ്.അപകടത്തെക്കുറിച്ച് ടെക്നിക്കൽ വിഭാഗം സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.വിഷ്ണുവിൻറെ മരണത്തോടെ നാലുമാസം പ്രായമുള്ള കുഞ്ഞും വിഷ്ണുവിന്റെ കുടുംബവും നാഥനില്ലാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.



































